പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
text_fieldsതിരുവനന്തപുരം: നിരവധി ചലചിത്ര ഗാനങ്ങളിലൂടെ ആസ്വാദക മനസിൽ ഇടം നേടിയ പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ `നാളൈതീര്‍പ്പി'ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്‌മാന്റെ സംഗീതസംവിധാനത്തില്‍ കീഴില്‍ `മിസ്റ്റര്‍ റോമിയോ'യില്‍ പാടിയ `തണ്ണീരും കാതലിക്കും' വലിയ ഹിറ്റായി. `എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ `അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. `പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ `ധും ധും ധും ദൂരെയേതോ' `കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ `താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. 'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. അടുക്കളയില്‍ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്.
കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ `ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള സിദ്ധിയും സംഗീതക്ക് ആസ്വാദക മനസ്സുകളിൽ ഇടം നൽകി. തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നത് കേട്ട അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചിരുന്നു. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. മകൾ: അപര്‍ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.