ചാലിയാർ... ഇനിയും ബാക്കിയുണ്ടോ എന്തെങ്കിലും?
text_fieldsനിലമ്പൂർ: മുമ്പൊരിക്കലും ചാലിയാർ ഇങ്ങനെ ഒഴുകിയിട്ടുണ്ടാവില്ല. കുഞ്ഞു കൈകളും കാലുകളും പാതിയുടലുകളുമായി എത്രമേൽ അസ്വസ്ഥതകളോടെയാവും ഈ പുഴ ഒഴുകിയത്? കഴിഞ്ഞ 30ന് പുലർച്ചെയാണ് ചാലിയാറിന്‍റെ മട്ടും ഭാവവും മാറിയത്. മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ ചിന്നഭിന്നമായ ശരീരങ്ങളുമായാണ് ചാലിയാർ ഒഴുകിയത്. 30 കിലോമീറ്ററോളം ദൂരത്തിൽ പല കടവുകളിലേക്ക് ചിതറിയ മനുഷ‍്യശരീരങ്ങൾ ഈ പുഴ കൊണ്ടുവന്നു. ചിലത് കടവുകളിലിട്ടു. ചിലത് മണ്ണിൽ പുതച്ചു. 235 മനുഷ‍്യശരീരങ്ങളും ശരീരഭാഗങ്ങളുമാണ് ഈ പുഴയിൽ നിന്നും കണ്ടെടുത്തത്. ഇനിയെത്ര മണ്ണിലൊളിപ്പിച്ചിട്ടുണ്ടെന്ന് ആർക്കറിയാം.
ജീവനോടെ ആരെയും ലഭിക്കുമെന്ന് രക്ഷാദൗത‍്യസംഘത്തിന് പ്രതീക്ഷ ഉണ്ടാവില്ല. പ്രാണനറ്റുപോയെങ്കിലും പുർണരൂപത്തിലുള്ള മൃതശരീരങ്ങളെങ്കിലും കിട്ടിയാൽ ആദരപൂർവം മറമടക്കാനും സംസ്കരിക്കാനും ബന്ധുക്കൾക്ക് ആശ്വാസമാവാനും സാധിക്കുമല്ലോ എന്ന ചിന്തയായിരുന്നു എല്ലാവരുടെയും ഉള്ളിൽ. അതു പക്ഷെ അപൂർവമായേ സംഭവിച്ചുള്ളൂ. തിരിച്ചറിയാനാവാത്ത വിധമായിരുന്നു പുഴ മൃതശരീരങ്ങളെ നാടിന് നൽകിയത്.
ഒരാഴ്ചക്കാലം ചാലിയാറിന്‍റെ തീരങ്ങളിൽ ഉറങ്ങാത്ത രാവുകളായിരുന്നു. സമാനതകളില്ലാത്ത വിധം തീരങ്ങളിലും കാട്ടിലും മനുഷ‍്യശരീരഭാഗങ്ങൾ, തിരച്ചിൽ നടത്തുന്ന സന്നദ്ധപ്രവർത്തകരുടെ ഓട്ടപ്പാച്ചിലുകൾ, പൊലീസ്, ഫയർഫേഴ്സ്, വനപാലകർ, തണ്ടർബോൾട്ട് തുടങ്ങിയ സേനകൾ... മുണ്ടേരി ഫാം അങ്കണം ചരിത്രത്തിലില്ലാത്ത അനുഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. നിലമ്പൂർ ജില്ല ആശുപത്രി അതിലേറെ അനുഭവങ്ങളുടെ രാപ്പകലുകളാണ് പിന്നിട്ടത്. ഉറ്റവരുടെ വിങ്ങലുകൾ, തേങ്ങലുകൾ, കരച്ചിലുകൾ, നെഞ്ച് തകർക്കും കാഴ്ചകൾ ഇവയൊക്കെയായിരുന്നു കടന്നുപോയത്.
തെളിഞ്ഞ ആകാശത്തിന് കീഴെ ചാലിയാർ ഇന്നലെ മുതൽ ശാന്തമായി. മട്ടും ഭാവവും പാടെമാറി. കുത്തൊഴുക്കില്ല, തവിട്ട് നിറം കുറഞ്ഞ് വെള്ളത്തിന് തെളിച്ചം വന്നു തുടങ്ങി. എണ്ണം കുറച്ച് രണ്ട് ശരീരഭാഗങ്ങളാണ് തിങ്കളാഴ്ച പുഴ തന്നത്. എങ്കിലും ആത്മഹർഷത്തോടെ കണ്ടിരുന്ന ചാലിയാറിനെ നാട്ടുകാർ ആശങ്കയോടെയാണ് നോക്കുന്നത്. ഉരുൾ പ്രാണനെടുത്ത ബാക്കി ശരീരം ഇനിയുമുണ്ടെന്ന തോന്നൽ വിട്ടുമാറുന്നില്ല. കടവുകളിലൊന്നും തുണി അലക്കുന്ന വീട്ടമ്മമാരെ കാണാനില്ല, നീരാട്ടമില്ല, ചാലിയാറിലെ നിത‍്യക്കാഴ്ചകളായിരുന്ന സ്വർണം അരിപ്പുകാരും വലവീശൽകാരുമില്ല. തീരങ്ങളിൽ അങ്ങിങ്ങായി അവശേഷിപ്പുകൾക്കായി തിരച്ചിൽ നടത്തുന്നവർമാത്രം.
രൗദ്രഭാവം ചാലിയാറിന്‍റെ സ്ഥായീഭാവമല്ല. ദുരന്തം ഒഴുകിവന്നപ്പോൾ തടഞ്ഞുനിർത്താൻ ഈ മഹാനദിക്കുമായിട്ടുണ്ടാവില്ല. പിറവി പശ്ചിമഘട്ടമാണ്. നീലഗിരി മലമടക്കുകളിൽ നിന്നുള്ള അനേകം നീർചോലകളാണ് ചാലിയാറിന്‍റെയും പോഷക നദികളുടെയും ജീവൻ നിലനിർത്തുന്നത്. ഇവയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയോ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാവുമ്പോൾ ദുരന്തവാഹിനിയായി ചാലിയാർ പരിണമിക്കുകയാണ്. അനിവാര്യമായ ദുഃഖം പുഴ ഏറ്റുവാങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.