ദാസേട്ടെൻറ മനസ്സിൽ ലതാജിയുടെ പാട്ടും ടീച്ചർ നൽകിയ അടികളും
text_fieldsസപ്തസാഗരങ്ങൾക്കപ്പുറത്തിരുന്ന് പ്രിയ ഗായികയുടെ വിയോഗമറിഞ്ഞപ്പോൾ ഗാനഗന്ധർവൻ യേശുദാസിന്റെ മനസ്സിൽ തെളിഞ്ഞത് ലത മങ്കേഷ്കറുടെ പാട്ടുകേട്ട് നിന്ന് സമയം പോയി സ്കൂളിലേക്ക് ഓടുന്ന ഒരു 13കാരന്റെ ചിത്രമായിരിക്കും. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ മലയാളികളുടെ ദാസേട്ടന്റെ ഇഷ്ടഗായികയാണ് ലത മങ്കേഷ്കർ. എല്ലാ അനുഭൂതിയും വികാരവും ഇഴചേർന്ന ആ സ്വരമാണ് ആദ്യം യേശുദാസിന്റെ മനസ്സിൽ കുടിയേറിയത്. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലേക്ക് നടന്നുപോകുമ്പോൾ വഴിയോരത്തുള്ള ചായക്കടയിലെ ഗ്രാമഫോണിൽ നിന്ന് ആ സ്വരം മുഴങ്ങും-'ചുപ് ഗയാ കോയീരേ ദൂർ സേ പുകാർ കേ...' ആരാണ് പാടുന്നതെന്ന് അറിയില്ലെങ്കിലും ആ സ്വരത്തിന്റെ മാസ്മരികതയിൽ എല്ലാം മറന്ന് ചായക്കടക്ക് മുന്നിൽ നിൽക്കും കൊച്ചുദാസ്. ചായക്കടക്കാരന്റെയും ഇഷ്ടഗാനമായതിനാൽ പിന്നെയും പിന്നെയും അതേ പാട്ട് ഗ്രാമഫോണിൽ നിന്ന് ഉയർന്നുകൊണ്ടേയിരിക്കും. സ്കൂളിലെത്താൻ സമയം വൈകിയെന്ന ബോധമുദിക്കുന്നത് വളരെ വൈകിയായിരിക്കും.
'പിന്നെ സ്കൂളിലേക്ക് ഒറ്റ ഓട്ടമാണ്. അവിടെ എത്തുമ്പോൾ ബെല്ലടിച്ചിരിക്കും. അടിക്കാൻ തയാറായി ക്ലാസ് ടീച്ചർ നിൽപ്പുണ്ടാകും. എത്രയോ ദിവസങ്ങളിൽ ലതാജിയുടെ പാട്ട് എനിക്ക് അടി വാങ്ങി തന്നിട്ടുണ്ട്. ചിലപ്പോൾ അടുത്തുള്ള ഏതെങ്കിലും വീട്ടിൽനിന്ന് ലതാജിയുടെ പാട്ടുകേൾക്കും. മൂന്നാമത്തെയോ നാലാമത്തെയോ പറമ്പിലായിരിക്കും ആ വീട്. അവിടേക്ക് എത്താൻ വേലി ചാടി ഓടുമായിരുന്നു അന്നൊക്കെ' -ഒരിക്കൽ ദാസേട്ടൻ പറഞ്ഞു.
തനിക്ക് ടീച്ചറിന്റെ അടി വാങ്ങിത്തന്നിരുന്നത് ലത മങ്കേഷ്കർ എന്ന ഗായികയാണെന്നും അന്ന് കേട്ടിരുന്ന പാട്ട് 'ചമ്പാകലി' എന്ന സിനിമക്കുവേണ്ടി ഹേമന്ത്കുമാർ ചിട്ടപ്പെടുത്തിയതാണെന്നുമൊക്കെ യേശുദാസ് തിരിച്ചറിയുന്നത് പിന്നേയും കുറെ വർഷങ്ങൾ കഴിഞ്ഞാണ്. തനിക്ക് ടീച്ചറിന്റെ അടി വാങ്ങിത്തന്നിരുന്ന ഗായികയുടെ 'ടീച്ചർ' ആകാൻ അവസരമുണ്ടാകുമെന്ന് അന്നൊന്നും സ്വപ്നത്തിൽ പോലും ദാസ് കരുതിയിരുന്നില്ല.
'ചെമ്മീൻ' സിനിമയിൽ ലതയെ കൊണ്ട് പാടിപ്പിക്കണമെന്ന രാമു കാര്യാട്ടിന്റെ ആഗ്രഹമാണ് അതിന് വഴിയൊരുക്കിയത്. വയലാർ എഴുതി സലീൽ ചൗധരി ഈണമിട്ട 'കടലിനക്കരെ പോണോരെ' ആണ് ഇതിനായി തിരഞ്ഞെടുത്തത്. സമ്മതം വാങ്ങാനായി ലതയെ കാണാൻ ബോംബെയിലേക്ക് പോയപ്പോൾ കാര്യാട്ടും സലീൽദായും യേശുദാസിനെയും ഒപ്പം കൂട്ടി. ദാസിന്റെ സ്വരത്തിൽ ആ പാട്ട് റെക്കോഡ് ചെയ്ത സ്പൂളും കൈയിലുണ്ട്. അതിട്ട് കേൾപ്പിച്ച് ലതയെ പാട്ടുപഠിപ്പിക്കുകയാണ് ദാസിന്റെ ദൗത്യം. ദാസെന്ന ആരാധകനെ സംബന്ധിച്ച് സ്വപ്നതുല്യമായ ദൗത്യം.
