അധ്യാപകനും എഴുത്തുകാരനുമായ ഡോ.സി.ആർ രാജഗോപാലൻ അന്തരിച്ചു
text_fieldsതൃശൂർ: ശ്രീ കേരളവർമ്മ കോളജിലെ മലയാള വിഭാഗം മുൻ അധ്യാപകനും കേരളത്തിലെ പ്രശസ്ത ഫോക്‌ലോറിസ്റ്റുമായ ഡോ. സി.ആർ രാജഗോപാലൻ അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. തൃശൂർ അരണാട്ടുകരയിലാണ് താമസം. ശീതൾ വി.എസാണ് ഭാര്യ. നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ, തൃശൂർ ശ്രീ കേരളവർമ്മ കോളജ് മലയാളം ഗവേഷണകേന്ദ്രത്തിൽ റീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
മുടിയേറ്റ് നാടോടി നേരരങ്ങ്, ഗോത്രകലാവടിവുകൾ, കാവേറ്റം നാടൻ കലാപഠനങ്ങൾ, ഫോക്ലോർ സിദ്ധാന്തങ്ങൾ, എല്ലാം കത്തിയെരിയുകയാണ്, അലയുന്നവർ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. Summer Rain, Harvesting the Indigenous Knowledge of Kerala, പിള്ളേർത്താളം, നാട്ടറിവിന്റെ നിനവ്, ഉപ്പും ചോറും നാട്ടുചരിത്രം, മാളയുടെ നാട്ടുചരിത്രം, കൃഷിഗീത, പിറവി, വയൽക്കലകൾ എന്നിവ എഡിറ്റു ചെയ്തിട്ടുണ്ട്.
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച് നാട്ടറിവുകൾ പരമ്പരയിലെ കാട്ടറിവുകൾ, നാട്ടുഭക്ഷണം, നാട്ടുവൈദ്യം, സസ്യങ്ങളുടെ നാട്ടറിവ്, നാട്ടു സംഗീതം, കടലറിവുകൾ, കൃഷിനാട്ടറിവുകൾ, നാടോടിക്കൈവേല, പൂക്കളും പക്ഷികളും, ജന്തുക്കളും നാട്ടറിവും, നീരറിവുകൾ, പുഴയുടെ നാട്ടറിവുകൾ എന്നീ 12 പുസ്ത കങ്ങളുടെ ജനറൽ എഡിറ്റർ എന്നനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
നാടൻ പാട്ടുകളുടെ ഓഡിയോ ആൽബങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട്, സ്വിറ്റസർലാന്റ്, ഇറ്റലി, ഗ്രീസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നാടൻകലാ സംബന്ധമായി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ജനീവ കേന്ദ്രമായുള്ള ലോക ഭൗതിക സ്വത്തവകാശ സംഘടന (Wipo) നടത്തിയ പാരമ്പര്യ അറിവുകളുടെ യോഗത്തിൽ പങ്കെടുത്തു. 2002ൽ കേരള ഫോക്ലോർ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: ശീതൾ വി.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.