ലൈറ്റ് ആൻഡ് സൗണ്ട് കടയുടമയുടെ ആത്മഹത്യ: വഴിവെച്ചത് കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി
text_fieldsതിരുവനന്തപുരം: കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. പട്ടം ഗൗരീശപട്ടം കൃഷ്ണയിൽ രാമചന്ദ്രൻ നായരുടെ മകൻ നിർമൽ ചന്ദ്രനാണ് (54) മരിച്ചത്. ഭാര്യ ഷീനയുടെ കുടുംബ വീടായ കല്ലമ്പലം ചേന്നൻകോട് പടത്തിപ്പാറ വീടിനു സമീപം സ്വന്തം ഉടമസ്ഥതയിലുള്ള ചിക്കൻ ഫാമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ച രണ്ടോടെ പട്രോളിങ്ങിനിടെ കല്ലമ്പലം പൊലീസാണ് ഇയാെള തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 35 വർഷമായി നിർമൽ ചന്ദ്രൻ ഗൗരീശപട്ടത്ത് മായ ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് അറിയപ്പെടുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഇത്.
നന്നായി പ്രവർത്തിച്ചിരുന്ന കട കോവിഡിെൻറ വരവോടെ പ്രതിസന്ധിയിലാകുകയായിരുന്നു. കുറച്ചുകാലമായി ഇദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ആദ്യ ലോക്ഡൗണോടെ വരുമാനം നിലയ്ക്കുകയും വാഹനങ്ങളുടെ മാസഅടവ് ഉൾപ്പെടെയുള്ളവ മുടങ്ങുകയും ചെയ്തു. മാസങ്ങളോളം കട തുറക്കാനാകാതെ വന്നതോടെ ജനറേറ്ററും വാഹനങ്ങളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. കടം വർധിച്ചതോടെയാണ് പലരിൽ നിന്നായി കടം വാങ്ങി ചേന്നൻകോട് ഭാര്യയുടെ വീടിനു സമീപത്ത് ഒരുവർഷം മുമ്പ് കോഴി ഫാം തുടങ്ങിയത്. എന്നാൽ, അത് ഉദ്ദേശിച്ച രീതിയിൽ ലാഭമായില്ല. കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഭീമമായ നഷ്ടവും വന്നു.
10 ലക്ഷം രൂപക്ക് മുകളിൽ നിർമലിന് കടമുള്ളതായി ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലും ഭാര്യയും മക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. കോഴി ഫാം തുടങ്ങിയതിനുശേഷം കൂടുതൽ ദിവസങ്ങളിലും ഇദ്ദേഹം ചേന്നൻകോട് ഫാമിന് സമീപത്തുള്ള ഭാര്യയുടെ കുടുംബ വീട്ടിലായിരുന്നു താമസം.
കടബാധ്യത കൊണ്ടുള്ള മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടെക്നോപാർക്ക് ജീവനക്കാരനായ മനീഷും ചെമ്പഴന്തി എസ്.എൻ കോളജിലെ ഡിഗ്രി വിദ്യാർഥിനി മനീഷയുമാണ് മക്കൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.