‘സുലഭ്’ പൊതുശൗചാലയ സ്ഥാപകൻ ബിന്ദേശ്വർ പഥക് ദേശീയപതാക ഉയർത്തിയതിനുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsന്യൂഡൽഹി: വൃത്തിയുള്ള പൊതുശൗചാലയങ്ങളുടെ നിർമിതിക്കും പ്രചാരണത്തിനുമായി പ്രവർത്തിച്ച ‘സുലഭ് ഇൻറർനാഷനൽ’ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥക് നിര്യാതനായി. 80 വയസ്സായിരുന്നു. പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തിൽ സുലഭ് ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയതിനുപിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ‘എയിംസി’ൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പഥകിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
മനുഷ്യാവകാശം, പരിസ്ഥിതി, മാലിന്യ സംസ്കരണം, വിദ്യാഭ്യാസത്തിലൂടെയുള്ള പരിഷ്‍കരണം തുടങ്ങിയവയും സുലഭിന്റെ ലക്ഷ്യങ്ങളാണ്. 1970ൽ സ്ഥാപിതമായ സുലഭ് പൊതുസ്ഥലങ്ങളിലെ വിസർജനം അവസാനിപ്പിക്കാനും വൃത്തിയുള്ള പൊതുശൗചാലയങ്ങൾ സ്ഥാപിക്കാനുമായുള്ള പ്രവർത്തനങ്ങൾ വഴിയാണ് ശ്രദ്ധനേടിയത്. സംഘടനയുടെ പ്രവർത്തനം രാജ്യത്തുടനീളം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ‘സുലഭ് ടോയ്‍ലറ്റു’കളുടെ സ്ഥാപനത്തിന് വഴിയൊരുക്കി.
പൊതുശൗചാലയങ്ങളുടെ വ്യാപനത്തിനായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായപ്പോൾ സ്വന്തം ഭാര്യാപിതാവിെൻറ പരിഹാസംപോലും കേൾക്കേണ്ടിവന്നു. ചിലർ അദ്ദേഹത്തെ ‘സാനിറ്റേഷൻ സാന്റക്ലോസ്’ എന്ന് വിളിച്ചു. ’60കളിൽ ബിഹാർ ഗാന്ധി െസന്റിനറി സമിതിയുടെ തോട്ടിപ്പണിക്കാരുടെ മോചനത്തിനായുള്ള സംഘടന ‘ഭാംഗി-മുക്തി’യിൽ സജീവമായിരുന്നു. ഇദ്ദേഹം വികസിപ്പിച്ച ബയോഗ്യാസ് പ്ലാന്റുകൾക്ക് പിന്നീട് വൻ പ്രചാരം ലഭിച്ചു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിലും ഇപ്പോൾ ഇത് ഉപയോഗത്തിലുണ്ട്.
ബിഹാറിലെ ഹാജിപൂരിലാണ് ജനനം. പിഎച്ച്.ഡി ബിരുദധാരിയാണ്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എനർജി ഗ്ലോബ് അവാർഡ്, ദുബൈ ഇന്റർനാഷൽ അവാർഡ്, സ്റ്റോക്ഹോം വാട്ടർ പ്രൈസ്, ഫ്രഞ്ച് സെനറ്റിന്റെ ലെജന്റ് ഓഫ് പ്ലാനറ്റ് അവാർഡ് തുടങ്ങിയവയും ലഭിച്ചു. 2016ൽ ന്യൂയോർക് സിറ്റി മേയർ ഏപ്രിൽ 14 ബിന്ദേശ്വർ പഥക് ദിനമായി പ്രഖ്യാപിച്ചു. പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.