Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഡോക്ടർ പറഞ്ഞു-'ആറ്...

ഡോക്ടർ പറഞ്ഞു-'ആറ് ദിവസം മുമ്പ് ഇവിടെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'; ലക്ഷദ്വീപുകാരുടെ ദുരിതങ്ങളുടെ നേർക്കാഴ്ചയാണ് ഈ പോസ്റ്റ്

text_fields
bookmark_border
ഡോക്ടർ പറഞ്ഞു-ആറ് ദിവസം മുമ്പ് ഇവിടെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു; ലക്ഷദ്വീപുകാരുടെ ദുരിതങ്ങളുടെ നേർക്കാഴ്ചയാണ് ഈ പോസ്റ്റ്
cancel

കൊച്ചി: കിൽത്താൻ ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്താൻ താമസിച്ചപ്പോൾ ഒരു കുടുംബത്തിന് മാതാവിനെയും ഗർഭസ്ഥ ശിശുവിനെയും നഷ്ട​​പ്പെട്ട സംഭവത്തിലൂടെ ലക്ഷദ്വീപുകാർ ചികിത്സക്കും യാത്രക്കും നേരിടുന്ന ദുരിതങ്ങൾ വിവരിക്കുകയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ചോദ്യം ചെയ്തതിന് രാജ്യദ്രോഹക്കേസ് ചുമത്തി ഐഷയുടെ വീട്ടിൽ റെയ്ഡ് നടന്ന ദിവസത്തെ ഒരു സംഭവമാണ് ഐഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കിൽത്താൻ ദ്വീപിൽ നിന്നും കളമ​ശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരാൻ വൈകിയതിനാൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവമാണ് ലക്ഷദ്വീപ് സമരങ്ങളുടെ മുൻനിരയിലുള്ള ഐഷ വിവരിക്കുന്നത്. ആറ് ദിവസം മുമ്പേ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവരെ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ആംബുലൻസിൽ വെച്ചുതന്നെ ആ സ്ത്രീ മരിച്ചിരുന്നു. പക്ഷേ, കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഓപ്പറേഷനിലൂടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. ആ അമ്മയെയും കുഞ്ഞിനേയും ആലുവ പള്ളിയിൽ തന്നെ ഖബറടക്കുകയും ചെയ്തു.

ഇങ്ങനെ പല അനുഭവങ്ങൾക്കും താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെയാണ് ലക്ഷദ്വീപ് ജനതക്കുവേണ്ടി സംസാരിക്കുന്നതെന്നും ഐഷ പറയുന്നു. 'ദ്വീപിലേക്ക് ഹോസ്പിറ്റൽ വേണമെന്ന് പറയുമ്പോൾ പരിഹസിക്കുന്ന നിങ്ങൾ, യാത്രാസൗകര്യം വേണമെന്ന് പറയുമ്പോഴും എന്നെ പരിഹസിക്കുന്നു. ഇതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ നിങ്ങളുടെ പരിഹാസത്തിന് സാധിക്കില്ല എന്നതാണ് സത്യം. ആ ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും കിട്ടുന്നത് വരെ ഞങ്ങൾ പോരാടും' -ഐഷ പറയുന്നു.

ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

എന്റെ വീട്ടിൽ റെയ്ഡ് നടന്ന ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? അന്ന് നടന്നൊരു അനുഭവം ഞാൻ പങ്കുവെക്കാം. അന്വേഷണ ഉദ്യോഗസ്ഥൻ ബെന്നിയും ടീമും അനിയനെ ചോദ്യം ചെയ്ത് അവന്റെ ലാപ്ടോപ്പും എടുത്തോണ്ട് പോയി. അന്ന് ഞാൻ ഗേറ്റിന്റെ പുറത്ത് വന്ന് മീഡിയയെ കണ്ട ശേഷം നേരെ പോയത് 'ചലച്ചിത്രം' എന്ന സ്റ്റുഡിയോയിലേക്കാണ്. അവിടെ 'ഫ്ലഷ്' സിനിമയുടെ ഡബ്ബിങ് നടക്കുന്നുണ്ടായിരുന്നു. ഏതാണ്ട് അന്ന് രാത്രി 9.30 വരെ ഡബ്ബിങ് നീണ്ടു നിന്നു. അപ്പോ​ഴാണ് ആ സിനിമയുടെ പ്രൊഡക്ഷൻ കൺ​ട്രോളറായ യാസറിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നത്,അവന്റെ ഭാര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന്. കേട്ടപാതി ഞങ്ങൾ എല്ലാവരും ഡബ്ബിങ് നിർത്തിവെച്ചിട്ട് നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവൾ പ്രെഗ്നന്റ് ആയിരുന്നു. ഛർദിൽ കാരണം കുറച്ച് വീക്ക് ആയെന്നാണ് സിസ്റ്റർമാർ പറഞ്ഞത്. ഡ്രിപ്പിട്ട് കിടത്തണം പോലും. അങ്ങനെ ഞങ്ങൾ എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുകയാണ്.

