പാറമട വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു
text_fieldsസംഭവം ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ
ശ്രീകണ്ഠപുരം (കണ്ണൂർ): പാറമടയും ക്രഷറും വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ചിത്രദുര്‍ഗ ഹൊറപേട്ട അഞ്ചുമാന്‍ റോഡില്‍ നാലാം ബ്ലോക്കിലെ ടി.വി. ശിവകുമാറാണ് (54) മരിച്ചത്. ശ്രീകണ്ഠപുരം ചേപ്പറമ്പ് പയറ്റിയാല്‍ സ്വദേശി ജെമിനിരാജിന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചിത്രദുര്‍ഗ ഹുര്സി വില്ലേജിൽ ക്രഷറും ക്വാറിയും വാഗ്ദാനം ചെയ്താണ് ജെമിനിരാജില്നിന്ന് ശിവകുമാർ 10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയും ക്രഷറും കാണിച്ചുകൊടുത്ത് ഇതു തന്റേതാണെന്ന് അവകാശപ്പെട്ട് വ്യാജ കരാർ ഉണ്ടാക്കിയാണ് തുക കൈപ്പറ്റി പാട്ടത്തിന് നല്‍കിയതെന്ന് പറയുന്നു. ജെമിനിരാജ് പിന്നീട് ക്വാറിയില്‍ എത്തിയപ്പോഴാണ് ഇതു മറ്റൊരാളുടേതാണെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്ന് കർണാടക പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്കി. ബുധനാഴ്ച കർണാടക കാവേരി ശിഖാബിയിലെത്തിയാണ് പൊലീസ് സംഘം ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് വ്യാഴാഴ്ച രാവിലെ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ചോദ്യംചെയ്യുന്നതിനിടെ ശിവകുമാര്‍ ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നുവത്രെ.
ഉടന്‍ കൂട്ടുംമുഖം സി.എച്ച്.സിയിലും തളിപ്പറമ്പ് താലൂക്കാശുപത്രിയിലും ചികിത്സ നൽകിയെങ്കിലും നില വഷളായി. ഡോക്ടറുടെ നിർദേശപ്രകാരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സ്റ്റേഷനിൽ എത്തിച്ച ശിവകുമാറിന് ഉച്ചയോടെ ക്ഷീണമനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നെന്നും ഇയാൾക്ക് നേരത്തേ ചില അസുഖങ്ങൾ ഉള്ളതായി പിന്നീടാണ് അറിഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.