കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ; കെ.എം ബഷീർ കൊലക്കേസ് പറയാതെ പറയുന്നത്
text_fieldsഅധികാരവർഗത്തിന്‍റെ ഒത്തുകളി വിജയംകണ്ടു, കെ.എം. ബഷീർ എന്ന മാധ്യമപ്രവർത്തകനെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികളെ രക്ഷിച്ചു. സംഭവം നടന്നത് മുതലുണ്ടായ ഐ.എ.എസ്-ഐ.പി.എസ് ലോബിയുടെ ഇടപെടൽ മൂന്ന് വർഷത്തിന് ശേഷം വിജയം കണ്ടെന്നാണ് തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയുടെ വിധിയിൽ നിന്നും വ്യക്തമാകുന്നത്. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ നിന്നും നരഹത്യ കുറ്റത്തിൽ നിന്നുമാണ് ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയും സുഹൃത്തുമായ വഫയേയും കോടതി മുക്തമാക്കിയത്.
സർക്കാറും മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാർട്ടികളും കെ.എം. ബഷീറിന് നീതി ലഭിക്കുമെന്ന് നൽകിയ ഉറപ്പാണ് ഇവിടെ പാഴ്വാക്കാകുന്നത്. മജിസ്ട്രേറ്റ് കോടതിയിൽ സ്വാഭാവിക വാഹനാപകടം മാത്രമായാണ് ഈ കേസ് ഇനി പരിഗണിക്കപ്പെടുക. കേരളപത്ര പ്രവർത്തക യൂനിയനും ബന്ധുക്കളും സിറാജ് മാനേജ്മെന്‍റും കേസിൽ എന്ത് തുടർനടപടികൾ സ്വീകരിക്കുമെന്നതാണ് ഇനി കേസിൽ നിർണായകം. സാമർഥ്യമുള്ളവർക്ക് എങ്ങനെ ഒരു കേസ് അട്ടിമറിക്കാം എന്നതിന്‍റെ തെളിവായി ബഷീറിന്‍റെ കൊലക്കേസ് മാറുകയാണ്.
സംഭവിച്ചത് ഒരു വാഹന അപകടമായിരുന്നു, വാഹനം ഓടിക്കുന്ന ആർക്കും അത് സംഭവിക്കാം എന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികൾ ബഷീറിനെ വാഹനം ഇടിച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അതിന് ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയെന്ന് അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് അവകാശപ്പെട്ടത് എന്തുകൊണ്ട് കോടതിയിൽ അംഗീകരിക്കപ്പെട്ടില്ലെന്നതാണ് കേസിൽ നടന്ന കള്ളക്കളി വ്യക്തമാകുന്നത്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കേണ്ടിയിരുന്ന കുറ്റമാണ് നഷ്ടപരിഹാരം നൽകി തീർക്കുന്ന നിലയിലേക്ക് മാറുന്നത്.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം പ്രതികൾ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചാണ് അപകടമുണ്ടായതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് പ്രതികൾക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കിയതെന്ന് വ്യക്തം.
ജൂനിയർ ഐ.എ.എസുകാരനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷിക്കാൻ ആദ്യം മുതൽ ഉന്നതതലത്തിൽ നടന്ന ശ്രമങ്ങളുടെ വിജയം കൂടിയാണ് ഇപ്പോഴുണ്ടായ കോടതി വിധിയെന്ന് വ്യക്തം. കവടിയാറിന് സമീപത്തെ ഐ.എ.എസ് ക്ലബ്ബിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ ശ്രീറാം സുഹൃത്തായ വഫക്കൊപ്പം അവരുടെ കാറിൽ ചീറിപ്പാഞ്ഞതാണ് ബഷീറിന്‍റെ മരണത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെ വ്യക്തമാക്കിയതാണ്. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നെന്ന പരിശോധന നടത്താതെ മ്യൂസിയം പൊലീസ് ആദ്യം തുടങ്ങിവച്ച കള്ളക്കളി ശ്രീറാം കോടതിയിലുൾപ്പെടെ നന്നായി കളിച്ച് തീർത്ത് അനുകൂല വിധി സമ്പാദിക്കുകയായിരുന്നെന്ന് വ്യക്തം. വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാൻ ആദ്യം നടത്തിയ ശ്രമങ്ങൾ പോലും ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലിന്‍റെ ഫലമായിട്ടായിരുന്നു. സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറിന് ശേഷമായിരുന്നു ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. അതിനാൽ മദ്യപിച്ചിരുന്നോയെന്ന് തെളിയിക്കാനും സാധിച്ചില്ല.
ശ്രീറാമിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. വാഹനത്തിന്‍റെ വേഗത ഉൾപ്പെടെ ശാസ്തീയമായി കണ്ടെത്തിയെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ അതൊന്നും കോടതിയിൽ തെളിയിക്കാനായില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നരഹത്യക്കേസ് പ്രതിയായിരുന്ന ശ്രീറാമിനെ ജില്ലാകലക്ടർ ഉൾപ്പെടെ സുപ്രധാന തസ്തികകളിൽ നിയമിക്കുന്ന നടപടികളും ഈ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലുണ്ടായിയെന്നതാണ് മറ്റൊരു വസ്തുത. എന്തായാലും കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറയുന്നത് പോലെ അധികാരവർഗം വിചാരിച്ചപോലെ കാര്യങ്ങൾ നടന്നെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.