വി.കെ. അബ്ദു -ഐ.ടി എഴുത്തിെൻറ കാരണവർക്ക് വിട
text_fieldsകേരളത്തിലെ ഐ.ടി രംഗത്തിെൻറ വളർച്ചയുടെ പാതയിൽ വി.കെ. അബ്ദുസാറിെൻറ പേര് അതർഹിക്കുന്ന രീതിയിൽത്തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്.
കാരണം മറ്റൊന്നുമല്ല, ഒരു സാങ്കേതികവിദ്യ പുതുതായി കടന്നുവരുമ്പോൾ ഏറ്റവും ശ്രദ്ധയർഹിക്കേണ്ട രംഗം അതിെൻറ ബോധവത്കരണവും വ്യാപനവുമാണ്.
കമ്പ്യൂട്ടറിനെപ്പറ്റി മലയാളി കേട്ടുതുടങ്ങിയ തൊണ്ണൂറുകളുടെ പകുതിമുതൽത്തന്നെ ഇതിനെപ്പറ്റി ഗൗരവതരമായി പഠിക്കുകയും എഴുതുകയും ചെയ്ത വി.കെ.അബ്ദു കൃത്യമായ അടിത്തറയിട്ടത് ഐ.ടി എഴുത്ത് എന്ന ജേണലിസം ഉപശാഖയുടെ ആവിർഭാവത്തിനുതന്നെയാണ്. ആ അർഥത്തിൽ മലയാളത്തിെൻറ ഐ.ടി എഴുത്തിെൻറ കാരണവർ എന്നു തന്നെ അബ്ദു സാറിനെ രേഖപ്പെടുത്താം.
അന്ന് കോളജ് വിദ്യാർഥികളായിരുന്ന ഞങ്ങളിൽ പലരെയും അബ്ദു സാർ വിളിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഔപചാരികമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ഒരാളാണ് അബ്ദുസാർ എന്നറിയുമ്പോൾ അത്ഭുമായിരുന്നു.
എന്നാൽ സാങ്കേതിക കാര്യങ്ങൾ അത്രക്ക് അപ്ഡേറ്റ് ആയിരുന്നു. എന്തൊക്കെ പുതിയ കാര്യങ്ങൾ കമ്പ്യൂട്ടർരംഗത്ത് വരുന്നു എന്ന് അറിഞ്ഞുകൊണ്ടിരിക്കുമ്പോൾതന്നെ ഇ-ഗേവണൻസ് ആയാലും അക്ഷയയുടെ വർത്തമാനം ഒക്കെ ജനങ്ങളെ എഴുത്തിലൂടെ അറിയിച്ചിരുന്നത്, കേരളത്തിെൻറ ഐ.ടി സാക്ഷരതയിൽ നിസ്തുലമായ സംഭാവന ആയിരുന്നു.
ഐ.ടിക്കു മാത്രമായി ഒരു മുഴുവൻ പേജ് മാധ്യമം ദിനപത്രം ആഴ്ചയിലൊരിക്കൽ നീക്കിെവച്ചത് പത്രം കാലത്തിനുമുേന്ന നടക്കുന്നതിെൻറ മികച്ച ഉദാഹരണമാണ്. അതിന് നേതൃത്വം വഹിച്ചത് അബ്ദുസാറായിരുന്നു. ഇതിനായി മികച്ച ഉള്ളടക്കംതന്നെ ഉണ്ടാകണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കുറഞ്ഞത് അര ഡസൻ മലയാള ഐ.ടി പുസ്തകങ്ങൾ പരമ്പരയായി ആദ്യം അച്ചു നിരന്നത് ഇൻഫോ മാധ്യമം താളുകളിലൂടെയായിരുന്നു.
