പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു
text_fieldsതൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണിദ്ദേഹം. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.
കാട്ടുങ്ങല്‍ എ.സുബ്രഹ്‌മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടി.
ആ വര്‍ഷംതന്നെ കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി. 1976 ല്‍ പ്രഫസറായി സ്ഥാനക്കയറ്റം കിട്ടിയ മണിലാല്‍, 1986 ല്‍ സീനിയര്‍ പ്രഫസറും വകുപ്പ് മേധാവിയുമായി.
1970-74 കാലത്താണ് കോഴിക്കോട് നഗരത്തിലെയും പരിസരത്തെയും സസ്യസമ്പത്തിനെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ പഠനം നടന്നത്. കാലിക്കറ്റ് സർവകലാശാല കേന്ദ്രമായി 1989 ല്‍ 'ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി' (ഐ.എ.എ.ടി) സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത മണിലാല്‍, അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ആ സംഘടനയുടെ നേതൃത്വത്തില്‍ 1991 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച 'റീഡിയ' ഗവേഷണ ജേര്‍ണലിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്. 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇവയിൽ നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.