എം.ഇ.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. അലി അന്തരിച്ചു
text_fieldsആലുവ: എം.ഇ.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും തായിക്കാട്ടുകര ജുമാമസ്ജിദ് പ്രസിഡന്‍റുമായ തായിക്കാട്ടുകര മനക്കപ്പറമ്പിൽ എം. അലി (എം.ഇ.എസ് അലി -81) നിര്യാതനായി. മുഹമ്മദിന്‍റെയും കൊച്ചുപാത്തുമ്മയുടെയും മകനായി 1941 ഒക്ടോബർ 31ന് ജനിച്ച അദ്ദേഹം എം.ഇ.എസ് യൂത്ത് വിങ്ങിലൂടെ 1972ലാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. യൂത്ത് വിങ് ജില്ല പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
മധ്യകേരളത്തിൽ എം.ഇ.എസ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതും ചുക്കാൻ പിടിച്ചതും അലിയായിരുന്നു. എടത്തല എം.ഇ.എസ് ഓർഫനേജ് സെക്രട്ടറി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിത്വങ്ങൾ തുടങ്ങിയവയും അദ്ദേഹം വഹിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെയെല്ലാം സ്ഥാപകരിൽ ഒരാളുമായിരുന്നു. തായിക്കാട്ടുകര മുസ്ലിം യുവജന ഫെഡറേഷനിലൂടെ മഹല്ല് പ്രവർത്തനങ്ങളിലും സജീവമായി. മഹല്ല് കമ്മിറ്റി സെക്രട്ടറി, കൗൺസിൽ ചെയർമാൻ തുടങ്ങിയ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എം.ഇ.എസ് സ്ഥാപക നേതാവ് പി.കെ. അബ്ദുൽ ഗഫൂറിന്‍റെ കാലത്തുതന്നെ തായിക്കാട്ടുകരയിൽ എം.ഇ.എസ് യൂനിറ്റ് രൂപവത്കരിക്കാനും ഗഫൂറിനെ തായിക്കാട്ടുകരയിൽ കൊണ്ടുവരാനും അലിയാണ് മുൻകൈയെടുത്തത്. മധ്യകേരളത്തിൽ എം.ഇ.എസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും അലിയുടെ സംഘാടക മികവും നേതൃപാടവവും സഹായകമായിട്ടുണ്ട്. മക്കൾ: മിനർഹ ബീഗം, ലൈജു, റഫീഖ് (ദുബൈ), അബ്ദുൽ ഗഫൂർ(സൗദി). മരുമക്കൾ: അഷറഫ്, സെമി, ആഷിന, ഷാഹിന.
ശനിയാഴ്ച രാവിലെ എട്ടു മുതൽ ഐഡിയൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വൈകീട്ട് മൂന്നിന് തായിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.