ഇൻറർനെറ്റില്ല; ഗവി-മൂഴിയാർ വനമേഖലയിലെകുട്ടികളുടെ പഠനം മുടങ്ങി
text_fieldsചിറ്റാർ: ഇൻറർനെറ്റില്ലാതെ ഗവി-മൂഴിയാർ വനമേഖലയിലെ കുട്ടികൾക്ക് പഠനം നഷ്ടമാകുന്നു. ഗവി, മൂഴിയാർ വനമേഖലയിൽ താമസക്കാരായ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ഗവി ലയത്തിലെ തോട്ടം തൊഴിലാളികളുടെ കുട്ടികൾകളും ഉൾപ്പെടെ നൂറോളം വിദ്യാർഥികൾക്കാണ് സ്മാർട്ട് ഫോണിൽ ഇൻറർനെറ്റ് സൗകര്യമില്ലാതെ പഠനം മുടങ്ങുന്നത്.
വിക്ടേഴ്സ് ചാനലിലെ പഠന പരിപാടിയിലും പങ്കെടുക്കാനാകുന്നില്ല. ഗവി വനമേഖലയിലെ ഏലംതോട്ടം തൊഴിലാളികളുടെ ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസുകളിലെ 14 കുട്ടികൾ ഗവി ഗവ. എൽ.പി സ്കൂളിലും അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള 70ലധികം കുട്ടികൾ വണ്ടിപ്പെരിയാറിലെ സർക്കാർ സ്കൂളിലുമാണ് പഠിക്കുന്നത്. ചുരുക്കം വീടുകളിൽ മാത്രമേ സ്മാർട്ട് ഫോൺ ഉള്ളൂ.
ഈ ഫോണുമായി മുതിർന്ന ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ രണ്ട് കിലോമീറ്റർ അകലെ പത്താംമൈലിൽ കുന്നിനു മുകളിൽനിന്ന് പഠിക്കാൻ ശ്രമിച്ചിട്ടും നെറ്റ് കവറേജ് കിട്ടാതെ മുടങ്ങുകയാണ് പതിവ്. ഗവിയിൽ ബി.എസ്.എൻ.എല്ലാണ് ഉള്ളതെങ്കിലും ചില കുന്നിൻ പ്രദേശങ്ങളിൽ മാത്രമാണ് ലഭിക്കുക.
സ്മാർട്ട് ഫോൺ മൊബൈൽ സൗകര്യമില്ലാത്തതിനാൽ കൊച്ചുപമ്പ, മീനാർ ഭാഗങ്ങളിലെ കുട്ടികൾക്ക് പഠനം മുടങ്ങിയിരിക്കുകയാണ്.
കനത്തമഴയിൽ ഗവിയിൽ മിക്ക ദിവസങ്ങളിലും വൈദ്യുതി ബന്ധവും കിട്ടാറില്ല. മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിലും സ്ഥിതി സമാനമാണ്.
കോളനിയിൽ ചുരുക്കം വീടുകളിൽ മാത്രമേ ടി.വിയും സ്മാർട്ട് ഫോൺ സൗകര്യമുള്ളൂ. വനമേഖലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ മൊബൈൽ കവറേജ് സൗകര്യം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡാണ് ഗവി വനമേഖല. ഗവി, കൊച്ചുപമ്പ, മീനാർ മേഖലകളിലെ ലയങ്ങളിലായി ഏകദേശം 220ലധികം കുടുംബങ്ങളിലായി 130 വിദ്യാർഥികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.