അത് നുണബോംബല്ല... ലക്ഷ്യം തെറ്റിയ മിസൈലായിരുന്നു
text_fieldsഅടുത്ത കാലത്ത് നടന്ന രണ്ട് കഥകൾ പറയാം. ഒന്ന്- 2018 ഫെബ്രുവരി രണ്ടാംവാരം. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടപ്പോൾ രാജ്യത്തിെൻറ അഭിമാനതാരമായ വീരേന്ദ്രർ സേവാഗിെൻറ ട്വീറ്റ് പലരും മറന്നുകാണില്ല. ഒരു കിലോ അരി മോഷ്ടിച്ചതിന് ഉബൈദും ഹുസൈനും കരീമും ഉൾപ്പെടുന്ന ആൾക്കൂട്ടം മധുവിനെ അടിച്ചുകൊന്നുവെന്നായിരുന്നു ആ ട്വീറ്റ്. വിവാദമായപ്പോ മാപ്പ് പറഞ്ഞ് അദ്ദേഹം ട്വീറ്റ് പിൻവലിച്ചു...
2020 ജൂൺ ആദ്യവാരം ഗർഭിണിയായ ആന പാലക്കാട് സമീപം ദാരുണമായി കൊല്ലപ്പെടുന്നു. മന്ത്രി മനേക ഗാന്ധി പറയുന്നു. മലപ്പുറം പോലെ ഇത്തരം നീച പ്രവൃത്തി ചെയ്യുന്ന വേറൊരു ജില്ല രാജ്യത്തില്ലെന്ന്. രണ്ടുസംഭവങ്ങളും ദേശീയ തലത്തിൽ വൻ കോളിളക്കമുണ്ടാക്കി. പാലക്കാട് ജില്ലയിൽ നടന്ന സംഭവം മലപ്പുറത്തിെൻറ സമീപ ജില്ലയാക്കി ചിലരിട്ട പോസ്റ്റുകളാണ് ദേശീയ സംഭവമാക്കിയത്.
മധുവിെൻറ ദാരുണ മരണവും ആനയെ കൊലപ്പെടുത്തിയതുമൊക്കെ ആര് എന്ത് എങ്ങനെ എന്നതിൽ മലയാളികൾക്കൊരു ഒരു സംശയവുമില്ലായിരുന്നു. കുറ്റവാളികളെയൊന്നും നിയമം വെറുതെ വിടില്ലെന്നും മലയാളിക്ക് ഉറപ്പുണ്ട്. പക്ഷേ, വിവരം ദേശീയ തലത്തിൽ എത്തിക്കാൻ കൊടകരയിലെ ആ ദേശീയപാർട്ടി നേതാക്കൾക്ക് വലിയ താൽപര്യമാണ്. അതിലവർ വിജയിക്കുകയും ചെയ്യുന്നു.
ദേശീയ വിഷയമാക്കി കേരളത്തെ അങ്ങ് ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിെൻറ ഏറ്റവും ഒടുവിലത്തേതാണ് കാസർകോെട്ട ഭാഷാ ബോംബ്.
കന്നട, തുളു, പിന്നെ മലയാളവും
മലയാളവും കന്നടയും തുളുവും കൊങ്ങിണിയും എല്ലാം ഒരുപോലെയാണ് കാസർകോട്ടുകാർക്ക്. നാടും വീടും പേരുമൊക്കെ ഇൗ ഭാഷകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, കടകൾ തുടങ്ങിയതിലെ പേരുകൾ ചുരുങ്ങിയ പക്ഷം മലയാളത്തിലും കന്നടയിലുമുണ്ടാകും. കേരള സർക്കാരിെൻറ ഒൗദ്യോഗിക അറിയിപ്പുകൾ മലയാളത്തിനു പുറമെ കന്നടയിലും ഇറക്കുന്ന ഒരേയൊരു ജില്ലയാണ് കാസർകോട്. തെക്ക് നിന്ന് വരുന്നവർക്ക് വാമൊഴിയും സ്ഥലപേരുമൊക്കെ വഴങ്ങാൻ മാസങ്ങൾ എടുക്കാൻ കാരണവും സപ്തഭാഷാ സംഗമ ഭൂമിയായതിനാലാണ്.
