താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. മാത്യു പുള്ളോലിക്കൽ (78) നിര്യാതനായി. ഈരുട് വിയാനി വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെന്റ് മൈക്കിൾസ് ഇടവകയിൽ പരേതരായ പുള്ളോലിക്കൽ കുര്യാക്കോസ് ഏലി ദമ്പതികളുടെ മകനാണ്. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ വൈദിക പരിശീലനത്തിനൊടുവിൽ പാളയം സെന്റ് മൈക്കിൾസ് ഇടവകയിൽ വെച്ച് 1974 ഡിസംബർ 18ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു.
1974ൽ കൂരാച്ചുണ്ട് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി. അങ്ങാടിക്കടവ്, ആലക്കോട് എന്നീ ഇടവകകളിലും അസിസ്റ്റന്റ് വികാരിയായി സേവനംചെയ്തു. തുടർന്ന് രണ്ടാംകടവ്, അരിക്കാമല, കക്കാടംപൊയിൽ, ചെമ്പുകടവ്, പൂഴിത്തോട്, മഞ്ചേരി, കൂമംകുളം, കുപ്പായക്കോട്, ചാപ്പൻതോട്ടം, വിലങ്ങാട്, ചെമ്പനോട, കല്ലാനോട്, കൂരാച്ചുണ്ട്, കല്ലുരുട്ടി, കാക്കവയൽ, വാണിയമ്പലം, വലിയകൊല്ലി, വാലില്ലാപ്പുഴ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും മേഖല ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. 2019ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു.
സഹോദരങ്ങൾ: മേരി മാത്യു വയലുങ്കൽ, പങ്ങട പരേതരായ അന്നക്കുട്ടി എള്ളുങ്കൽ, ത്രേസ്യാമ്മ മാലിയിൽ, കുര്യാക്കോസ് പുള്ളോലിക്കൽ, ഏലിക്കുട്ടി (പുതിയാപറമ്പിൽ), ജോസഫ് പുള്ളോലിക്കൽ ചേർപ്പുങ്കൽ. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9.30ന് ഈരുട് സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.