കോവിഡ് രോഗികൾക്കായി ഓടി നടന്നു; ഒടുവിൽ ക്വാറൻറീനിൽ കഴിയവേ മരണം
text_fieldsദോഹ: ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. തലശ്ശേരി കതിരൂർ എടത്തിൽ അബ്ദുൽ റഹീം ( റഹീം റയാൻ 47) ആണ് മരിച്ചത്. കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസിൻെറ തലശേരി മണ്ഡലം പ്രസിഡൻറ് ആണ്. കോവിഡ് സ്ഥിരീകരിച്ച് സനയ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശേഷം ഹോട്ടൽ ക്വാറൻറീനിലായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഹമദ് അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. പിതാവ്: മമ്മു, മാതാവ്: ആയിശ. ഭാര്യ: റയാസ, മക്കൾ: അബ്നർ റഹീം, അൽവിത റഹീം, അദിബ റഹീം.
ദോഹയിലെ നിർമാണകമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുടുംബത്തോടൊപ്പം ഖത്തറിൽ കഴിയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് കുടുംബത്തെ നാട്ടിൽ അയച്ചത്. ഖത്തറിൽ കാരുണ്യസേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഖത്തറിൽ പ്രയാസപ്പെട്ടവർക്ക് ഭക്ഷണമടക്കം സഹായങ്ങൾ ചെയ്യാൻ മുന്നിലുണ്ടായിരുന്ന റഹീമിൻെറ വേർപാട് പ്രവാസികളുടെ വേദനയായി.
കോവിഡ് രോഗികൾക്കും മറ്റും സഹായമെത്തിക്കാൻ ഇൻകാസ് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. ഭക്ഷണസാധനങ്ങളടക്കം പാക്കുചെയ്യാനും അർഹർക്ക് എത്തിക്കാനും ഓടിനടന്നയാളായിരുന്നു. അർഹരായവരെ നാട്ടിലെത്തിക്കാൻ ഒരുക്കിയ ചാർട്ടേർഡ് വിമാനവുമായി ബന്ധ െപ്പട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു.
മരണത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി, കണ്ണൂർ ജില്ലാകമ്മിറ്റി, തലശേരി മണ്ഡലം കമ്മിറ്റി എന്നിവ അനുശോചിച്ചു.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിങ്കളാഴ്ച അബൂഹമൂർ ഖബറിസ്ഥാനിൽ ഖബറടക്കും. നടപടികൾക്ക് കെ.എം.സി.സി മയ്യിത്ത് പരിപാലനകമ്മിറ്റി നേതൃത്വം നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.