ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; മിൽമയുടെ സാദൃശ്യത്തിൽ കവർ പാലുകൾ
text_fieldsപന്തളം: മിൽമയുടെ രൂപസാദൃശ്യത്തോടെ കവർ പാലുകൾ വിപണിയിൽ എത്തുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിലാണ് വിപണിയിലുള്ളത്. പന്തളത്തിന് സമീപം ഐരാണിക്കുടിയിൽ രജിസ്റ്റർ ചെയ്ത ഡയറിയുടെ പേരിലാണ് ഇത്തരത്തിൽ ഒരു കവർപാൽ ഇറങ്ങുന്നത്. മറ്റൊന്ന് തിരുവനന്തപുരം ആസ്ഥാനമായ ഡയറിയിൽനിന്നാണ്.
ഐരാണിക്കുടിയിൽ രജിസ്റ്റർ ചെയ്ത ഡയറിയുടെ പാൽ ഉൽപന്നങ്ങൾ നൂറുശതമാനവും മിൽമക്ക് സമാനമാണ്. പല കച്ചവടക്കാരും മിൽമയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് പാലും ഇടകലർത്തിയാണ് വിൽക്കുന്നത്. മിൽമ അരലിറ്ററിെൻറ കവർപാലാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ, വ്യാജെൻറ അളവ് 450 മില്ലിലിറ്റർ ആണ്. മിൽമയുടെ കച്ചവടക്കാരെ തിരഞ്ഞുപിടിച്ചാണ് അപരെൻറ കച്ചവടം. മിൽമ നൽകുന്ന കമീഷനെക്കാൾ മൂന്നുരൂപ അധികമാണ് കമീഷൻ.
ഐരാണിക്കുടിയിൽനിന്ന് കിലോമീറ്ററുകൾ അകലെ പ്രവർത്തിച്ചിരുന്ന ഒരു ഡയറിയുടെ പാൽ വ്യാപകമായി ഈയിടെ കേടായിരുന്നു. ഇതോടെ ഇവർ പേരുമാറ്റിയാണ് പുതിയ പാൽ വിപണിയിൽ ഇറക്കിയതെന്ന് പറയുന്നു. രൂപസാദൃശ്യമുള്ള രണ്ട് കമ്പനികളുടെ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്ന വിവരം ലഭിച്ചതായി മിൽമ അധികൃതർ പറയുന്നു. രണ്ട് കമ്പനികൾക്കും നോട്ടീസ് നൽകിയെങ്കിലും തിരുവനന്തപുരം ആസ്ഥാനമായ കമ്പനി മാത്രമാണ് വിശദീകരണം നൽകിയത്. ഐരാണിക്കുടി ആസ്ഥാനമായ വിതരണക്കാർ മറുപടിനൽകാൻ തയാറായില്ലെന്നും മിൽമ തിരുവനന്തപുരം യൂനിറ്റ് അധികൃതർ 'മാധ്യമ'ത്തോട് പ്രതികരിച്ചു. കോടതിയെ സമീപിക്കുമെന്നും മിൽമ അധികൃതർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.