അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു; നാല് ദിവസത്തിനിടെ മൂന്നാമത്തെ മരണം
text_fieldsഅഗളി: അട്ടപ്പാടിയിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു-സുരേഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു മരണം.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ശിശുമരണമാണിത്. ഈ വർഷം ഇതുവരെ 10 ശിശുമരണങ്ങളാണുണ്ടായത്. ഒരു ഇടവേളക്ക് ശേഷം അട്ടപ്പാടിയിൽ വീണ്ടും ശിശുമരണങ്ങൾ തുടർക്കഥയാവുകയാണ്. വിഷയത്തിൽ ട്രൈബൽ വകുപ്പിെൻറയും ആരോഗ്യ വകുപ്പിെൻറയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. അട്ടപ്പാടിയിലെ ചികിത്സ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിെൻറ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ പി.ഒ. സുരേഷ് പറയുന്നത്. ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്നതാണ് ജനനി ജന്മരക്ഷ പദ്ധതി. പദ്ധതിക്കുള്ള പണം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ നടപടി തുടങ്ങിയെന്ന് സുരേഷ് പറയുന്നു.
അന്വേഷിക്കും
തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം.
മന്ത്രി ഇന്ന് അഗളിയിൽ
തിരുവനന്തപുരം: അട്ടപ്പാടിയിൽ ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവിഭാഗ ക്ഷേമമന്ത്രി കെ. രാധാകൃഷ്ണൻ പട്ടികവർഗ ഡയറക്ടർ ടി.വി. അനുപമക്ക് നിർദേശം നൽകി. കാര്യങ്ങൾ നേരിട്ടറിയുന്നതിന് മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയിൽ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.