അവധിക്ക് അവര്‍ മലകയറും, മഞ്ഞക്കൊന്നയുടെ വേരറുക്കാന്‍
text_fieldsമുത്തങ്ങ: അവധി ദിവസങ്ങളില്‍ ഇവർ മലകയറുന്നത് പ്രകൃതിയുടെയും വന്യമൃഗങ്ങളുടെയും പ്രയാസരഹിതമായ സഞ്ചാരത്തിന്. കോഴിക്കോട് ചിന്മയ മിഷന് സ്കൂളിലെ പരിസ്ഥിതി കൂട്ടായ്മയിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അവധി ദിവസങ്ങളില്‍ സംഘടിച്ചെത്തുന്നത് മഞ്ഞക്കൊന്ന എന്ന അധിനിവേശ സസ്യത്തെ വേരോടെ പിഴുതെറിയാനാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂളിലെ പൃഥ്വി പരിസ്ഥിതി ക്ലബിലെ കുട്ടികള്‍ മുത്തങ്ങ സന്ദര്ശിച്ചിടത്തുനിന്നാണ് തുടക്കം. അന്ന് സെന്ന സ്പെക്റ്റാബിലിസ് എന്നു പേരുള്ള മഞ്ഞക്കൊന്ന അഥവാ രാക്ഷസക്കൊന്നയുടെ ചെറുനാമ്പുകള്‍ മുത്തങ്ങയില്‍ വേരിട്ടിട്ടുണ്ടായിരുന്നു. ഇന്നിപ്പോള്‍ മുത്തങ്ങ വനത്തില്‍ 1400 ഹെക്ടറില്‍ മഞ്ഞക്കൊന്ന പടര്‍ന്നിരിക്കുന്നു. ഇതര സസ്യങ്ങളെ വളരാന്‍ അനുവദിക്കില്ല എന്നതാണ് മഞ്ഞക്കൊന്നയുടെ പ്രത്യേകത. അതിനാല്‍ കാട്ടില്‍ പല മൃഗങ്ങള്‍ക്കും തീറ്റ നഷ്ടപ്പെടുകയും പട്ടിണിയാവുകയും ചെയ്യുന്നു.
പൃഥ്വി ക്ലബിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന കൂട്ടായ്മയാണ് പൃഥ്വി റൂട്ട്. അവര്‍ മഞ്ഞക്കൊന്നയുടെ നശീകരണത്തിന് ഒരുമിച്ചിറങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച മുത്തങ്ങയില്‍ എത്തുന്ന ഇവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊന്നയുടെ വേരറുക്കുന്നതില്‍ വ്യാപൃതരാവും. വെറും വേരറുക്കല്‍ മാത്രമല്ല, പൂര്‍ണമായി ഡിബാര്ക്ക് ചെയ്താണ് വിടുക. അതോടെ ആ സസ്യം പിന്നീട് വളരില്ല. ഇത്തരത്തില്‍ 200 ഹെക്ടറിലെ 800ഓളം മരങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞതായി പൃഥ്വി റൂട്ട് സെക്രട്ടറി പി. സുഗമ്യ പറഞ്ഞു. ഏഴ് ആഴ്ചയായി ഈ ജോലി തുടങ്ങിയിട്ട്. വയനാട്ടിലെ മറ്റു പല സ്ഥലങ്ങളിലേക്കും മഞ്ഞക്കൊന്ന പടരുന്നതായി പൃഥ്വി റൂട്ട് പ്രവര്‍ത്തകര്‍ പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.