നാടക-സിനിമ സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു
text_fieldsകല്ലമ്പലം: പ്രശസ്ത സിനിമ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ.പി. പിള്ള (91) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.30 നായിരുന്നു അന്ത്യം.
1970 ൽ രാമു കാര്യാട്ടിന്‍റെ 'അഭയം' എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി സിനിമാരംഗത്ത് കടന്നു വന്ന അദ്ദേഹം 1971ൽ മധുവിന്‍റെ പ്രിയ എന്ന സിനിമയിലും തുടർന്ന് മയിലാടുംകുന്ന്, ഇൻക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ എന്നീ സിനിമകളിലും സഹ സംവിധായകനായി.
1974ൽ പുറത്തിറങ്ങിയ 'നഗരം സാഗരം' ആദ്യമായി സംവിധാനം ചെയ്തത്. വൃന്ദാവനം (1975), അഷ്ടമുടിക്കായൽ (1977), കതിർ മണ്ഡപം (1978), പാതിരാ സൂര്യൻ (1980), പ്രിയസഖി രാധ (1981) എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
വർക്കല ചിലക്കൂർ കുടവറത്ത് പരേതരായ പരമേശ്വരൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ്. വർക്കല ശിവഗിരി, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ കാൺപൂർ, അംബാല, അലഹാബാദ് , തമിഴ്നാട്ടിലെ താംബരം എന്നിവിടങ്ങളിൽ മലയാള നാടക സംവിധായകനായും നടനായും പ്രവർത്തിച്ചു.
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതയായ സരസ്വതി അമ്മയാണ് ഭാര്യ. മക്കൾ: പത്മം, ശാലിനി, പരേതയായ ഉമ, ബീന. മരുമക്കൾ: സാബു, പ്രദീപ്, ഗോപിനാഥൻ, ശശിധരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.