'മലയാള'ത്തിലെഴുതിയ ഹിന്ദി പരീക്ഷ... അതിശയങ്ങളിലേക്കൊരു ഫ്ലാഷ്ബാക്ക്
text_fieldsസംഭവം നടക്കുന്നത് 35 വർഷങ്ങൾക്കു മുമ്പാണ്. കൃത്യമായിപ്പറഞ്ഞാൽ, 1989ൽ. ഡീഗോ മറഡോണ ലോകം ജയിച്ചിട്ട് മൂന്നു വർഷമായിട്ടേയുള്ളൂ. 99.9 ശതമാനം പേരും പാസാകുന്ന ഇക്കാലത്തുനിന്ന് നോക്കുമ്പോൾ അന്നത്തെ എസ്.എസ്.എൽ.സി, ലോകകപ്പ് ജയിക്കുന്നതിനേക്കാൾ ശ്രമകരമായിരുന്നു ഞങ്ങൾക്ക്. പഠിച്ചു മാർക്കുനേടിയാലല്ലാതെ, കടമ്പ കടക്കാനാവാത്ത കാലം. ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസുമൊന്നും വേണ്ട, 210 എന്ന കേവല മാന്ത്രിക സംഖ്യയിൽ തൊടുന്നവനെ പോലും നാട് ആദരവോടെയും അദ്ഭുതത്തോടെയും നോക്കുന്ന കാലം. അങ്ങനെയൊരു കാലത്ത് ആ പരീക്ഷയെ നേരിട്ട എന്റെ കഥ ഒരു വിസ്മയ ചിത്രം കൂടിയാണ്.
കഥ ആരംഭിക്കുന്നത് ഹിന്ദി അക്ഷരമാല പഠിച്ചുതുടങ്ങുന്ന ക്ലാസിൽനിന്നു തന്നെയാണ്. അക്ഷരം പഠിച്ചുതുടങ്ങേണ്ട സമയത്ത് ഗോലി കളിച്ചും സൈക്കിൾ ഓടിച്ചും വികൃതി കാട്ടിയുമൊക്കെ വർഷങ്ങൾ നീണ്ടുപോയി. മറ്റു വിഷയങ്ങൾ പഠിക്കണമെന്ന് ഉള്ളിലൊരു ആഗ്രഹമൊക്കെ ഉണ്ടായിരുന്നെങ്കിലും ഹിന്ദിയുടെ കാര്യത്തിൽ അതുമുണ്ടായിരുന്നില്ല മനസ്സിൽ. അന്ന് ഇതരസംസ്ഥാന തൊഴിലാളികളൊന്നും ഇതുപോലെ ഒഴുകിയെത്തിയിട്ടില്ലാത്തതിനാൽ, ഈ മലയാളക്കരയിൽ ഹിന്ദി കൊണ്ടെന്ത് കാര്യമെന്നും ചിന്തിച്ചിരിക്കണം. അങ്ങനെ ഹിന്ദിയെ അതിന്റെ പാട്ടിനുവിട്ട്, പാട്ടും ചിരിയും കളിയുമൊക്കെയായി നടന്ന കാലത്ത് തപ്പിയും തടഞ്ഞും കാക്കവയൽ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസിലെത്തി.
എസ്.എസ്.എൽ.സി എന്ന മഹാലക്ഷ്യത്തിലെത്തിയെന്നതൊഴിച്ചാൽ എന്റെ സമീപനത്തിൽ തരിമ്പും മാറ്റമൊന്നും വന്നിരുന്നില്ല. പത്താം ക്ലാസിന്റേതായ ഒരു പ്രാധാന്യവും എന്റെ തലയിൽ കത്തിത്തുടങ്ങിയിട്ടുമില്ലായിരുന്നു. ‘വിത്തൗട്ട് മാത്തമാറ്റിക്സ്, ഭൂമി വെറുമൊരു വട്ടപ്പൂജ്യം’ എന്ന് സ്ഫടികം സിനിമയിൽ തിലകന്റെ ചാക്കോമാഷ് പറഞ്ഞതുപോലെ ‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെ’ന്നറിയാത്ത ഞാനുമൊരു ഇമ്മിണി വല്യ പൂജ്യം.
