'ചുരം ഇടിഞ്ഞാലും വേണ്ടില്ല, ടോറസുകൾ സ്വൈരവിഹാരം നടത്തട്ടെ'...ഒത്താശ ചെയ്ത് കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങൾ
text_fieldsവയനാട്ടിലും കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെത്താൻ വയനാട്ടുകാർ പ്രധാനമായി ആശ്രയിക്കുന്ന ലക്കിടി ചുരം റോഡ് മുമ്പെങ്ങുമില്ലാത്ത വിധം അപകട ഭീതിയിലും. കടുത്ത വേനലിൽ ഏതാനും ആഴ്ചകൾക്കുമുമ്പാണ് ചുരത്തിൽ കൂറ്റൻ പാറക്കല്ല് ഇളകി വീണ് ബൈക്ക് യാത്രികൻ മരിച്ചത്. മഴ കനക്കുന്ന വേളയിൽ ചുരത്തിൽ അങ്ങിങ്ങ് മണ്ണിടിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. വെള്ളിയാഴ്ച മണ്ണിടിഞ്ഞും മരം വീണും ചുരത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ചുരം റോഡിന്റെ നിലനിൽപുതന്നെ അപകടത്തിലായിരിക്കുന്ന ഈ സമയത്ത് പക്ഷേ, അതിന് ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ മടികാട്ടുകയാണ് കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങൾ. ചുരം റോഡിന് കടുത്ത ഭീഷണിയുയർത്തുന്ന തരത്തിൽ അമിത ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരത്തിന് കോരിച്ചൊരിയുന്ന മഴയിലും ഒരു നിയന്ത്രണവും ഏർപെടുത്താൻ അധികൃതർ തയാറാവാത്തത് ചർച്ചയാവുകയാണ്. പകലും രാത്രിയുമെന്ന ഭേദമില്ലാതെ കൂറ്റൻ വാഹനങ്ങൾ നിരന്തരം കയറിയിറങ്ങുമ്പോഴും നിരോധനമോ നിയന്ത്രണമോ ഒന്നും അധികൃതരുടെ ചർച്ചകളിൽ പോലുമില്ല.
കനത്ത മഴയെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മിക്കതും അടഞ്ഞുകിടക്കുമ്പോഴാണ് ചുരത്തിന്റെ സുരക്ഷയിൽ ജില്ല ഭരണകൂടങ്ങൾക്ക് ആധിയൊന്നുമില്ലാതെ പോകുന്നത്. അമിതഭാര വാഹനങ്ങളുടെ നിരന്തര സഞ്ചാരമാണ് ചുരത്തിൽ പാറക്കല്ലുകൾ ഇടിഞ്ഞുവീഴാൻ വഴിയൊരുക്കുന്നതെന്ന് പല കോണുകളിൽനിന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും അതേക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണത്തിനുപോലും അധികൃതർ തയാറാവുന്നില്ല.
എല്ലാ വർഷവും മഴ കനത്തുപെയ്യുമ്പോൾ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപെടുത്തുന്നത് പതിവാണ്. പണ്ട് കണ്ടെയ്നർ ലോറികൾക്കും 'കൂടുതൽ ടയറുകളുള്ള' ചരക്കുവാഹനങ്ങൾക്കുമായിരുന്നു നിയന്ത്രണം ഏർപെടുത്തിയിരുന്നത്. എന്നാൽ, ചുരം റോഡിന്റെ സമീപകാലത്തെ ഏറ്റവും വലിയ ഭീഷണി 24 മണിക്കൂറും ഒരു നിയന്ത്രണവുമില്ലാതെ സർവിസ് നടത്തുന്ന, അനുവദിക്കപ്പെട്ടതിനേക്കാൾ എത്രയോ അധികം ഭാരവുമായി മല കയറുന്ന കൂറ്റൻ ടോറസ്, ടിപ്പർ ലോറികളാണ്. വലിയ പാരിസ്ഥിതിക ആഘാതമേൽപിക്കാത്ത രീതിയിൽ വയനാട് ജില്ലയിലെ ചില ക്വാറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയും ചുരം കയറിയെത്തുന്ന ടോറസുകൾക്ക് നിയന്ത്രണമേർപെടുത്തുകയും വേണമെന്ന മുറവിളി കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഗൗനിക്കാറില്ല.