ഓടി വരണേ, പേര് മാറ്റുന്നു
ജൂൺ 25നാണ് ആ സംഭവം. കർണാടക ബോർഡർ ഏരിയ വികസന അതോറിറ്റി ഒരു വാർത്താകുറിപ്പ് പുറത്തുവിട്ടു. കാസർകോട് ജില്ലയിലെ പത്തോളം അതിർത്തി ഗ്രാമങ്ങളുടെ കന്നടയിലുള്ള പേര് കേരള സർക്കാർ മലയാളത്തിലേക്ക് മാറ്റിയെന്നാണ് പത്രക്കുറിപ്പിെൻറ ചുരുക്കം. ശേഷിക്കുന്ന കന്നട പേരുകളും താമസിയാതെ മലയാളീകരിക്കുന്നു. വിഷയം ഏറ്റുപിടിച്ച് കർണാടക ബോർഡർ ഏരിയ വികസന അതോറിറ്റി ചെയർമാൻ സി. സോമശേഖരൻ രംഗത്തെത്തി.
പിന്നെയത് കാട്ടുതീ പോലെ പടർന്നു. കന്നട ഭാഷയോടും കന്നട സംസാരിക്കുന്നവരോടുമുള്ള വിവേചനമായും അധിനിവേശമായും കേരളത്തിെൻറ അഹങ്കാരമായും വ്യാഖ്യാനിക്കപ്പെട്ടു. കർണാടക മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പയും തുടങ്ങി സകലരുടെയും പ്രതികരണ പരമ്പര. അപ്പോഴും കാസർകോെട്ട മാധ്യമങ്ങൾക്കോ നാട്ടുകാർക്കോ കലക്ടർ ഉൾപ്പടെയുള്ളവർക്കോ ഒന്നും തിരിയുന്നില്ല. കേരള ബി.ജെ.പിയും മുഖപത്രവും സർക്കാരിനെതിരെ രംഗത്തുവന്നു. 'ചിലരെ' പ്രീതിപ്പെടുത്താനുള്ള നീക്കം എന്ന തെളിവുമായി പ്രസിദ്ധമായ ക്ഷേത്രത്തിെൻറ പടം സഹിതം സംസ്ഥാന ബി.ജെ.പി അധ്യക്ഷനും പോസ്റ്റിട്ടു.
വിഷയം കത്തിച്ച് ദേശീയ മാധ്യമങ്ങൾ
കർണാടകയിൽ ഒതുങ്ങിയില്ല കാര്യങ്ങൾ. ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യ ടുഡേ, ഡെക്കാൻ ഹെറാൾഡ്, ഇന്ത്യൻ എക്സ്പ്രസ്, എൻ.ഡി.ടി.വി, ദി ഹിന്ദു, റിപ്പബിക് ടി.വി, ദ വീക്ക്, എ.എൻ.െഎ ഏജൻസി, ടൈംസ് നൗ, സീ ന്യൂസ് തുടങ്ങി ദേശീയ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള ചേരിതിരിവിലേക്ക് മാറുന്ന സ്ഥിതിയായി. സാമൂഹിക മാധ്യമങ്ങൾ ആഘോഷിച്ചു.