പ്രധാനാധ്യാപകനായ അപ്പന്റേയും സർവിസിലിരിക്കുന്ന അമ്മയുടെയും കണ്ണുവെട്ടിച്ചാണ് എസ്‍.എസ്.എൽ.സിക്ക് പുല്ലുവില കൽപിച്ചുള്ള എന്റെ സ്വൈരവിഹാരം. പല പരീക്ഷണങ്ങളുടെയും പിന്നാലെ പോയിട്ടും എന്റെ കാര്യത്തിൽ ഒന്നും നടക്കാത്ത അവസ്ഥയായതോടെ 10 ബിയിലെ അധ്യാപകരും മനംമടുത്ത് പിൻവാങ്ങിയിരിക്കണം.
അങ്ങനെ പത്താം ക്ലാസിന്റെ പ്രാധാന്യമൊന്നും മനസ്സിലാക്കാതെ എന്റെ മുന്നിലൂടെ കാലമങ്ങനെ കടന്നുപോകുന്നു. ഹയർ സെക്കൻഡറിയില്ലാത്ത കാലത്ത്, സ്കൂൾ കാലഘട്ടത്തിലെ അവസാന അധ്യയന വർഷം മുൻവർഷങ്ങളിലേതുപോലെ പുസ്തകങ്ങളുടെയും പാഠഭാഗങ്ങളുടെയും വേലിക്കെട്ടുകൾക്കപ്പുറത്തെ രസക്കൂട്ടുകളിൽ മുങ്ങിയങ്ങനെ മുമ്പോട്ടേക്ക്. മാസങ്ങൾ കടന്നുപോകുന്തോറും കുരുത്തക്കേടുകളിൽ പങ്കാളികളായ ആത്മസുഹൃത്തുക്കൾക്കുപോലും എങ്ങനെയെങ്കിലും പത്താം ക്ലാസെന്ന കടമ്പ കടക്കണമെന്ന ആഗ്രഹം ഉള്ളിലുണർന്നതുപോലെ തോന്നി. പലരും പതിവില്ലാതെ പഠനത്തിലേക്ക് വഴുതി വീണതു പോലൊരു തോന്നലായിരുന്നു. അതോടെ ഞാൻ ഒറ്റപ്പെട്ട പോലായി. ആ വീർപ്പുമുട്ടലിൽ ചിന്തിച്ചിരുന്ന എനിക്കും ഒന്നു ശ്രമിച്ചുനോക്കാമെന്ന ആഗ്രഹം പതിയെ നാമ്പിട്ടുതുടങ്ങി.
പരീക്ഷ പടിവാതിൽക്കലെന്നോണം എത്തിനിൽക്കുന്ന സമയത്തും ബേബി സാർ പറയുന്ന വാക്കുകളിലായിരുന്നു പ്രതീക്ഷ. ‘ഇനിയുള്ള കാലം നിങ്ങൾ നന്നായി പഠിച്ചാലും നിങ്ങൾക്ക് എസ്.എസ്.എൽ.സി പാസാകാൻ കഴിയും. പക്ഷേ, രാവിലെ എഴുന്നേൽക്കണം. നന്നായി പഠിക്കണം. കുറച്ചു കഷ്ടപ്പാടുകളൊക്കെ സഹിക്കേണ്ടി വരും. അതിനായി സജ്ജരാകണം’ -പ്രചോദിപ്പിക്കാൻ ബേബി സാർ അങ്ങേയറ്റം ശ്രമിച്ചുകൊണ്ടിരുന്നു. ആ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ഞാനും മനസ്സില്ലാ മനസ്സോടെ പുസ്തകങ്ങളിലേക്ക് മുഖം തിരിക്കാൻ തുടങ്ങി. ലേബർ ഇന്ത്യ, വി. ഗൈഡ് തുടങ്ങിയവ ഉൾപ്പെടെ അന്ന് കിട്ടാവുന്ന ഗൈഡുകളൊക്കെ വാങ്ങി അതിരാവിലെ ഉണർന്ന് ഞാനും പഠിക്കാൻ നിർബന്ധിതനായി.
