മാരാരിക്കുളം: അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (55) മക്കളായ ലെനിൻ ജോസഫ് (അനിൽ-33), സുനിൽ ജോസഫ് (31) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. മാതാവ് മുറിയിലെ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും മക്കൾ മുറികളിലെ കട്ടിലുകളിൽ മരിച്ചനിലയിലുമായിരുന്നു.
ലെനിൻ ബോട്ടിൽ പോകുന്നതിനാൽ ആഴ്ചകൾ ഇടവിട്ടാണ് വീട്ടിൽ വരാറുള്ളത്. അയൽവീട്ടിൽ ആദ്യ കുർബാന ചടങ്ങ് നടക്കുന്നതിനാൽ ലെനിനും സുനിലും ശനിയാഴ്ച രാത്രി വീട്ടിൽ വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. മദ്യപിച്ച് ഇരുവരും കലഹിക്കാറുണ്ടെന്നും പറയുന്നു. ശനിയാഴ്ച രാത്രി എട്ടരക്ക് ഇരുവരെയും ഇവരുടെ വീടിന് മുന്നിൽ നിൽക്കുന്നത് കണ്ടവരുമുണ്ട്.
ഞായറാഴ്ച രാവിലെ അയൽവാസിയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് ആനിയെ തൂങ്ങിയ നിലയിൽ കണ്ടത്. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നില്ല. പരിസരവാസികൾ അകത്ത് കടന്നു നോക്കിയപ്പോഴാണ് മക്കളും മരിച്ചതായി കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ്, മണ്ണഞ്ചേരി സി.ഐ പി.കെ. മോഹിത്, മാരാരിക്കുളം സി.ഐ എസ്. രാജേഷ്, എസ്.ഐ. കെ.ആർ. ബിജു ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് വൈകീട്ടോടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശാസ്ത്രീയ വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് ഡോക്ടർമാരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോവിഡ് പരിശോധനക്കുശേഷം തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും. മക്കളുടെ മരണകാരണം എന്താണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ലെനിനും സുനിലും അവിവാഹിതരാണ്. പിതാവ് രഞ്ജിത് നാലുവർഷം മുമ്പാണ് മരിച്ചത്. വീട്ടിൽ അമ്മയും മക്കളും മാത്രമാണുണ്ടായിരുന്നത്.