മലയോര മേഖല കേന്ദ്രീകരിച്ചുള്ള ക്വാറി-ക്രഷർ മാഫിയയുടെ നിയന്ത്രണത്തിലുള്ള ഈ അമിത ഭാരവാഹനങ്ങൾ അധികൃതരുടെ അരുമകളായതിനാൽ, ഇതുവരെ ഒരുതരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. 2018ലെ പ്രളയകാലത്ത് വ്യാപകമായി മണ്ണിടിഞ്ഞപ്പോൾ ടിപ്പറുകളുടെ സഞ്ചാരം അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ല കലക്ടർ 'കൂടുതൽ ടയറുകളുള്ള' വാഹനങ്ങൾക്ക് നിരോധനമേർപെടുത്തി പുറത്തിറക്കിയ ഉത്തരവ് ഏറെ വിവാദമായിരുന്നു.
തങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നായതിനാൽ രാഷ്ട്രീയ കക്ഷികളുടെ 'വാത്സല്യം' ഇവർക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് മറ്റു വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപെടുത്തിയിട്ടും ടോറസുകൾക്ക് 'അവശ്യ സർവീസ്' ഉൾപെടെയുള്ള പഴുതുകളിലൂടെയടക്കം അനുമതി നൽകിയ അതിശയങ്ങളും അരങ്ങേറിയിരുന്നു. ജീവനും കൈയിൽപിടിച്ച് ചുരമിറങ്ങിയെത്തുന്ന ആംബുലൻസുകളുടെ പാതകളിലടക്കം സ്ഥിരമായി വിഘ്നങ്ങൾ സൃഷ്ടിക്കുന്ന ഇവയുടെ സ്വൈരവിഹാരത്തിന് നിയന്ത്രണങ്ങളെങ്കിലും ഏർപെടുത്തുന്നതിനെക്കുറിച്ച് ഇരുജില്ല ഭരണകൂടങ്ങൾ ഒരിക്കലും താൽപര്യം കാട്ടാറില്ല. ആയിരക്കണക്കിന് ലോഡ് പ്രതിദിനം ചുരം കയറിയെത്തിയിട്ടും സംസ്ഥാനത്തുതന്നെ നിർമാണ സാമഗ്രികൾക്ക് ഏറ്റവും കൂടുതൽ വിലക്കൂടുതലുള്ള ജില്ലയാണിന്നും വയനാട്.
വമ്പൻ ടോറസുകളുടെ അനിയന്ത്രിത സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തേണ്ടേ എന്ന ചോദ്യത്തിന് 'അത് അതാവശ്യമാണ്' എന്നായിരുന്നു മാസങ്ങൾക്കുമുമ്പ് വയനാട് ജില്ല കലക്ടറുടെ പ്രതികരണം. എന്നാൽ, ചുരം റോഡ് കോഴിക്കോട് ജില്ല ഭരണകൂടത്തിന് കീഴിലായതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും വിശദീകരണം. കോഴിക്കോട് ജില്ല ഭരണകൂടമാകട്ടെ, വയനാട് ചുരം റോഡിന്റെ കാര്യത്തിൽ കാര്യമായ താൽപര്യമെടുക്കാറില്ലെന്ന ആക്ഷേപം വർഷങ്ങളായി ശക്തമാണ്. എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയും ഇതേക്കുറിച്ച് പരിശോധിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അതുസംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ചുരം റോഡ് സംരക്ഷണം മുൻനിർത്തി അമിതഭാര വാഹനങ്ങളുടെ നിയന്ത്രണത്തിനായി പല കോണുകളിൽനിന്നും ആവശ്യമുയരുമ്പോഴും ക്വാറി മാഫിയയുടെ താൽപര്യാർഥം അധികൃതർ മുഖം തിരിഞ്ഞുനിൽക്കുകയാണെന്നാണ് ജനം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.