മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു
text_fieldsതിരുവനന്തപുരം: മുതിര്‍ന്ന മാധ്യമനിരൂപകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഇടതു ചിന്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 76 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.10ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുമല പാങ്ങോട് സെവന്ത് ഡേ സ്കൂൾ റോഡ് ഹൗസ് നമ്പർ 106 ശ്രീലകം വീട്ടിലായിരുന്നു താമസം. പ്രോവിഡന്‍റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം.
അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദനത്തിനിരയായ ഭാസുരേന്ദ്രബാബു കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. ഛിന്നഭിന്നമായ നക്സലൈറ്റ് പ്രസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കുശേഷം ജയിൽമോചിതനായ അദ്ദേഹം എം.എൽ പ്രസ്ഥാനങ്ങളുടെ സെൻട്രൽ റീ ഓർഗനൈസേഷൻ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകം അസി. സെക്രട്ടറിയായിരുന്നു. 1982ൽ വാളാട് നടന്ന കൺവെൻഷനുശേഷവും എം.എല്ലിന്‍റെ കേരളത്തിലെ പ്രധാന നേതാവായി തുടർന്നു.
എം.എൽ പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായഭിന്നതകളെ തുടർന്ന് നക്സൽ ബന്ധം ഉപേക്ഷിച്ച അദ്ദേഹം പിൽക്കാലത്ത് സി.പി.എമ്മുമായി അടുത്തു. ചാനൽ ചർച്ചകളിൽ സി.പി.എം ഔദ്യോഗിക വിഭാഗത്തിന്‍റെ ശക്തനായ വക്താവെന്ന നിലയിൽ ഇടപെട്ടു. നിരവധി ആനുകാലികങ്ങളിൽ സമകാലിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതി.
‘സദ്ദാം അധിനിവേശവും ചെറുത്തുനിൽപും’, ജെ. രഘുവിനൊപ്പം എഴുതിയ ‘മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം’, മൈത്രേയനൊപ്പം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘വിമോചന ദൈവശാസ്ത്രവും മാർക്സിസവും’ എന്നീ പുസ്തകങ്ങൾ ശ്രദ്ധനേടി. ഡി.ഡി. കൊസാംബി, ഓഷോ രജനീഷ് എന്നിവരുടെ ഗ്രന്ഥങ്ങൾ തർജമ ചെയ്തിട്ടുണ്ട്.
ആലപ്പുഴയിലെ തോണ്ടൻകുളങ്ങരയാണ് സ്വദേശം. കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയുടെയും ഇളയമകനാണ്. എസ്.ഡി.വി സ്കൂളിലും എസ്.ഡി കോളജിലുമായിരുന്നു പഠനം. ഭാര്യ: തലശ്ശേരി കതിരൂർ സ്വദേശിനി കെ. ഇന്ദിര. മക്കൾ: തനുജ ബാബു (ദുബൈ), ജീവൻ ബാബു (മലപ്പുറം മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ). മരുമകൻ: ജിജോ (ദുബൈ).
ഭാസുരേന്ദ്ര ബാബുവിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുരോഗമനപക്ഷത്തുനിന്ന മാധ്യമപ്രവർത്തകനും മാധ്യമവിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമസമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചുനിന്ന വ്യക്തിയായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഭാസുരേന്ദ്രബാബു വിഷയങ്ങളിൽ കൃത്യമായി പ്രതികരിച്ചു -എം.വി. ഗോവിന്ദൻ
സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ പ്രമുഖനായിരുന്ന ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗവാർത്ത ഞെട്ടലുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
യുവജനപ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ അദ്ദേഹവുമായി പരിചയപ്പെടാനായി. ആനുകാലിക വിഷയങ്ങളോട് പ്രതികരിച്ച് അദ്ദേഹം ഏറെ ശ്രദ്ധേയനായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.