പ്രമുഖ ഗാന്ധിയൻ എസ്.എൻ സുബ്ബറാവു അന്തരിച്ചു
text_fieldsജയ്പുർ: പ്രമുഖ ഗാന്ധിയനും നാഷനൽ യൂത്ത് പ്രോജക്ട് ഡയറക്ടറുമായിരുന്ന എസ്. എൻ സുബ്ബറാവു അന്തരിച്ചു. 92 വയസ്സായിരുന്നു. രാജസ്ഥാനിലെ സവായ് മാൻസിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമായിരുന്നു കാരണം. തൊഴിലാളി ക്യാമ്പുകളിലും മറ്റും അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടന്നിരുന്ന സന്നദ്ധസേവന പ്രവൃത്തികൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി യുവാക്കളാണ് ഇതിൽ ആകൃഷ്ടരായത്.
ബംഗളൂരുവിൽ 1929 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. സേലം നഞ്ചുണ്ടൈ സുബ്ബറാവു എന്നാണ് മുഴുവൻ പേര്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ 13ാം വയസ്സിൽ അറസ്റ്റിലായി. ജവഹർലാൽ നെഹ്റു, കെ. കാമരാജ് തുടങ്ങിയ നേതാക്കളോടൊപ്പവും പ്രവർത്തിച്ചിരുന്നു. മധ്യപ്രദേശിൽ ചമ്പൽ താഴ്വരയിലെ കൊള്ളക്കാരെ മുഖ്യധാരയിൽ എത്തിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ഇതിനായി മൊറിന ജില്ലയിൽ മഹാത്മ ഗാന്ധി സേവ ആശ്രമം സ്ഥാപിച്ചിരുന്നു. ചമ്പൽക്കൊള്ളക്കാരുടെ കുടുംബങ്ങൾക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കി. ഇതിെൻറ ഫലമായി നിരവധി കൊള്ളക്കാരാണ് കീഴടങ്ങിയത്. അവർക്കും കുടുംബങ്ങൾക്കുമായുള്ള പുനരധിവാസ പ്രവൃത്തികളും ആശ്രമം നടത്തി.
654 ചമ്പൽക്കൊള്ളക്കാരാണ് ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽനിന്ന് മാറി പുതുജീവിതത്തിലെത്തിയത്. പത്മശ്രീ, കർണാടക സർക്കാറിെൻറ മഹാത്മ ഗാന്ധി സേവ അവാർഡ്, ശാന്തി ദൂത് അന്താരാഷ്ട്ര അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ സുബ്ബറാവുവിനെ തേടിയെത്തി. സുബ്ബറാവുവിെൻറ ഗാനങ്ങളും പ്രശസ്തമായിരുന്നു. 70 വർഷത്തിലധികമായി തുടർച്ചയായി ഗാന്ധിയൻ ആദർശങ്ങളിലും മറ്റും ജനങ്ങൾക്കായി വിവിധ പരിപാടികൾ നടത്തിയിരുന്നു. നാഷനൽ യൂത്ത് പ്രോജക്ടിെൻറ കീഴിൽ 2017ൽ കോഴിക്കോട്ട് നടന്ന സമാധാനസംഗമത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കോഴിക്കോട് വെള്ളിമാട്കുന്നിലെ 'മാധ്യമം' ആസ്ഥാനം സന്ദർശിച്ചിരുന്നു.
രാജസ്ഥാനുമായി പ്രത്യേക അടുപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി അശോക് െഗഹ്ലോട്ടിെൻറ പ്രത്യേക താൽപര്യത്തോടെയാണ് രാജസ്ഥാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട്, കോൺഗ്രസ് നേതാവ് ഗോവിന്ദ് സിങ് ദൊതാസ്റ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. വർഷങ്ങളായി നിരവധി യുവാക്കളുടെ പ്രചോദനമായിരുന്നു സുബ്ബ റാവുവെന്നും താനും അതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.