ഐ.ടി ലോകത്തിെൻറ കോവിഡ് സങ്കടങ്ങൾ
text_fieldsപറയുേമ്പാൾ പകിട്ടേറെയുള്ള, പുതിയ കാലത്തിെൻറ മേച്ചിൽപ്പുറമാണ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി). വമ്പൻ നിക്ഷേപ സാധ്യതകൾ. അതിലേറെ തൊഴിലവസരങ്ങൾ. ഐ.ടി പ്രഫഷനൽ എന്നത് പറയാൻ കൊള്ളാവുന്ന ജോലി. ജീവിതം തൊഴിലിനായി സ്വയം സമർപ്പിച്ച് സായൂജ്യമടയുന്നവരുടെ ലോകം കൂടിയാണിത്. ആഗോള കാര്യങ്ങളിലൊക്കെ ആകാമെങ്കിൽ ഐ.ടിയിലും വേണമല്ലോ കേരള മോഡൽ. അങ്ങനെ ഉണ്ടായതാണ് എറണാകുളം ജില്ലയിലെ കാക്കനാട്ട് സംസ്ഥാന സർക്കാറിന് കീഴിലുള്ള വ്യവസായ പാർക്കായ ഇൻഫോ പാർക്ക്. 80 കമ്പനികളും 17,000 ജീവനക്കാരുമായി 2004ൽ നിലവിൽ വന്ന പാർക്കിൽ ഇപ്പോൾ 270 കമ്പനികളും 45,000 ജീവനക്കാരും. സംസ്ഥാനത്തിെൻറ ഐ.ടി കയറ്റുമതിയുടെ മൂന്നിലൊന്ന് ഇന്‍ഫോ പാർക്കിെൻറ സംഭാവനയാണ്.
പ്രതിവർഷം പാര്ക്കിെൻറ ശരാശരി വളര്‍ച്ചാനിരക്ക് 35 ശതമാനം. കുറഞ്ഞ ജീവിതച്ചെലവും പ്രവർത്തന ചെലവും ഐ.ടി കമ്പനികളെ കൊച്ചിയിലേക്ക് ആകർഷിച്ചു. രാജ്യത്തെ ഐ.ടി കമ്പനികളുടെ പരമോന്നത സംഘടനയായ നാസ്കോമിെൻറ സംസ്ഥാനത്തെ ആദ്യ സെൻറർ ഇൻഫോ പാർക്കിലാണ്. രണ്ട് ലക്ഷം തൊഴിലവസരങ്ങളൊരുക്കി രാജ്യത്തിെൻറ ഐ.ടി ഹബ്ബാകുക, ഇന്ത്യയിലെ ഐ.ടി പാർക്കുകളുടെ മുൻനിരയിലെത്തുക, കേരളത്തിെൻറ സംരംഭകത്വ സംസ്കാരത്തിന് പുതിയ ദിശാബോധം നൽകുക ഇതൊക്കെയാണ് ലക്ഷ്യങ്ങൾ. ആഗോള ഐ.ടി ഭീമൻമാർ കൊച്ചിയെ തേടിയെത്തുന്ന നല്ല നാളെകളാണ് സ്വപ്നം. അതിലേക്കുള്ള കുതിപ്പിൽ ടി.സി.എസ്, സി.ടി.എസ്, യു.എസ്.ടി ഗ്ലോബൽ, ഐ.ബി.എസ് സോഫ്റ്റ്‌വെയർ സർവീസസ് തുടങ്ങിയ വൻകിട കമ്പനികളെല്ലാം ഇൻഫോ പാർക്കിൽ സാന്നിധ്യമറിയിച്ചു.
ഇൻഫോപാർക്കിെൻറ വരവോടെ കൊച്ചിയുടെ വളർച്ച ജില്ലാ ആസ്ഥാനമായ കാക്കനാട് കേന്ദ്രീകരിച്ചായി. നഗരകേന്ദ്രീകൃതമായിരുന്ന വികസനം പുറത്തേക്ക് പടർന്നത് കാക്കാനാട് വഴിയാണ്. ഇടവഴികളും ചെറുകടകളുമായി ഗ്രാമാന്തരീക്ഷം നിലനിന്ന പ്രദേശത്തിെൻറ മുഖഛായ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളിലെല്ലാം ഇൻഫോപാർക്കിെൻറ സാധ്യതകൾ മുതലെടുത്ത് അപ്പാർട്ട്മെൻറുകളും കൂറ്റൻ ഫ്ലാറ്റുകളും വില്ലകളും ആഡംബര ഹോട്ടലുകളും ഉയർന്നു. ഇൻഫോ പാർക്ക് ജീവനക്കാരായിരുന്നു ലക്ഷ്യം.