അപൂർവം ചില ഇംഗ്ലീഷ് ഒാൺലൈനുകളും പത്രങ്ങളും മുഖ്യമന്ത്രിയെയും ടൂറിസം-തദ്ദേശ വകുപ്പ് മന്ത്രിമാരെയും കാസർകോട് കലക്ടറെയും ബന്ധപ്പെട്ട് നിജസ്ഥിതി ജനങ്ങളിലെത്തിച്ചു. കേരളമോ കാസർകോട് ജില്ലയോ അതിർത്തിയിലെ തദ്ദേശ സ്ഥാപനങ്ങളോ ഉച്ചയുറക്കത്തിൽ പോലും കാണാത്ത സ്വപ്നമാണ് പടച്ചുവിട്ടതെന്ന് ആളുകൾ തിരിച്ചറിഞ്ഞു. കേരളത്തിനെതിരെ പ്രതിഷേധമറിയിച്ച് ട്വീറ്റ് ചെയ്ത എച്ച്.ഡി. കുമാര സ്വാമി അത് തിരുത്തി. വ്യാജ വാർത്തയുണ്ടാക്കിയവർ മലയാള പത്രങ്ങളെയോ ചാനലുകളെയോ സമീപിച്ചില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മൗനം പാലിച്ച് കേരളവും ജില്ല ഭരണകൂടവും
ദേശീയ തലത്തിൽ ഹേറ്റ് കാമ്പയിൻ ശക്തമാകുേമ്പാഴും കേരളം പാലിച്ചത് കുറ്റകരമായ അനാസ്ഥ. മാധ്യമങ്ങൾ അങ്ങോട്ട് വിളിച്ച് നിജസ്ഥിതി ചോദിച്ചാൽ മാത്രം അങ്ങനെയൊന്നുമില്ലെന്ന പ്രതികരണത്തിൽ ഒതുക്കി നമ്മുടെ മന്ത്രിമാരും മറ്റുള്ളവരും. മുഖ്യമന്ത്രിയോടും അങ്ങോട്ട് ചോദിച്ചപ്പോൾ മാത്രം മറുപടി നൽകി.
ഇല്ലാത്ത കാര്യമാണ്, വ്യാജവാർത്തയാണ് എന്നതൊക്കെ ശരിയാണെങ്കിലും നാലാൾ കൂടി പറഞ്ഞാൽ നുണ സത്യമാവുന്ന ഇൗ കാലത്ത് എന്തിനീ മൗനമെന്ന് ആർക്കുമറിയില്ല. സർക്കാരിെൻറ ഒൗദ്യേഗിക എംബ്ലം കലക്ടറേറ്റ് കെട്ടിടത്തിൽ സ്ഥാപിച്ചത് വാർത്താക്കുറിപ്പ് ആക്കി പ്രസിദ്ധീകരണത്തിന് നൽകുന്ന കാസർകോട് കലക്ടറും ഇക്കാര്യത്തിൽ മൗനിയായി.
ഭാഷയല്ല പ്രശ്നം
കന്നട ഭാഷ സംസാരിക്കുന്ന ജനവിഭാഗത്തെ അകറ്റി നിർത്തി സമൂഹത്തിൽ വിഭജന രാഷ്ട്രീയം ശക്തമാക്കുന്നു എന്നതായിരുന്നു നുണബോംബിലെ പ്രധാന ചേരുവ. കന്നട ഭാഷക്കാർ തങ്ങൾക്കൊപ്പമെന്ന് വീണ്ടും വീണ്ടും ഉറപ്പാക്കുകയാണ് ലക്ഷ്യം. മഞ്ചേശ്വരം മണ്ഡലത്തിൽ ഇതൊക്കെ പയറ്റിയാണ് ബി.ജെ.പി രണ്ടാംസ്ഥാനത്ത് വരുന്നത്. ഭാഷാ ന്യൂനപക്ഷത്തോടുള്ള കപട പ്രേമം എ.കെ.എം. അഷ്റഫ് എം.എൽ.എ പൊളിച്ചടക്കിയതിലുള്ള കലിപ്പുമുണ്ട് ഇൗ വ്യാജ വാർത്തക്കു പിന്നിൽ. നിയമസഭയിൽ കന്നടയിൽ സത്യപ്രതിജ്ഞ ചെയ്ത എം.എൽ.എയുടെ നിലപാടിനെ ഇവർ ഭയക്കുന്നു. മഞ്ചേശ്വർ മഞ്ചേശ്വരമാക്കിയെന്നും നെല്ലികിൻജ നെല്ലിക്കുന്നാക്കിയെന്നും കേട്ടാൽ കാസർകോട്ടുകാർ ചിരിക്കുമെന്നറിയാം. ഭാഷാവികാരം കത്തിച്ച് മുതലെടുക്കാനായിരുന്നു ഇതെല്ലാം. ഒരു കാര്യം ഉറപ്പുണ്ട്. ഇനിയും വരും ഇത്തരം നുണബോംബുമായി. ആരും നടപടിയൊന്നുമെടുക്കില്ലെന്ന ഉറപ്പുള്ളതിനാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.