യു. ഭരതന് ആയുർവേദ നഗരത്തിന്റെ യാത്രാമൊഴി
text_fieldsകോട്ടക്കല്‍: അന്തരിച്ച ലീന ഗ്രൂപ് ഡയറക്ടർ യു. ഭരതന് കോട്ടക്കലിന്റെ യാത്രാമൊഴി. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. വ്യവസായ സംരംഭകനോടപ്പം സഹൃദയൻ, കലാകാരൻ എന്ന നിലയിലും നല്ല വ്യക്തിത്വമായിരുന്നു. ഗായകൻ തിമിലവാദകൻ എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു. ലീന ഗ്രൂപ്പിന് കീഴിലുള്ള ജീവനക്കാരുടെ കല, സാഹിത്യ അഭിരുചി കൈ പിടിച്ചുയർത്തുന്നതില്‍ മുൻനിരയിലുണ്ടായിരുന്നു. കോട്ടക്കലില്‍ പഞ്ചവാദ്യക്കളരി ഉണ്ടാക്കിയതിനൊപ്പം തിമില പഠിച്ച് അരങ്ങേറ്റവും നടത്തി. വിവിധ ഉത്സവങ്ങള്‍ക്ക് തിമിലവാദനവും നടത്തി ശ്രദ്ധേയനായി. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരുടെ വീടുനിര്‍മാണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടപെട്ട് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. കോട്ടക്കല്‍ ലീന തിയറ്റര്‍ ഉടമ എന്നതിനോടപ്പം തിയറ്റര്‍ ഉടമകളുടെ സംസ്ഥാന ഭാരവാഹിയെന്ന നിലയിൽ വിവിധ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു.
നടന്മാർ, സംവിധായകർ, നിർമാതാക്കൾ എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മന്ത്രി വി. അബ്ദുറഹ്മാൻ, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, നഗരസഭ അധ്യക്ഷ ബുഷ്റ ഷബീർ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ, എഴുത്തുകാരി സാറാ ജോസഫ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.