എന്റെ കൂടെ നാദി, പ്രണവ്, ശർഷാദ് എന്നിവർ ഉണ്ട്. സമയം ഏതാണ്ട് 11.30 ആവാറായി. യാസറിന്റെ നമ്പറിലേക്ക് കോളുകൾ വരുന്നുണ്ട്. അവൻ ഭാര്യയുടെ അടുത്ത് നിൽക്കുന്നത് കാരണം ഫോൺ എന്റെ കയ്യിലായിരുന്നു. തുടരെ തുടരെ വരുന്നൊരു കോൾ കണ്ടപ്പോൾ ഞാൻ എടുത്തു.

A: ഹലോ യാസറേ, ഓടിപ്പോ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്
ഞാൻ: എന്ത്‌ സംഭവിച്ചു?
A: ഇത്‌ ഇതാരാ, യാസർ എവിടെ?
ഞാൻ: ഞാനാണ് ഐഷ സുൽത്താന
A: മൂത്തോളെ (ആ വിളിയിൽ അവന്റെ ശബ്ദം ഇടറിയിരുന്നു) കളമശ്ശേരി മെഡിക്കൽ കോളേജ് (അവനൊന്നും വേറെ പറയാൻ കിട്ടുന്നില്ല)
(എനിക്ക് ഏതാണ്ട് കാര്യം പിടികിട്ടി)
ഞാൻ: അവിടെ ആരാ കൂടെ ഉള്ളതെന്ന് വെച്ചാൽ അവരുടെ നമ്പർ എനിക്ക് ഉടനെ അയക്ക്, ഇത്‌ ഞാൻ നോക്കി കൊള്ളാം (എന്നും പറഞ്ഞ് ഞാൻ കോൾ കട്ട്‌ ചെയ്തു).

ഉടനെ മൊബൈലിലേക്ക് നമ്പർ വന്നു. ഞാൻ നിൽക്കുന്ന ഹോസ്പിറ്റലിൽ യാസറിന്റ കൂടെ ശർഷാദിനെ നിർത്തിയിട്ട് ഞാനും നാദിയും പ്രണവും കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വിട്ടു. നല്ല പെരുമഴ. യാസറിന്റെ മൊബൈൽ എന്റെ കയ്യിൽ ആയിരുന്നു. കാരണം, എന്റെ മൊബൈൽ പൊലീസിന്റെ കയ്യിൽ ആയിരുന്നല്ലോ... പെരുമഴയത്ത് മെഡിക്കൽ കോളേജിന്റെ ഗേറ്റ് കടന്നുചെന്ന് അകത്തൊരു സെക്യൂരിറ്റിയോട് ദ്വീപിലെ ആർക്കോ എന്തോ പറ്റിയിട്ടുണ്ടല്ലോ, അവരിപ്പോൾ എവിടെയാ ഉള്ളതെന്ന് ചോദിച്ചപ്പോൾ കുറച്ച് ഉള്ളിലേക്കൊരു വഴി കാണിച്ചുതന്നു. ഞങ്ങൾ വീണ്ടും കാറും എടുത്ത് ആ വഴി പോയി. കാടുപിടിച്ചു ഇടുങ്ങിയ വഴിയിലൂടെ ഒരു സ്ഥലത്ത് എത്തി. പുറത്ത് ആംബുലൻസ് ഇട്ടിട്ടുണ്ട്. ഡ്രൈവറും മറ്റും പുറത്ത് നിൽപ്പുണ്ട്. നാദിയെയും പ്രണവിനെയും കാറിൽ തന്നെ ഇരുത്തിയിട്ട് ഞാൻ മാത്രം ഇറങ്ങി. അപ്പോഴും നല്ല മഴ. ഞാൻ നടന്നുചെന്ന് ആംബുലൻസിന്റെ അടുത്തേക്ക് എത്തിയതും ഹോസ്പിറ്റലിന്റെ അകത്തുനിന്നും പൊതിഞ്ഞു സ്ട്രക്ച്ചറിൽ ഇറക്കുന്ന ബോഡി എത്തിയതും ഒരുമിച്ചാണ്.

ഞാനാ ഡെഡ്ബോഡിയിലേക്ക് നോക്കി. ആ ബോഡിയുടെ വയറു വീർത്തു കിടപ്പുണ്ട്. ഒന്നുടെ ഞാൻ സൂക്ഷിച്ചുനോക്കി. ഞെട്ടിപ്പോയി. ആ വയറിനുള്ളിൽ ഒരു കുഞ്ഞുവാവ. അതൊരു ഒമ്പത് മാസം തികഞ്ഞ സ്ത്രീ ആയിരുന്നു. ആ ഒരുനിമിഷം എനിക്കുണ്ടായ ഷോക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഞാനും ഒരു സ്ത്രീയാണ്. പെട്ടെന്ന് ഞാൻ എന്റെ മനഃസാന്നിധ്യം തിരിച്ചുപിടിച്ചു. എന്നിട്ട് സിസ്റ്റർമാരോടായി

