ഉമ്മയുടെ മരണനേരത്ത് സിദ്ദീഖ് കാപ്പന്‍റെ പതിവില്ലാത്ത കോൾ; 'ഉമ്മ പോയല്ലേ...' എന്ന് ചോദിച്ചു സംസാരം മുറിഞ്ഞു
text_fieldsമലപ്പുറം: ഇന്ന് രാവിലെയും മഥുര ജയിലിൽ നിന്ന് സിദ്ദീഖ് കാപ്പൻ വീട്ടിലേക്ക് വിളിച്ചു. ഭാര്യ റൈഹാനത്തുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. ഈ ലോകത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം പറയുന്ന ഉമ്മ ഖദീജക്കുട്ടിയുടെ അസുഖവിവരങ്ങളെക്കുറിച്ചായിരുന്നു ഇന്നലെ വരെ ചോദ്യമെങ്കിൽ ഇന്ന് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു. എപ്പോഴാണ് ഉമ്മയെ ഖബറടക്കിയത്, മയ്യിത്ത് നമസ്കരിക്കാൻ കുറേപ്പേർ ഉണ്ടായിരുന്നോ, മയ്യിത്ത് വീട്ടിൽ നിന്നിറക്കുമ്പോൾ മഴയുണ്ടായിരുന്നോ... അങ്ങനെയങ്ങനെ ഒരുപാട് ചോദ്യങ്ങൾ.
ഭാര്യ റൈഹാനത്തിന് പലപ്പോഴും ശബ്ദമിടറിയെങ്കിലും ഒരുനാൾ ജയിൽ മോചിതനായി എത്തുമ്പോൾ വഴിക്കണ്ണുനട്ട് വീടിൻറെ ഉമ്മറത്ത് ഉമ്മയുണ്ടാവില്ലെന്ന യാഥാർഥ്യം സിദ്ദീഖ് ഉൾക്കൊണ്ടുതുടങ്ങിയിട്ടുണ്ട്.
മിക്ക ദിവസങ്ങളിലും രാവിലെ സിദ്ദീഖ് വേങ്ങര പൂച്ചോലമാട്ടെ വീട്ടിലേക്ക് വിളിക്കും. നാല് മിനിറ്റ് മാത്രം സംസാരിക്കാനാണ് അനുമതി. വെള്ളിയാഴ്ച രാവിലെയും വിളിച്ചു ഉമ്മയുടെ വിവരങ്ങൾ ചോദിച്ചു. ഗുരുതരാവസ്ഥയിൽത്തന്നെയാണെന്ന് വീട്ടുകാർ പറഞ്ഞു. തനിക്കും സുഖമില്ലെന്നും രണ്ട് മിനിറ്റ് ബാക്കിവെച്ച് വൈകുന്നേരം വിളിക്കാമെന്നും അറിയിച്ച് സിദ്ദീഖ് ഫോൺ കട്ട് ചെയ്തു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വീണ്ടും കോൾ വന്നു. ഉമ്മയുടെ അന്ത്യനിമിഷങ്ങളായിരുന്നു അപ്പോൾ. മരണം സ്ഥിരീകരിക്കാത്തതിനാലും പെട്ടെന്ന് ഉൾക്കൊള്ളാനാവുമോയെന്ന ആശങ്കയുള്ളതിനാലും ബന്ധുക്കൾ കൂടുതൽ കാര്യങ്ങൾ പറഞ്ഞതുമില്ല. ഇതോടെ റൈഹാനത്തിന് ഫോൺ കൈമാറാൻ സിദ്ദീഖ് ആവശ്യപ്പെട്ടു. 'ഉമ്മ പോയല്ലേ...' എന്നും ചോദിച്ചു സംസാരം അവസാനിപ്പിക്കുകയായിരുന്നു.
പിന്നീട് അഭിഭാഷകൻ വഴിയാണ് സാവകാശത്തോടെ കാര്യങ്ങൾ ധരിപ്പിച്ചത്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടി മാത്രം ജാമ്യത്തിന് അപേക്ഷിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും വേണ്ടെന്നായിരുന്നു സിദ്ദീഖിൻറെ മറുപടി. എത്രയും വേഗം ഖബറടക്കം നടത്തുന്നതാണ് ഉമ്മയുടെ മയ്യിത്തിനോട് ചെയ്യുന്ന നീതിയെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. തുടർന്ന് വെള്ളിയാഴ്ച രാത്രി 9.30ഓടെ മൃതദേഹം ഖബറടക്കി. ഒന്നോ രണ്ടോ ദിവസത്തേക്ക് വീട്ടിൽ വന്നാൽ തിരിച്ചുപോവാൻ മനസ്സ് അനുവദിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു. മുമ്പ് നൽകിയ ജാമ്യാപേക്ഷ ജൂൺ 22ന് മഥുര കോടതി പരിഗണിക്കുന്നുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ചുകാത്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.