പക്ഷേ, എന്റെ സ്വതസിദ്ധമായ മടിയും പഠനം അത്ര വശമുള്ള ഏർപ്പാടല്ലാത്തതിനാലും ആദ്യകാലം എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്നാലും, മനസ്സിനെ ഒരുവിധത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ആഴ്ചകൾ... മാസങ്ങൾ... പക്ഷേ മനസ്സിരുത്തി പഠിക്കാനുള്ള തീവ്രശ്രമം നടത്തിയപ്പോൾ കാര്യങ്ങൾ ഞാൻ കരുതിയ പോലല്ലെന്ന തോന്നലുണ്ടായി. പഠിത്തം കീഴടക്കാൻ കഴിയാത്തൊരു മഹാമേരുവല്ല എന്ന സൂചനകൾ ഉള്ളിൽ മിന്നിമറഞ്ഞു. ക്ലാസിൽ എവിടെയോ കേട്ടുമറന്നു പോയതെല്ലാം പുസ്തകത്തിലും തെളിയാൻ തുടങ്ങിയതോടെ ഒന്നു ശ്രമിച്ചുകളയാം എന്ന തീരുമാനത്തിലുറച്ചു.
എങ്ങനെയെങ്കിലും 600ൽ 180 മാർക്കായിരുന്നു എന്റെ ലക്ഷ്യം. അതുകിട്ടിയാൽ ജയിക്കാനുള്ള 210ലേക്ക് ബാക്കി 30 മാർക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് മോഡറേഷനായി ലഭിക്കുമെന്നത് അന്നത്തെ കാലത്ത് വല്ലാതെ മോഹിപ്പിക്കുന്ന ഓഫറായിരുന്നു.
ഓരോ വിഷയത്തിനും കുറഞ്ഞത് 10 മാർക്ക് കിട്ടണമെന്ന മോഹവുമായി പരീക്ഷാക്കാലത്തേക്ക് മുന്നേറുന്നതിനിടയിലാണ് എല്ലാ ആത്മവിശ്വാസവും കെടുത്തുമാറ് ഹിന്ദി വന്ന് മലപോലെ മുന്നിൽ നിൽക്കുന്നത്. അക്ഷരം പോലും അറിയാത്ത ഞാനെങ്ങനെ ഹിന്ദിയിൽ പാസ് മാർക്ക് വാങ്ങും? കോപ്പിയടിക്കണമെന്നുവെച്ചാൽ അതും നടക്കില്ലല്ലോ? അക്ഷരമറിയാത്തതിനാൽ ചോദ്യമേത്, ഉത്തരമേത് എന്ന് തിരിച്ചറിയുന്നതെങ്ങനെ? ആകെ ആശയക്കുഴപ്പം വന്ന് നിറയുമ്പോൾ കേരളത്തിലെ സിലബസിൽ ഹിന്ദി ഉൾപ്പെടുത്തിയവരെ പ്രാകി ആശ്വാസം കണ്ടെത്താനായിരുന്നു ശ്രമം.
പഠനം ഒരുവിധത്തിൽ മുന്നോട്ടുപോയ്ക്കൊണ്ടിരുന്നു. ദിവസങ്ങൾ അടുക്കുന്തോറും ഹിന്ദി അന്ധാളിപ്പായി ഉള്ളിൽ കിടന്ന് എരിയുകയാണ്. ഹിന്ദിയുടെ കാര്യത്തിൽ മാത്രം എനിക്ക് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ.
അങ്ങനെ പരീക്ഷയെത്തി. ആദ്യ പരീക്ഷകളെല്ലാം പത്തും അതിൽ കൂടുതലും മാർക്ക് കിട്ടുമെന്ന ആത്മവിശ്വാസത്തോടെ എഴുതിത്തീർത്തു. അങ്ങനെ പേടിച്ച ആ നാളെത്തി. ഹിന്ദി പരീക്ഷയുടെ ദിവസം. ഒരു പത്തു മാർക്ക്... അതിനുവേണ്ടി അടുത്തിരിക്കുന്നവന് മോഹനവാഗ്ദാനങ്ങൾ പലതും നൽകി. അവന്റെ പേപ്പർ വാങ്ങി അറിയാത്ത അക്ഷരങ്ങൾ ചിത്രങ്ങൾ പോലെ പകർത്തി വെക്കാമെന്നൊക്കെ മനപ്പായസമുണ്ടു. പക്ഷേ, ആ സ്വപ്നങ്ങളൊന്നും കർക്കശക്കാരനായ ഇൻവിജിലേറ്റർക്കുമുന്നിൽ വിലപ്പോയില്ല. പരീക്ഷാ ഹാളിൽ സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഒരക്ഷരം എഴുതാനാവാതെ ഞാനും. തൊണ്ട വരളുന്നു. വിയർക്കുന്നു. കണ്ണിൽ ഇരുട്ടുകയറുന്നു... പരീക്ഷ സമയം തീരാൻ പോകുമ്പോൾ ലോകം അവസാനിക്കുന്നതുപോലെ തോന്നി. മറ്റു വിഷയങ്ങളിൽ പാസ് മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച ഞാൻ ഹിന്ദിക്ക് ഒരു മാർക്ക് പോലും കിട്ടാതെ തോൽക്കുമെന്നുറപ്പായി. എസ്.എസ്.എൽ.സി ഫലം വരുന്ന ദിവസം പരിഹാസങ്ങൾക്കും നിരാശക്കുമൊക്കെ നടുവിൽ നിസ്സഹായനായി ഞാൻ നിൽക്കുന്ന ദൃശ്യങ്ങൾ അഡ്വാൻസായി എന്റെ മനസ്സിൽ തെളിഞ്ഞു.
