മേളകുലപതി പൈങ്കുളം പ്രഭാകരൻ നായർ അന്തരിച്ചു
text_fieldsചെറുതുരുത്തി: മേളകുലപതി പൈങ്കുളം പ്രഭാകരൻ നായർ (76) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ വെങ്ങാനല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതാളമാർന്ന പാണ്ടിയും മനോധർമത്തിന്റെ മാസ്മരികത തീർക്കുന്ന തായമ്പകയും കൊട്ടി പൂരപ്രേമികളുടെ മനസ്സിൽ തന്റേതായ ഇടം കണ്ടെത്തിയ വാദ്യകുലപതിയാണ് വിടവാങ്ങിയത്.
പൈങ്കുളം ചാത്തനാത്ത് വേലുക്കുട്ടി നായരുടെയും വിഴക്കാട്ട് സീതമ്മയുടെയും മകനായി ജനനം. ഉത്രാളിക്കാവ് പൂരത്തിന് എങ്കക്കാട് വിഭാഗത്തിന് 20 വർഷം മേളപ്രമാണിയായി. വാഴാലിക്കാവ്, കിള്ളിമംഗലം, അങ്ങാടിക്കാവ് എന്നിവിടങ്ങളിലും അനേകവർഷം മേളനിരയെ നയിച്ചു. അന്തിമഹാകാളൻ വേലയോടനുബന്ധിച്ച് വെങ്ങാനെല്ലൂർ ദേശത്തിന്റെ മേളപ്രമാണം പതിറ്റാണ്ടുകളോളം പ്രഭാകരന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിൽ അന്തിമഹാകാളന്റെ നടയിൽ വേല പുറപ്പെടുന്നതിനു മുമ്പുള്ള അടുക്കുകൊട്ടുക എന്ന ചടങ്ങ് നടത്തിവന്നത് ഇദ്ദേഹമാണ്.
കേരളത്തിനകത്തും പുറത്തുമായി ഒട്ടനവധി ഉത്സവങ്ങളിൽ മേളം, തായമ്പക എന്നിവയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തന്റെ കലാവൈദഗ്ധ്യം ഒട്ടനവധി പേർക്ക് പകർന്നുനൽകി. മന്ത്രി കെ. രാധാകൃഷ്ണൻ, നിരവധി കലാകാരന്മാർ, മറ്റു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും. ഭാര്യ: അംബുജാക്ഷി അമ്മ. മക്കൾ: മേളകലാകാരൻ ശ്രീജൻ, രഞ്ജിനി. മരുമക്കൾ: സംഗീത, പരേതനായ രാധാകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.