ലോകത്തിലെ ഉയരം കൂടിയ മനുഷ്യൻ നിര്യാതനായി
text_fieldsജിദ്ദ: ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ നിര്യാതനായി. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്‌ചയാണ് മരിച്ചത്. ആരോഗ്യനില ഞായറാഴ്ച കൂടുതൽ വഷളാകുകയായിരുന്നു.
255 സെൻറിമീറ്റർ ഉയരമുള്ള അദ്ദേഹം 2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡിന് ഉടമയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയെ കൂടുതൽ ഇഷ്ടപ്പെട്ട ആളായിരുന്നു. താൻ സന്ദർശിച്ച 42 അറബ്, അറബേതര രാജ്യങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ രാജ്യമാണ് സൗദിയെന്നായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം. ഇരുഹറമുകൾ കാരണം വലിയ സന്തോഷമാണ് തനിക്ക് സൗദിയിൽ അനുഭവപ്പെടുന്നതെന്നും പറഞ്ഞിരുന്നു.
നല്ലൊരു ഫുട്ബാൾ ആരാധകനാണ്. സൗദി ലീഗിനെ ആവേശത്തോടെ പിന്തുടർന്നിരുന്നു. നിരവധി നേതാക്കളെയും ഭരണാധികാരികളെയും കണ്ടിട്ടുണ്ട്. ഗുലാം ശബീർ 1980ൽ പാകിസ്താനിലാണ് ജനിച്ചത്. സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റിയായിരുന്നു. നിരവധി പ്രശസ്ത പരിപാടികളിൽ പങ്കെടുത്തു. നിരവധിയാളുകൾ ഗുലാം ഷബീറിെൻറ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.