ഒരാൾ പോലും സഹായിക്കാനില്ലാത്ത ആ പരീക്ഷാഹാളിൽ ഒരു നിവൃത്തിയുമില്ലാതെ ക്വസ്റ്റ്യൻ പേപ്പറിലെ ചോദ്യങ്ങൾ കുറേ തലതിരിച്ചെഴുതി പേപ്പറിൽ അൽപം ഹിന്ദി അക്ഷരങ്ങൾ നിറച്ചുവെച്ചു. ഒടുവിൽ ഒരു പേപ്പർ കൂടി വാങ്ങി അതിൽ അതിൽ മലയാളത്തിൽ ഇങ്ങനെ എഴുതിവെച്ചു. ‘സാർ..എന്റെ പേപ്പർ നോക്കുന്ന അങ്ങ് ആരാണെന്ന് എനിക്കറിയില്ല. താങ്കൾക്ക് എന്നോട് അലിവു തോന്നി എനിക്ക് ഹിന്ദിക്ക് 10 മാർക്ക് തരികയാണെങ്കിൽ ഞാൻ പത്താം ക്ലാസ് തീർച്ചയായും ജയിക്കും. ദയവായി കനിവുണ്ടാകണം’ -സത്യസന്ധമായ ഏറ്റുപറച്ചിൽ മാത്രമേ മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ.
പരീക്ഷകളെല്ലാം അങ്ങനെ പെയ്തുതോർന്നു. എങ്ങനെയെങ്കിലും പത്താം ക്ലാസ് ജയിക്കണമെന്ന ആഗ്രഹം ഉള്ളിൽ തെളിയുമ്പോഴും എല്ലാ സന്തോഷവും പ്രതീക്ഷയും കെടുത്തി ആ ഹിന്ദിപേപ്പറങ്ങനെ മനസ്സിൽ ജ്വലിച്ചുനിൽക്കും. മുന്നിലുള്ള അടുത്ത വഴി ആ ഹിന്ദി പേപ്പർ നോക്കുന്ന സാറിന്റെ മനസ്സു മാറുകയെന്നതാണ്. അതിനായി ഞാൻ ദൈവത്തിൽ പ്രതീക്ഷയർപ്പിച്ചു. എന്നും പള്ളിയിൽ പോകും. മെഴുകുതിരി കത്തിക്കും. പുതിയ പുതിയ പള്ളികൾ കണ്ടെത്താൻ തുടങ്ങി. അമ്പലത്തിലും ആൽത്തറയിലുമൊക്കെ ഞാൻ പ്രാർഥനകളുമായെത്തി.
അങ്ങനെ ആഴ്ചകൾ കടന്നുപോയി. ഫലം വരുന്നതിന്റെ തലേന്ന് വല്ലാത്ത ഉത്കണ്ഠ എന്നെ പൊതിഞ്ഞു. എന്താകുമോ എന്തോ എന്ന് ഞാൻ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ, പിറ്റേന്ന് നേരം ഇരുട്ടിവെളുത്തു. എസ്.എസ്.എൽ.സി ഫലം പത്രത്തിൽ അച്ചടിച്ചുവന്നു. ഉദ്വേഗവും ആകാംക്ഷയും ആശങ്കയുമെല്ലാം ചേർന്ന പ്രത്യേകതരം മനോഭാവത്തിന്റെ പിൻബലത്തിൽ ഞാനാ പത്രത്തിൽ എന്റെ നമ്പർ തെരഞ്ഞു... മഹാദ്ഭുതം... ഞാൻ പത്താം ക്ലാസ് പാസായിരിക്കുന്നു. ലോകത്തിന്റെ നെറുകയിലാണ് നിൽക്കുന്നതെന്ന് എനിക്ക് തോന്നി. ജീവിതത്തിൽ അത്രമാത്രം സന്തോഷിച്ച ഒരു ദിവസം അതിനു മുമ്പും ശേഷവും വേറെ ഉണ്ടായിട്ടില്ല.
