ബ്രിട്ടീഷുകാലത്തെ അഞ്ചൽ ഓട്ടക്കാരൻ അണ്ണൻ വിട പറഞ്ഞു
text_fieldsവെള്ളമുണ്ട: പഴയ കാലത്ത് തപാൽ ഉരുപ്പടികൾ തലച്ചുമടായി ഗ്രാമങ്ങളിലെ തപാൽ ഓഫിസുകളിലേക്ക് എത്തിച്ച അഞ്ചലോട്ടക്കാരനായിരുന്ന (തപാൽ വാഹകൻ) അണ്ണൻ പിട്ടൻ (86) നിര്യാതനായി. അഞ്ചലോട്ടക്കാരിൽ വയനാട് ജില്ലയിലെ അവസാനത്തെ കണ്ണിയായിരുന്നു പതിയേടത്ത് കോമ്പിൽ അണ്ണൻ പിട്ടൻ.
യുവാവായിരുന്ന കാലത്ത് മണികിലുക്കി തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്ത് കാട്ടിയേരി മുതൽ വെള്ളമുണ്ട പഞ്ചായത്തിലെ വെള്ളമുണ്ട സബ് പോസ്റ്റ് ഓഫിസ് വരെ നാൽപതിലധികം കിലോമീറ്റർ ഓടിയും നടന്നുമായി തപാൽ ഉരുപ്പടികൾ എത്തിക്കുന്ന ജോലി ചെയ്തിരുന്നു.
മക്കിയാട്, തൊണ്ടർനാട്, കുഞ്ഞോം തപാൽ ഓഫിസുകളിലേക്കുള്ള ബാഗുകൾ പ്രത്യേകം കെട്ടി ഒന്നിച്ച് എടുത്ത് എത്തിക്കുന്ന ജോലിയാണ് അണ്ണൻ പിട്ടൻ ചെയ്തിരുന്നത്. ആ കാലഘട്ടങ്ങളിൽ ഫോൺ സൗകര്യമില്ലാത്തതിനാൽ കമ്പി എന്നറിയപ്പെട്ടിരുന്ന ടെലിഗ്രാം സന്ദേശങ്ങൾ എത്തിച്ച് കൊടുക്കേണ്ട ജോലിയും ഇദ്ദേഹത്തിനായിരുന്നു. അതിരാവിലത്തെ കൊടും തണുപ്പും കനത്ത മഴയും കാറ്റും സഹിച്ചുമായിരുന്നു ഓട്ടം.
ഓലക്കുടയും തൊപ്പിക്കുടയും അണിഞ്ഞ് അഞ്ചലോട്ടം നടത്തിയ അണ്ണൻ വടക്കേ വയനാട്ടുകാർക്ക് സുപരിചിതനായിരുന്നു. തുച്ഛമായ വേതനമായിരുന്നു കുടുംബത്തിെൻറ വരുമാനം. പെൻഷൻ ലഭിച്ചിരുന്നില്ല. ദുരിതപൂർണമായ ജീവിതമായിരുന്നു. ഭാര്യ: തേയി. മക്കൾ: കേളു, വെള്ളൻ, രാമൻ, ലീല, അമ്മു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.