പി.എ. ഇബ്രാഹിം ഹാജി; ഹൃദയവിശാലതയുടെ ആൾരൂപം
text_fieldsഇടപഴകിയ ഓരോ വ്യക്തിയുടെ മനസ്സിലും സ്നേഹമുദ്ര ചാർത്തി ജീവിച്ച ആ വലിയ മനുഷ്യൻ വിടപറഞ്ഞിരിക്കുന്നു. വൈവിധ്യമാർന്ന വ്യാപാര-വാണിജ്യ മേഖലകളിലേക്ക് ഇറങ്ങിച്ചെന്ന് വിജയത്തിെൻറ പൊന്നുവിളയിച്ചയാളാണ് ഏവരും സ്നേഹപൂർവം ഹാജിക്കയെന്നും ഹാജി സാബ് എന്നും വിളിച്ചുപോന്ന പി.എ. ഇബ്രാഹിം ഹാജി. എന്നാൽ, ആ വിജയങ്ങളേക്കാൾ തിളക്കമേറിയതായിരുന്നു അദ്ദേഹത്തിെൻറ വ്യക്തിത്വ മികവും ജീവകാരുണ്യ ഔത്സുക്യവും.
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളാരംഭിച്ച ഹാജി വളരുന്ന തലമുറക്ക് ഉത്തമ വഴികാട്ടിയായിരുന്നു. പ്രവാസി കുടുംബങ്ങൾക്ക് താങ്ങാവുന്ന രീതിയിൽ, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കാൻ ശ്രദ്ധപുലർത്തി. അദ്ദേഹത്തിെൻറ യു.എ.ഇയിലുള്ള വിദ്യാസ്ഥാപനത്തിലേക്ക് ഒരിക്കൽ എന്നെ ക്ഷണിച്ചത് സ്നേഹപൂർവം ഓർക്കുന്നു. വിദ്യാർഥികൾക്കിടയിലേക്ക് ക്രിക്കറ്റ് ബാറ്റുമേന്തി പ്രത്യക്ഷപ്പെട്ട അദ്ദേഹം എന്നെയും കളിക്കാൻ നിർബന്ധിച്ചു. കുട്ടികളുമായി ക്ഷമയോടെ സംസാരിച്ചും അവരെ ശ്രദ്ധാപൂർവം ശ്രവിച്ചും ജനറേഷൻ ഗ്യാപ് എന്ന വലിയ ദൂരത്തെ എത്ര നിഷ്പ്രയാസമാണ് അദ്ദേഹം മറികടന്നിരുന്നത്.
ഓരോ വർഷവും വ്യത്യസ്തവും ക്രിയാത്മകവുമായ ഉദ്യമങ്ങളിലൂടെ തെൻറ സ്കൂളുകളിലെ കുട്ടികളെ ഗിന്നസ് റെക്കോഡ് നേട്ടങ്ങളുടെ ഭാഗമാക്കി. റോബോട്ടിക്സിെൻറയും നവ സാങ്കേതികവിദ്യയുടെയുമെല്ലാം സാധ്യതകൾ മനസ്സിലാക്കുന്നതിലും നടപ്പിൽ വരുത്തുന്നതിലും മാത്രമല്ല, മാധ്യമപ്രവർത്തകർക്കും യുവ സംരംഭകർക്കുമെല്ലാം അതു പകർന്നുനൽകുന്നതിലും ഉത്സാഹം കാണിച്ചു. കുട്ടികളോടു മാത്രമല്ല, ആരോടും സ്നേഹവും കാരുണ്യവും ദാക്ഷിണ്യവും കലർന്ന സൗമ്യഭാഷയിലേ അദ്ദേഹം സംസാരിച്ചിട്ടുള്ളൂ. പരസ്പരം അറിയുന്നതിനും സഹജഭാവം വളർത്തുന്നതിനും ഒട്ടനവധി കൂട്ടായ്മകൾക്ക് അദ്ദേഹം മുൻകൈയെടുത്തു.
