വി.വി.എ. ശുക്കൂർ: അക്ഷര സ്നേഹത്തിന്റെ ആൾരൂപം
text_fieldsപത്രപ്രവർത്തകൻ, എഴുത്തുകാരൻ, സാഹിത്യസാംസ്കാരിക പ്രവർത്തകൻ, കലാകാരൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം അടയാളപ്പെടുത്തപ്പെട്ട പ്രതിഭാശാലിയായിരുന്നു അടുത്ത കൂട്ടുകാർ ശുക്കൂർ ഭായി എന്നു വിളിച്ചിരുന്ന വി.വി.എ. ശുക്കൂറിന്‍റേത്. വിദ്യാർഥി ജീവിത കാലത്ത് തൃശൂരിൽ നിന്നു പുറത്തിറക്കിയിരുന്ന ‘ടിറ്റ് ഫോർ ടാറ്റ്’ മാസികയിൽ കാസ് കൊടുവള്ളി എന്ന പേരിലായിരുന്നു എഴുത്തിന്‍റെ തുടക്കം. ‘യുവസരണി’ മാസികയുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതോടെയാണ് ശുക്കൂറിലെ കലാകാരനും എഴുത്തുകാരനും പുറന്തോട് പൊട്ടിച്ച് പുറത്തുവരുന്നത്. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ)എന്ന വിദ്യാർഥി യുവജനപ്രസ്ഥാനത്തിന്‍റെ മുഖപത്രമായിരുന്നു സാങ്കേതികമായി അതെങ്കിലും ഫലത്തിൽ ജനകീയ വായനക്ക് ഉപകരിക്കുന്ന പൊതു മാസികയായാണ് സംവിധാനിക്കപ്പെട്ടിരുന്നത്. അങ്ങനെ അണിയിച്ചൊരുക്കുന്നതിൽ ശുക്കൂറിന്‍റെ കാഴ്ചപ്പാടും പങ്കും അദ്വിതീയമായിരുന്നു എന്നതിന് ‘യുവസരണി’യുടെ പഴയ ലക്കങ്ങൾ സാക്ഷി. .
‘യുവസരണി’യിലെ ജീവിതം പൊതുവെ ബഹിർമുഖനായിരുന്ന ശുക്കൂറിന്‍റെ വ്യക്തിബന്ധങ്ങൾ കൂടുതൽ വിശാലമാക്കി. അങ്ങനെയാണ് ബഷീർ, എം.ടി മുതൽ സാഹിത്യകാരന്മാരുമായി ബന്ധം സ്ഥാപിക്കുന്നത്. 1994ൽ ആദ്യ എഡിഷൻ പുറത്തിറങ്ങിയ ‘ബഷീർ: വർത്തമാനത്തിന്‍റെ ഭാവി’ എന്ന സമാഹാരം ശുക്കൂറിന്‍റെ ആശയമായിരുന്നു അതിന്റെ എഡിറ്റിങ്ങും അദ്ദേഹം തന്നെ. വർഷങ്ങൾക്കു ശേഷം ഏതാനും മാസം മുമ്പാണ് ‘ആശയം ബുക്സി’ന്‍റെ ബാനറിൽ രണ്ടാം പതിപ്പ് ഇറങ്ങിയത്. ആശയം ബുക്സ് എന്ന ആശയവും ആ പ്രതിഭാശാലിയുടെ മനോവിലാസത്തിന്‍റെ സൃഷ്ടിയാണ്. വൈക്കം മുഹമ്മദ് ബഷീറിനോടുള്ള അദമ്യമായ ആഭിമുഖ്യം കൊച്ചി ആസ്ഥാനമായി വൈക്കം മുഹമ്മദ് ബഷീർ മലയാള ഭാഷാ പഠന വേദി എന്ന പേരിൽ സാഹിത്യ വേദി രൂപം കൊടുക്കാൻ വഴിയൊരുക്കി.
യശഃശരീരനായ ജസ്റ്റിസ് വി.ആർ കൃഷണയ്യരുടെ കാർമികത്വത്തിൽ ജസ്റ്റിസ് പി.കെ ശംസുദ്ദീൻ ചെയർമാനും പ്രശസ്ത സാഹിത്യകാരൻ പ്രഫ. എം.കെ സാനു വൈസ് ചെയർമാനുമായി രൂപം കൊണ്ട പ്രസ്തുത വേദിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിൽ തുടക്കം മുതൽ ഒരു ദശകത്തിലേറെ നീണ്ട പ്രവർത്തനം ശുക്കൂറിന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആശയം ബുക്സിന്‍റെ ബാനറിൽ കോഴിക്കോട്ട് ബൃഹത്തായ ബഷീർ ഉത്സവം നടത്താനുള്ള ഒരുക്കവുമായി മുന്നേറുമ്പോഴാണ് ദൈവ നിശ്ചയം മറ്റൊന്നാണെന്ന് തിരിച്ചറിയാനും വേദനയോടെ അത് ഉൾക്കൊള്ളാനും അടുപ്പക്കാർ നിർബന്ധിതരായിരിക്കുന്നത്. അക്ഷരങ്ങളെ അക്ഷരാർഥത്തിൽ തന്നെ ഉപാസിച്ച കലാവല്ലഭനായിരുന്നു പ്രിയ സുഹൃത്ത്. നല്ല കൈയക്ഷരത്തിന് ഉടമയായിരുന്ന ശുക്കൂർ നന്നായി ചിത്രം വരക്കുകയും ടൈറ്റിലുകൾ എഴുതുകയും കവർ ഡിസൈനിങ് നടത്തുകയും ചെയ്തു. വാടാനപ്പിള്ളി ഇസ്‍ലാമിയ കോളജിൽ നിന്ന് ബിരുദവും ഫാറൂഖ് കോളജിൽ നിന്ന് ഇംഗീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശുക്കൂർ മതകാര്യങ്ങളിലും പ്രാവീണ്യം കരസ്ഥമാക്കി. ആ പിൻബലത്തിലാണ് അല്ലാമ യൂസുഫലി വിശുദ്ധ ഖുർആന് ഇംഗ്ലീഷിൽ തയാറാക്കിയ പരിഭാഷയോട് നീതി പുലർത്തി മലയാള പരിഭാഷ തയാറാക്കാൻ ധൈര്യപ്പെട്ടത്. അതിന്‍റെ ആദ്യ വാള്യം വിജയകരമായി പൂർത്തിയാക്കാനായതിന്‍റെ ആവേശത്തിൽ ബാക്കി ഭാഗങ്ങൾ കൂടി ഘട്ടം ഘട്ടമായി പൂറത്തിറക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു വിശ്രമമില്ലാതെ, ഒറ്റയാൾ പോരാട്ടവുമായി എഴുത്തിന്‍റെ വഴിയേ വിശ്രമമില്ലാതെ സഞ്ചരിച്ച ശുക്കൂർ എന്ന അക്ഷര സ്നേഹി. "ഇടക്ക് മാധ്യമത്തിൽ പത്രാധിപ സമിതി അംഗമായി ചേർന്നെങ്കിലും ദിനപത്രത്തേക്കാൾ താത്പര്യം സർഗാത്മക രംഗത്താണെന്ന് തിരിച്ചറിഞ്ഞ് പുതിയ മേച്ചിൽ പുറം തേടി പുറത്തിറങ്ങുകയായിരുന്നു."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.