അസുഖബാധിതയാണെന്നും മലയാളം വഴങ്ങില്ലെന്നുമൊക്കെ പറഞ്ഞ് ലത ഒഴിഞ്ഞുമാറിയെങ്കിലും ഒരു ശ്രമം നടത്താമെന്ന സലീൽ ചൗധരിയുടെ നിർബന്ധത്തിനൊടുവിൽ അവർ സമ്മതം മൂളി. പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം ലതക്ക് വഴങ്ങിയില്ല. ഒടുവിൽ, തനിക്ക് വഴങ്ങാത്ത ഭാഷയിൽ പാടാൻ കഴിയില്ലെന്ന് ലത പറയുകയും ദാസിന്റെ പാട്ട് സിനിമയിൽ ഉപയോഗിക്കുകയുമായിരുന്നു. ദൗത്യം പരാജയപ്പെട്ടെങ്കിലും പ്രിയ ഗായികയുമായുള്ള സൗഹൃദം തുടങ്ങാനുള്ള അവസരമാണ് ഈ കൂടിക്കാഴ്ച ദാസിന് സമ്മാനിച്ചത്. 'യാത്ര പറഞ്ഞിറങ്ങും മുമ്പ് എന്നെ കൊണ്ട് ചില കർണാടക സംഗീത കൃതികൾ പാടിക്കുകയും ആസ്വദിക്കുകയും ചെയ്തു ലതാജി. ഹംസധ്വനിയിലെ എന്റെ 'വാതാപി'യൊക്കെ അവർ നന്നായി ആസ്വദിച്ചു. ഹിന്ദി പിന്നണി ഗാനരംഗത്ത് നല്ല ഭാവി ഉണ്ടാകുമെന്ന അനുഗ്രഹവും നൽകിയാണ് പറഞ്ഞയച്ചത്' -ആ കൂടിക്കാഴ്ച യേശുദാസ് ഓർത്തെടുക്കുന്നത് ഇങ്ങനെ. ലതയുടെ അനുഗ്രഹം പിന്നീട് യാഥാർഥ്യമായി. ഹിന്ദി സിനിമയിൽ പാടിത്തുടങ്ങിയ ദാസ് 1978ൽ ലതക്കൊപ്പവും പാടി. 'ത്രിശൂൽ' എന്ന സിനിമക്കുവേണ്ടി സാഹിർ ലുധിയാൻവി എഴുതി ഖയ്യാം ഈണമിട്ട 'ആപ് കി മെഹകി ഹുയി സുൽഫോം കൊ കഹ്തെ' എന്ന യുഗ്മഗാനം. പിന്നീട് 'ഹം നഹി ദുഖ് സേ ഖബരായേംഗേ' (ജീനാ യഹാം), 'അബ് ചരാഗോം കാ' (ബാവ് രി), 'ദോനോം കേ ദിൽ ഹേ' (ബിൻ ബാപ് കാ ബേട്ടാ), 'ആപ് തോ ഐസേ ന ഥേ' (ഗഹ്രി ഛോട്ട്), 'ആപ് കോ ഹം സെ പ്യാർ ഹെ' (ദൂർ ദേശ്), 'തേരേ ഹോട്ടോം കെ പ്യാലേ', 'സബ് കോ ഛുട്ടി മിലി' (മേരാ രക്ഷക്), സിന്ദഗി മെഹക് ജാത്തി ഹേ' (ഹത്യ) തുടങ്ങി എത്രയെത്ര ഹിറ്റുകൾ. മറ്റ് ഗായകരെ പുകഴ്ത്തുന്നതിൽ പൊതുവെ പിശുക്ക് കാട്ടുന്ന ലത, യേശുദാസ് പാട്ടുജീവിതത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ കേരള ഹിന്ദി പ്രചാരസഭയുടെ മാസികയായ 'കേരൾ ജ്യോതി'യിൽ ഇങ്ങനെ എഴുതി- 'തെന്നിന്ത്യയിലെ മഹാഗായകനായ യേശുദാസിനെ കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ല. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ ഗാനങ്ങളെ വാഴ്ത്തുകയാണ്. അദ്ദേഹത്തോടൊപ്പം പാടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു'.
ലത പാട്ട് നിർത്തണമെന്ന് ദാസ് അഭിപ്രായപ്പെട്ടുവെന്നുള്ള ആരോപണങ്ങളും ഇടക്ക് വിവാദമായി. ലത പാട്ട് നിർത്തണമെന്നോ സംഗീതം ഉപേക്ഷിക്കണമെന്നോയല്ല, സിനിമയിൽ പാടുന്നതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്ന ദാസിന്റെ വിശദീകരണത്തിൽ അത് കെട്ടടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.