അന്ന് ഐ.ടി വിഷയങ്ങൾ നൽകി എഴുതാൻ കുറെയധികം ചെറുപ്പക്കാരെ പ്രേരിപ്പിക്കുകയായിരുന്നു. ഒരുപക്ഷേ, ആ സ്നേഹനിർബന്ധങ്ങൾ ഒന്നുകൊണ്ടു മാത്രമാണ് ഒരു മെക്കാനിക്കൽ എൻജിനീയറായ ഞാൻ ഐ.ടി തൽപരനായതും പിന്നീട് ഐ.ടിയെ ഗൗരവതരമായി സമീപിക്കാൻ തുടങ്ങിയതും.
അക്കാലത്ത് ഒരു ബാങ്ക് അക്കൗണ്ടുതന്നെ എടുത്തത് ഇൻഫോ മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ പ്രതിഫലമായിവരുന്ന ഡി.ഡി യും ചെക്കും ഒക്കെ മാറാൻ വേണ്ടിയായിരുന്നു. കെ.അൻവർ സാദത്ത്, ഡോ.ബി.ഇക്ബാൽ, ടി.വി.സിജു തുടങ്ങിയവരൊക്കെ ഇൻഫോ മാധ്യത്തിൽ തുടർച്ചയായി എഴുതാറുണ്ടായിരുന്നു.
കൂടുതൽ പേരിലേക്ക് സൈബർ സാക്ഷരത എത്തിക്കുന്നതിന് പ്രാദേശികവും വികേന്ദ്രീകൃതവുമായ കൂട്ടായ്മകൾ ആവശ്യമാെണന്ന് മനസ്സിലാക്കി മാധ്യമം കമ്പ്യൂട്ടർ ക്ലബുകൾ ഉണ്ടാക്കി.
ഈ കൂട്ടായ്മയിലൂടെ എത്രയെത്ര പുതുനാമ്പുകൾ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എന്നിവയെ അടുത്തറിഞ്ഞ് പിന്നീട് അതിൽതന്നെ പഠനം നടത്തി ഇപ്പോൾ ജോലി ചെയ്യുന്നുണ്ടാകും. ഇൻഫോ മാധ്യമം സവിശേഷശ്രദ്ധ പതിപ്പിച്ചത് അനൗപചാരിക ഐ.ടി വിദ്യാഭ്യാസം മാത്രമായിരുന്നില്ല, സൈബർ കരിയർ വഴികൾ കൂടിയായിരുന്നു.
ഐ.ടിയുടെ ചരിത്രവും വർത്തമാനവും പുതു മാറ്റങ്ങളുമൊക്കെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ അബ്ദു സാർ വഹിച്ച താൽപര്യം കേരളത്തിെൻറ ഐ.ടി ബോധവത്കരണത്തിൽ ഗുണപരമായ മാറ്റമാണ് ഉണ്ടാക്കിയത്. ലോകമെങ്ങും വാഴ്ത്തിപ്പാടുന്ന ഐ.ടി സാക്ഷരത പരിപാടി അക്ഷയ സംരംഭം അത് അർഹിക്കുന്ന പ്രാധാന്യത്തോടെ ആദ്യം റിപ്പോർട്ട് ചെയ്തത് അദ്ദേഹമായിരുന്നു.
അബ്ദു സാർ വിടവാങ്ങുന്നത് ഐ.ടി രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചിട്ടു തന്നെ. വളരെ സൗമ്യമായി ഇടപെട്ടിരുന്ന സാർ പല പരിപാടികൾക്കും വിളിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം നടത്തിവന്ന ഐ.ടി സാമൂഹിക സംരംഭം സന്ദർശിക്കാനും അവസരം ലഭിക്കുകയുണ്ടായി. മനസ്സുകൊണ്ട് സാർ ഞങ്ങളേക്കാൾ ചെറുപ്പമായിരുന്നു. പുതുകാര്യങ്ങളെ പുൽകുന്നതിൽ വി.കെ. അബ്ദു ഒരു വിസ്മയമായിരുന്നു.
പുതിയ വിവരങ്ങളും നിരന്തരം പുതുക്കപ്പേടേണ്ടതിെൻറ അനിവാര്യതയുമായി അബ്ദു സാഹിബ് ഇനി നമ്മോടൊപ്പമില്ല. വിട, എന്നുമെന്നും ഓർമയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.