ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി അന്തരിച്ചു
text_fieldsകൊണ്ടോട്ടി (മലപ്പുറം): സാഹസികമായി ലോകംചുറ്റി ചരിത്രം കുറിച്ച സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരിയെന്ന ഇല്ല്യന്‍ മൊയ്തു (61) അന്തരിച്ചു. വൃക്ക സമ്പന്ധമായ അസുഖം കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്നു. രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിന് വിധേയനായി ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാവിലെ എട്ടിനാണ് മരണം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കുഴിമണ്ണ പഴയ ജുമഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും.
1959ല്‍ ഇല്ല്യന്‍ അഹമ്മദ്കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടേയും മകനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ജനിച്ചു. നാലാം ക്ലാസ്സ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. 1969 മുതലാണ് മൊയ്തു സഞ്ചാരം തുടങ്ങിയത്. 43 രാഷ്ട്രങ്ങളില്‍ 23 വര്‍ഷങ്ങളിലായി അതിസാഹസികമായി സഞ്ചരിച്ച മൊയ്തു കിഴിശ്ശേരി യാത്രാ ആനുഭവങ്ങളുമായി ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തുര്‍ക്കിയിലൊരു സാഹസിക യാത്ര, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, ലിവിങ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂതാഈ യു (യാത്രികെൻറ പ്രണയാനുഭവങ്ങള്‍) ദൂര്‍ കെ മുസാഫിര്‍, മരുഭൂ കാഴ്ചകള്‍ എന്നിവയാണ് പുസ്തങ്ങള്‍.
പാസ്പോർട്ടും വിസയൊന്നുമില്ലാത്ത യാത്രയായതിനാൽ പലപ്പോഴും ജയിലിലായി. യാത്രകള്‍ക്കിടയില്‍ ഇറാനില്‍ സൈനിക സേവനമനുഷ്ഠിച്ചു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1980-81ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായിരുന്നു. സഞ്ചാരത്തിനിടെ നിരവധി ഭാഷകളും പഠിച്ചെടുത്തു.
യാത്രക്കിടയിൽ സമാഹരിച്ച പുരാവസ്തുക്കള്‍ പിന്നീട് കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിക്ക് കൈമാറി. ചികിത്സക്ക് പണം ആവശ്യമായപ്പോയാണ് ഇവ നൽകാൻ തീരുമാനിച്ചത്. ഭാര്യ: സഫിയ. കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം ഹൈസ്‌കൂള്‍ അധ്യാപകന്‍ നാദിര്‍ഷാന്‍ ബുഖാരി, സജ്ന എന്നിവരാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.