മണ്ണിനായി പോരാടിയ ഡാളി അമ്മൂമ്മ ഇനി നെയ്യാറിന്റെ വിരിമാറിൽ മയങ്ങും
text_fieldsബാലരാമപുരം: നെയ്യാറിന്റെ തീരത്തെ മണലൂറ്റിനെതിരെ സന്ധിയില്ലാസമരം ചെയ്ത് മണ്ണിനു വേണ്ടി ജീവിച്ച ഡാളി അമ്മൂമ്മ ഇനി ഓർമ. പതിറ്റാണ്ടുകളോളം ഇവർ മണൽ മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി.
മണ്ണിനും ജലത്തിനും വേണ്ടി ഡാളി പേരാടി പതിറ്റാണ്ടുകൾക്കൊടുവിൽ ഡാളിക്ക് തന്റെ കിടപ്പാടം പോലും നഷ്ടപ്പെട്ടു. ഇതോടെ മനോനില തെറ്റിയ നിലയിലായിരുന്നു.
നെയ്യാറ്റിൻകര ഓലത്താന്നി കടവട്ടാരം ഇടയിൽ മണ്ണടിയിൽ തെക്കേവഞ്ചിക്കുഴി വീട്ടിൽ ഡാളി എന്ന 90 വയസ്സുകാരി മണൽ ഖനനത്തിനെതിരെ പോരാടിയത് മൂന്ന് പതിറ്റാണ്ടോളം.
നെയ്യാറിന്റെ മാറ് കീറിയുള്ള മണൽ ഖനനത്തെ തുടർന്ന് ദിശമാറിയൊഴുകുന്ന നെയ്യാർ ഡാളിയുടെ വീടിന് ചുറ്റുമായി ഒഴുകാൻ തുടങ്ങി. ഡാളിയുടെ വീട്ടിലേക്ക് പോകുന്ന വഴിയുടെ ഇരുവശത്തും ഖനനം നടത്തിയതോടെ വീട്ടിലേക്കുള്ള വഴി കവർന്ന് നെയ്യാർ ഒഴുകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അധികൃതർ ഡാളിയെ മാറ്റി പാർപ്പിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികൾ ഇവർ നൽകിയിട്ടുണ്ട്. നെയ്യാറിന്റെ കരയിൽ ഇവരുടെ 24 സെന്റ് ഭൂമി ചുരുങ്ങി ഇപ്പോൾ 14 സെന്റായി. പതിറ്റാണ്ടുകളായ ഡാളിയുടെ പോരാട്ടത്തെ തുടർന്നാണ് പരസ്യമായ മണൽ ഖനനം നെയ്യാറ്റിൻകരയിൽ നിലച്ചത്. മണലൂറ്റുകാർ ഡാളിയുടെ വീട് തുരന്ന് മണലൂറ്റ് തുടങ്ങിയതോടെയാണ് മണൽ മാഫിയയുമായുള്ള പോരട്ടത്തിന് തുടക്കം കുറിച്ചത്.
ആദ്യകാലങ്ങളിൽ മണൽ മാഫിയ ഭീഷണിപ്പെടുത്തിയെങ്കിലും മരിക്കും വരെ ഭൂമി ആർക്കും വിട്ടുനൽകില്ലെന്നത് ഡാളിയുടെ വാശിയായിരുന്നു. ഖനനത്തിന് സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണി ഉയർന്നതോടെ അന്ന് ഡാളിക്ക് കലക്ടർ ഇടപെട്ട് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഡാളിയുടെ സ്ഥലത്തിന് ചോദിക്കുന്ന വില നൽകാമെന്ന ഓഫർ മണൽ മാഫിയ നൽകിയെങ്കിലും വഴങ്ങിയില്ല. എം.എൽ.എമാർ മുതൽ പരിസ്ഥിതി പ്രവർത്തകർ വരെ ഡാളിയുടെ വീട് സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം നൽകി മടങ്ങിയതല്ലാതെ തുടർനടപടികൾ സ്വീകരിച്ചില്ല.
ഡാളിയുടെ വീട്ടിലേക്കുള്ള നടപ്പാത കഴിഞ്ഞ മഴക്കാലത്ത് നിലംപൊത്താറായതോടെയാണ് ഇവരെ ഇവിടെനിന്നു മാറ്റി പാർപ്പിച്ചത്. ഡാളിക്ക് വീടു വെക്കുന്നതിന് കാട്ടക്കട താലൂക്കിലെ അമ്പൂരിയിൽ മൂന്ന് സെന്റ് സ്ഥലം അനുവദിച്ചു.
ഇതു വേണ്ടെന്ന നിലപാടെടുത്തു. മരണം വരെ നദി സംരക്ഷണത്തിനും മണലൂറ്റിനുമെതിരെ ശകതമായി ശബ്ദിക്കുമെന്ന് ഡാളി പറഞ്ഞുകൊണ്ടേയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.