മലയാളികൾ ഗൾഫ് യാത്രക്കായി ബോംബേ എയർപോർട്ടിനെ ആശ്രയിക്കാൻ നിർബന്ധിതരായിരുന്ന കാലത്ത് ദുബൈയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം അനുവദിക്കാൻ ഇടപെടണമെന്ന് 1979ൽ കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഹാജി ഉൾപ്പെട്ട സംഘമാണ്. പിന്നീട് കലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടിയും ശ്രദ്ധേയമായ ഇടപെടലുകളൊരുക്കാൻ രംഗത്തിറങ്ങി.
'ഗൾഫ് മാധ്യമ'ത്തിെൻറ ഏറ്റവും വലിയ അഭ്യുദയകാംക്ഷികളിലൊരാളായിരുന്നു ഇബ്രാഹിം ഹാജി. കമോൺ കേരള, എജുകഫേ, പി.എം ഫൗണ്ടേഷൻ അവാർഡ് സായാഹ്നങ്ങൾ തുടങ്ങി പല പരിപാടികളിലും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് സന്തോഷത്തോടെ പങ്കെടുക്കുകയും തുറന്ന മനസ്സോടെ സംവദിക്കുകയും ചെയ്യുമായിരുന്നു.
ഓരോ സംരംഭവും വിജയിച്ചത് ദൈവകാരുണ്യം കൊണ്ടാണെന്നും തെൻറ ജീവിതം ദൈവപ്രീതിക്ക് സമർപ്പിതമാണെന്നും അദ്ദേഹം പൂർണമായും വിശ്വസിച്ചു. അക്കൗണ്ടിൽ ഡോളറും ദിർഹവും നിറഞ്ഞുകവിയുന്നതല്ല, സഹജീവികളുടെ സമാശ്വാസകരമായ പുഞ്ചിരിക്ക് നിമിത്തമാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലാഭമെന്ന് പറയുകയും പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു.
സമൂഹത്തിന് നൽകുന്ന സംഭാവനകളെ പുരസ്കരിച്ച് ദുബൈ പൊലീസും വിവിധ സർക്കാർ-സർക്കാറേതര വിഭാഗങ്ങളും പലവുരു ആദരിച്ചു. അസംഖ്യം ജീവകാരുണ്യസംരംഭങ്ങളുടെ അത്താണിയായിരുന്ന ഹാജി കോവിഡ് പ്രതിസന്ധിയിൽ ലോകം നടുങ്ങിയ ഘട്ടത്തിൽ പ്രവാസഭൂമിയിലെ സഹോദരങ്ങൾക്ക് ആശ്വാസമെത്തിക്കാൻ മുന്നിട്ടിറങ്ങി. ആതുരശുശ്രൂഷ സൗകര്യങ്ങൾ ശുഷ്കമായ കാസർകോട് ക്വാറൻറീൻ സൗകര്യമൊരുക്കുന്നതിനായി സ്വന്തം സ്ഥാപനം വിട്ടുനൽകി മാതൃക കാണിച്ചു. മംഗലാപുരത്തെ പേസ് ഗ്രൂപ്പ് കാമ്പസും നൂറിലേറെ കിടക്കകളുള്ള ക്വാറൻറീൻ കേന്ദ്രമായി മാറി. വ്യക്തിപരമായി ഞങ്ങൾ തമ്മിൽ ഊഷ്മള ബന്ധമായിരുന്നു. അദ്ദേഹത്തിെൻറ ദുബൈയിലെ വീട്ടിലേക്ക് പലവുരു ക്ഷണിച്ചുകൊണ്ടുപോകാറുമുണ്ട്.
ജീവിതകാലം മുഴുവൻ ജീവകാരുണ്യ, സാമൂഹികസേവന വ്യഗ്രത പുലർത്തിയ ആ വ്യക്തിത്വത്തിെൻറ വിയോഗം ഏറെ വേദനയുണ്ടാക്കുന്നു. സന്തപ്ത കുടുംബത്തോടും ബന്ധുമിത്രാദികളോടും അനുശോചനം രേഖപ്പെടുത്തുകയും പാരത്രിക മോക്ഷത്തിനായി ജഗന്നിയന്താവിനോട് പ്രാർഥിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.