കാക്കനാട്ടെയും പരിസരത്തെയും നിക്ഷേപമത്രയും പാർക്കിനെ ആശ്രയിച്ച് മാത്രമായി. വീടുകളുടെ വശങ്ങളിലും മുകളിലും ചെറിയ മുറികൾ പണിത് വാടകക്ക് നൽകുന്നത് ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന മാർഗമായി. പണമുള്ളവർ ഫ്ലാറ്റുകളും സ്റ്റുഡിയോ അപ്പാർട്ട്മെൻറുകളും വില്ലകളും പണിതു. പതിനായിരം രൂപ കൈയ്യിൽ ബാക്കി വന്നാൽ അത് കോൺക്രീറ്റിൽ നിക്ഷേപമായി മാറുന്ന അവസ്ഥ. കാക്കനാടും പരിസര പ്രദേശങ്ങളായ ചിറ്റേത്തുകര, നിലംപതിഞ്ഞി, ഇടച്ചിറ, അത്താണി, വാഴക്കാല എന്നിവിടങ്ങളിലും ഇത്തരം ആയിരക്കണക്കിന് പുതിയ നിർമിതികൾ ഉയർന്നു. കാലങ്ങൾക്ക് ശേഷം കാക്കനാട് വഴി കടന്നുപോയവർ ഈ മാറ്റം കണ്ട് മൂക്കത്ത് വിരൽവെച്ചു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന് ആത്മനിർവൃതി കൊണ്ടു.
കാത്തിരിക്കാം, കോവിഡാനന്തര കുതിപ്പിന്...
ഇത്രയൊക്കെ ആമുഖമായി പറയാൻ കാര്യമുണ്ട്. ഐ.ടിയും ടെക്കിയും ചേർന്ന് കൊച്ചിയുടെ, പ്രത്യേകിച്ച് കാക്കനാടിെൻറ മുഖം എത്രമാത്രം മിനുക്കിയെടുത്തോ അതിലേറെ തിരുത്തിക്കുറിക്കുകയാണിപ്പോൾ കോവിഡിെൻറ സവിശേഷ സാഹചര്യം. കേരളത്തിൽ ഐ.ടി മേഖലയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്ന് മനസ്സിലാകണമെങ്കിൽ ഇൻഫോപാർക്കിെൻറയും അനുബന്ധ മേഖലകളുടെയും ഇപ്പോഴത്തെ അവസ്ഥ അറിയണം. വർഷങ്ങളായി കാക്കനാടിെൻറയും പ്രാന്തപ്രദേശങ്ങളുടെയും 95 ശതമാനം വളർച്ചയും ഇൻഫോപാർക്കിനെ മാത്രം ആശ്രയിച്ചായിരുന്നു. കോവിഡ് വ്യാപനത്തോടെ പ്രൊജക്ടുകൾ കുറഞ്ഞപ്പോൾ ചെറിയ തോതിൽ പ്രവർത്തിച്ചിരുന്ന ഐ.ടി കമ്പനികൾ പലതും പൂട്ടി. പ്രവർത്തിക്കുന്നവയാകട്ടെ ജീവനക്കാരെ കുറക്കുകയോ ശമ്പളം ഗണ്യമായി വെട്ടിക്കുറക്കുകയോ ചെയ്തു.
കമ്പനികൾ വ്യാപകമായി വർക് അറ്റ് ഹോം നടപ്പാക്കിയതോടെ 45,000 ജീവനക്കാരിൽ 15,00ഓളം പേർ മാത്രമാണ് ഇപ്പോൾ ഇൻഫോ പാർക്ക് കാമ്പസിലെത്തുന്നത്. ഓഫീസുകളുടെ വിസ്തീർണവും ആഡംബരവും വല്ലാതെ ശോഷിച്ചു. 16,000 ചതുരശ്രയടി സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് 3,000 ചതുരശ്രയടിയിലാണ്. ജോലി നഷ്ടപ്പെട്ടവർ ഐ.ടിയുടെ പകിട്ടൊന്നും നോക്കാൻ നിന്നില്ല. പഠിച്ചതും പത്രാസും മറന്ന് പച്ചക്കറി കച്ചവടം മുതൽ തെരുവ് വാണിഭത്തിലേക്ക് വരെ തിരിഞ്ഞു. ചിലർ ശമ്പളം കുറഞ്ഞാലും ജോലി ഉണ്ടായാൽ മതിയെന്ന ൈവറ്റ് കോളർ മനഃസ്ഥിതിയിൽ പിടിച്ചുനിൽക്കുന്നു. ശമ്പളം കുറക്കാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള സുവർണാവസരമാക്കി കോവിഡിനെ മാറ്റിയ കമ്പനികളുമുണ്ട്.
