മുതിർന്ന സി.പി.ഐ നേതാവ് ഡി. പാണ്ഡ്യൻ അന്തരിച്ചു
text_fieldsചെന്നൈ: മുതിർന്ന സി.പി.ഐ നേതാവും മുൻ എം.പിയുമായ ഡി. പാണ്ഡ്യൻ നിര്യാതനായി. 88 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
കാരൈക്കുടിയിലെ അളകപ്പ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ റയിൽവേ ലേബർ യൂനിയൻ പ്രസിഡന്‍റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, തമിഴ്‌നാട് ആർട്ട് ആന്‍റ് ലിറ്ററി ഫെഡറേഷൻ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സി.പി.ഐ -സി.പി.എം ലയിക്കണമെന്ന് ആഗ്രഹിക്കുകയും,നിലപാട് ഉറക്കെ പറയുകയും െചയ്ത നേതാവ് കൂടിയാണ് പാണ്ഡ്യൻ. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പുത്തൂരില്‍ അദ്ദേഹത്തിന്റെ പ്രസംഗം മൊഴിമാറ്റാൻ നിയോഗിച്ചിരുന്നത് പാണ്ഡ്യനെ ആയിരുന്നു. സ്ഫോടന സമയത്ത് രാജീവ് ഗാന്ധിയുടെ തൊട്ടടുത്തുണ്ടായിരുന്ന അദ്ദേഹം പത്തടി ദൂരത്തേക്ക് തെറിച്ച് വീണു. വലത് വശത്തുണ്ടായിരുന്ന രാജീവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ രണ്ടു കഷ്ണമായപ്പോൾ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡ്യൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ കിടന്ന് കൊണ്ട് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്തത് മറ്റൊരു ചരിത്രം. പരേതയായ ജോയ്സാണ് ഭാര്യ. രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. ചെന്നൈയിലെ വസതിയിലും സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ ശീലംപട്ടിക്കടുത്ത ശീലവെള്ളമാട്ടിയിൽ കൊണ്ടുപോകുന്ന മൃതദേഹംനാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.