എന്നെ അടുത്തറിയുന്നവർക്കൊന്നും എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല. എന്നെ അടുത്തറിയുന്ന കൂട്ടുകാർക്ക് അറിയേണ്ടിയിരുന്നത് അക്ഷരമറിയാത്ത ഞാനെങ്ങനെ ഹിന്ദി പാസായെന്നാണ്. കാത്തിരിപ്പിനൊടുവിൽ എസ്.എസ്.എൽ.സി ബുക്ക് വന്നു. അദ്ഭുതമെന്നോണം എനിക്ക് ഹിന്ദിക്ക് 14 മാർക്കുണ്ടായിരുന്നു. സർക്കാറിന്റെ ആകർഷകമായ ഓഫറിന്റെ സഹായമൊന്നുമില്ലാതെ തന്നെ 219 മാർക്കെന്ന മഹാനേട്ടത്തിൽ തൊട്ടുനിന്നു ഞാൻ. എന്നെ സംബന്ധിച്ച് ഗിന്നസ് റെക്കോർഡ് തകർക്കുന്നതു പോലൊരു അതിശയപ്രകടനം. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ കാണാൻ പോയപ്പോഴും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ, എന്റെ ഹിന്ദിയുടെ 14 മാർക്ക് എനിക്കിന്നും ലോകാദ്ഭുതങ്ങളിൽ ഒന്നാണ്.
എന്റെ ഹിന്ദിപേപ്പർ നോക്കിയ ദൈവദൂതനെ പോലുള്ള ആ അധ്യാപകൻ ആരാണ്? ഇന്നും ഒരിക്കലും ഉത്തരം കിട്ടാത്ത ആ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. അദ്ദേഹമിന്ന് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലുമറിയില്ല. പക്ഷേ, ഭാവനകളിൽ ഞാനദ്ദേഹത്തെ സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്തത് തെറ്റോ ശരിയോ എന്നതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ, എന്റെയുള്ളിൽ നിസ്സഹായനായ ഒരു വിദ്യാർഥിയുടെ മനസ്സു വായിക്കാൻ കഴിഞ്ഞ അദ്ദേഹം, എല്ലാം തികഞ്ഞ അധ്യാപകനാണ്.
അങ്ങനെ ഹിന്ദി പരീക്ഷ ‘മലയാള’ത്തിൽ എഴുതി ജയിച്ച ലോകത്തിലെ ഏക വിദ്യാർഥിയായി ഞാൻ എന്നെത്തന്നെ പ്രതിഷ്ഠിക്കുകയാണ്. എന്റെ കഥ വായിക്കുന്ന പുതുതലമുറക്കാർ മനസ്സറിഞ്ഞ് ചിരിക്കുന്നുണ്ടാകാം. എന്നാൽ, ചിരിക്കാൻ വരട്ടെ. ഈ കഥ പറഞ്ഞത് ഞാനാണെങ്കിലും എന്റെ മാത്രം കഥയല്ലിത്. പഠിച്ചാൽ മാത്രം പാസാകുന്ന കാലത്ത് 210 ഒപ്പിക്കാനുള്ള തത്രപ്പാടിൽ ഉത്തരത്താളുകളിൽ ഇങ്ങനെ ഒരുപാട് ദയാഹരജികൾ നിറഞ്ഞിരുന്ന കാലം. അങ്ങനെയൊരു ഹരജിയിൽ അനുകൂല തീർപ്പുണ്ടായി 'അതിശയ നേട്ടം' കൊയ്ത് അദ്ഭുത ചരിത്രം രചിച്ചവനെങ്കിലും, പുതുതലമുറയോട് എനിക്കൊരു ഉപദേശമുണ്ട് - 'ഇതൊരിക്കലും അനുകരണീയമായ രീതിയല്ല. പഠിച്ചു പാസായി മിടുക്കന്മാരായി ജീവിത നേട്ടങ്ങൾ ആർജിക്കുക.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.