ഞാൻ: ആംബുലൻസിൽ ഈ ബോഡി കയറ്റുന്നതിനു മുമ്പ് എനിക്ക് ഡോക്ടറെ കാണണം. ബോഡിയുടെ കൂടെ ഉണ്ടായിരുന്ന നാല് നഴ്സുമാരിൽ ഒരാൾ പറഞ്ഞു-'ഡോക്ടറെ കാണാൻ സാധിക്കില്ല. പ്രത്യേകിച്ചു ഈ സമയത്ത്. ഈ സ്ത്രീയുടെ ഹസ്ബൻഡ് ആണ് ആ കിടക്കുന്നത്. അവരോട് എല്ലാം പറഞ്ഞിട്ടുണ്ട്'. ഞാൻ ആ സിസ്റ്റർ കാണിച്ച ഭാഗത്തേക്ക്‌ നോക്കി. അവിടെ ഒരാൾ നിലത്ത് തളർന്ന് കിടപ്പുണ്ട്. ഞാൻ ഓടിച്ചെന്നു അയാളെ എടുത്തിരുത്തി തൊട്ടടുത്ത് വെച്ച വെള്ളം എടുത്ത് കൊടുത്തു. അയാൾക്ക് ബോധമില്ലയെന്ന് മനസ്സിലായി. ഞാൻ തിരിച്ച് സിസ്റ്ററിന്റെ അടുത്തേക്ക് എത്തി.

ഞാൻ: ഡോക്ടർ ഇരിക്കുന്ന റൂം കാണിക്കൂ, ഞാൻ അങ്ങോട്ട് ചെന്ന് സംസാരിക്കാം plsss...
അതുകേട്ട് സിസ്റ്റർ അകത്തേക്ക് പോയി. അഞ്ച് മിനിറ്റ് പോലും തികഞ്ഞില്ല. ഡോക്ടർ ഞാൻ നിന്ന ഇടത്ത് എത്തി.
ഞാൻ: ഡോക്ടർ എന്താ സംഭവിച്ചത്?
ഡോക്ടർ: ഒരു ആറ് ദിവസം മുമ്പേ തന്നെ പ്രസവത്തിനു വേണ്ടി ഇവിടെ എത്തിച്ചിരുന്നുവെങ്കിൽ ഇവരെ രക്ഷിക്കാമായിരുന്നു. ഇന്നാണ് ഇവരെ ഇവിടെ എത്തിച്ചത്. ആംബുലൻസിൽ വെച്ച് തന്നെ ആ സ്ത്രീ മരിച്ചു് പക്ഷേ, കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഓപ്പറേഷനിലൂടെ കുഞ്ഞിനെ രക്ഷിക്കാമെന്ന് വെച്ചപ്പോൾ മിനിറ്റുകൾക്കകം കുഞ്ഞും മരിച്ചു. ഇനിയിപ്പോൾ പോസ്റ്റുമോർട്ടം നാളെ ചെയ്തിട്ട് ബോഡി തിരികെ തരാം. (ഞാനവിടെ നിന്ന് ആ ഭർത്താവിനെയും കൂട്ടി തിരിച്ചുപോന്നു. പിറ്റേന്ന് ആ ഉമ്മയെയും കുഞ്ഞിനേയും ആലുവ പള്ളിയിൽ തന്നെ കബറടക്കം ചെയ്തു.)

കിൽത്താൻ ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്താൻ താമസിച്ചപ്പോൾ ഒരു കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ ജീവനും ജീവിതവും തന്നെയാണ്...ഇങ്ങനെ എത്ര എത്ര അനുഭവങ്ങളാണ് ഈ കൊച്ചിയിൽ ഇരുന്ന് ഞാൻ കണ്ടിട്ടുള്ളതെന്ന് അറിയുമോ നിങ്ങൾക്ക്? ദ്വീപിലേക്ക് ഹോസ്പിറ്റൽ വേണമെന്ന് പറയുമ്പോൾ പരിഹസിക്കുന്ന നിങ്ങൾ, യാത്രാസൗകര്യം വേണമെന്ന് പറയുമ്പോഴും നിങ്ങൾ എന്നെ പരിഹസിക്കുന്നു. കൊച്ചിയിൽ ഇരുന്നിട്ട് ഇതൊക്കെ പറയാൻ നാണമില്ലേയെന്ന് വരെ ചോദിച്ചവരുണ്ട്.

ഞാനീ കൊച്ചിയിൽ ഉള്ളത് കൊണ്ടാണ് ഇത്തരം കാഴ്ചകൾക്ക് സാക്ഷിയായത്. അതുകൊണ്ട് തന്നെയാണ് ആ ജനതയ്ക്ക് വേണ്ടി ഞാൻ ശബ്ദിക്കുന്നത്. ഇതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ നിങ്ങളുടെ പരിഹാസത്തിന് സാധിക്കില്ല എന്നതാണ് സത്യം... ആ ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും കിട്ടുന്നത് വരെക്കും ഞങ്ങൾ പോരാടും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aisha sultanaviral fb postsLakshadweep Issuelakshadweep
News Summary - Aisha Sultana's fb post about Lakshadweep travel issue
Next Story