പ്രശസ്‌ത നാടക നടൻ മരട് ജോസഫ് അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്‌ത നാടക നടൻ മരട് ജോസഫ് (93) അന്തരിച്ചു. പി.ജെ. ആൻറണിയുടെ പ്രതിഭാ ആർട്‌സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. ഇൻക്വിലാബിെൻറ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമയിയുടെ വിശിഷ്‌ടാംഗത്വം നേടിയിട്ടുണ്ട്.
അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി മരടിൽ ജനിച്ചു. സെൻറ് മേരീസ് സ്‌കൂളിൽ വിദ്യാഭ്യാസം. സ്‌കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടകകൃത്ത് ചെറായി ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി.
വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്‌തു. ഒഎൻവിയുടെ വരികളിൽ ദേവരാജന്റെ സംഗീതത്തിൽ "കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി" എന്ന ഗാനവും ഒപ്പം "വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിൻ പനിനീരേ" എന്ന മറ്റൊരു ഗാനവും പാടി റെക്കോഡ് ചെയ്‌തു.
പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്‌സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്‌സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ് തുടങ്ങിയവയിലും എൻ എൻ പിള്ളയുടെ പ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റിൽ തുടങ്ങിയ നാടകങ്ങളിലും കെ ടി മുഹമ്മദിന്റെ സൃഷ്‌ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. മലയാളത്തിലെ പ്രശസ്‌ത നാടകകൃത്തുക്കളായ എൻ ഗോവിന്ദൻകുട്ടി, സെയ്ത്താൻ ജോസഫ്, നോർബർട്ട് പാവന തുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങൾക്കും എം ടി വാസുദേവൻ നായരുടെ ഒരേയൊരു നാടകം ഗോപുരനടയിൽ അരങ്ങിലെത്തിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിനും ജീവൻ നൽകിയത് മരട് ജോസഫായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.