മുണ്ടൂർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പുലാപ്പറ്റ തോട്ടുപ്പാലം മഴുവഞ്ചേരി വീട്ടിൽ ദീപയാണ് (37) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം.
കോങ്ങാട് ഭാഗത്തുനിന്ന് പാലക്കാട്ടേക്കു പോകുന്ന സ്കൂട്ടറും എതിരെ വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവതിയെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് പാലന ആശുപത്രിയിലെ മൈക്രോബയോളജി ലാബ് ഇൻ ചാർജായി ജോലി ചെയ്തുവരുന്ന ദീപ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയിലാണ് അപകടത്തിൽപെട്ടത്.
മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭർത്താവ്: ബിനോയ്. മക്കൾ: എൽസ, എയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുലാപ്പറ്റ ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.