യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsവർക്കല: ഭർതൃപീഡനത്തിൽ യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.
ചെറുന്നിയൂർ കല്ലുമലക്കുന്നിൽ മേൽക്കോണം എസ്.എസ് നിവാസിൽ ശരണ്യ (22), രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച സന്ധ്യയോടെയാണ് വിവരം പുറത്തറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്താണ് ശരണ്യയുടെ ഭർത്താവ്. കല്ലറ സ്വദേശിനിയാണ് ശരണ്യ. നാലുവർഷം മുമ്പാണ് സുജിത്തുമായുള്ള വിവാഹം നടന്നത്.
സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടിൽ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയൽവാസികളും പറയുന്നു.
ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിവുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങിമരിച്ചിരിക്കാമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ആത്മഹത്യകുറിപ്പ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വർക്കല തഹസിൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ശരണ്യയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.