ഐ.ടി മേഖലയിലെ ജോലി തന്നെ മാനസിക സമ്മർദത്തിന് പേര് കേട്ടതാണ്. ജോലി വീട്ടിലിരുന്നായതോടെ ഇത്തരം പ്രശ്നങ്ങൾ കൂടിയെന്ന് അനുഭവസ്ഥർ പറയുന്നു. പ്രൊഡക്ടിവിറ്റി കൂട്ടാനുള്ള മികച്ച മാർഗമായാണ് വീട്ടിലിരുന്നുള്ള ജോലിയെ ചില കമ്പനികൾ അവതരിപ്പിച്ചത്. അർധരാത്രിക്കും കമ്പ്യൂട്ടറിന് മുന്നിൽ ഉറക്കമിളച്ചിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർ നിർബന്ധിതരായി. രാവും പകലും തിരിച്ചറിയാതെ കുടുംബവും തൊഴിലും വേർതിരിക്കാനാവാതെ അടിമജീവിതത്തിന് ഉടമകളായി മാറിയ ഐ.ടി പ്രെഫഷനുലുകൾ കോവിഡ് കാലത്തിെൻറ ബാക്കിപത്രമാണ്. പലരുടെയും കുടുംബജീവിതത്തെ വരെ ഇത് ബാധിച്ചു.
ജീവനക്കാർ വീടുകളിലിരിക്കാൻ തുടങ്ങിയതോടെ ഇൻഫോപാർക്കിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകളും റെസ്റ്റോറൻറുകളും ഭൂരിഭാഗവും അടച്ചുപൂട്ടി. വൻ മുതൽ മുടക്കോടെ തുടങ്ങിവയാണ് ഇവയിൽ പലതും. ഇവിടങ്ങളിൽ പണിയെടുത്തിരുന്നവരുടെ വരുമാനം നിലച്ചു. ലോക്ഡൗണിന് മുമ്പ് അടച്ചവ ഇടക്കൊന്ന് തുറന്നെങ്കിലും പ്രതികൂല സാഹചര്യത്തിൽ പ്രവർത്തനം തുടരാനായില്ല. പാർക്കിെൻറ പ്രൗഢിയുടെ തണലിൽ കാക്കനാടും പരിസരത്തും വാണിജ്യ, വ്യാപാര മേഖലയും ഏറെ പച്ച പിടിച്ചിരുന്നു. പക്ഷേ, സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അവരും നേരിടുന്നത്. ആളനക്കം കുറഞ്ഞ ഐ.ടി നഗരത്തിെൻറ പ്രതിഫലനം ഇവിടങ്ങളിലെ ബസ്സ്റ്റോപ്പുകളിലും ഇതുവഴി കടന്നുപോകുന്ന ബസുകളിലും നിരത്തുകളിലും കാണാം.
വീടുകളും അപ്പാർട്ടുമെൻറുകളും ഫ്ലാറ്റുകളും വില്ലകളുമായി നൂറുകണക്കിന് കെട്ടിടങ്ങളാണ് ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. ബാങ്ക് വായ്പയെടുത്ത് ഈ മേഖലയിൽ നിക്ഷേപിച്ചവർ ഇപ്പോൾ കാൽ കാശ് വരുമാനമില്ലാത്ത കടക്കാരാണ്. ഇൻഫോ പാർക്ക് വികസനത്തിെൻറ ഭാഗമായി ഐ.ടി സ്ഥാപനങ്ങളുടെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് കടന്നുവന്നത്. മാർച്ചിൽ നിലച്ച പല കെട്ടിടങ്ങളുടെയും നിർമാണം ഇനിയെന്ന് പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഇവിടങ്ങളിൽ തൊഴിലെടുത്തിരുന്നവരിൽ 85 ശതമാനവും ഇതര സംസ്ഥാനക്കാരായിരുന്നു. അവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. ഇതോടെ ഇവിടുത്തെ ലേബർ ക്യാമ്പുകൾ പലതും അടക്കേണ്ടിവന്നു. നാട്ടുകാരായ തൊഴിലാളികൾ അവസരം മുതലെടുത്ത് ഇരട്ടി കൂലി ഈടാക്കുകയാണെന്ന് കരാറുകാർ പറയുന്നു.
ഐ.ടി മേഖലയിലെ കോടികളുടെ മുതൽ മുടക്കിൽ കൊച്ചി നഗരത്തിനൊപ്പം വളർന്ന പ്രദേശമാണ് കാക്കനാട്. കോവിഡ് പ്രതിസന്ധി ഐ.ടി കമ്പനികളെ മാത്രമല്ല, ഒരു നാടിെൻറയാകെ സാമൂഹിക, സാമ്പത്തികാവസ്ഥകളെ തകിടം മറിച്ചതാണ് ഇവിടുത്തെ വർത്തമാനകാല കാഴ്ച. കോവിഡ് മാറ്റിയെഴുതുന്ന കേരളീയ ജീവിതത്തിെൻറ ഒരു പരിച്ഛേദമാണിത്. നല്ല വാർത്തകൾക്ക് കാതോർക്കാം. കുറഞ്ഞകാലം കൊണ്ട് ആഗോള ഐ.ടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ഇൻഫോ പാർക്കിെൻറ കോവിഡാനന്തര കുതിപ്പിന് കാത്തിരിക്കുന്നു കൊച്ചി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.