Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_right'മക്കൾ വന്നാൽ ഈ 20...

'മക്കൾ വന്നാൽ ഈ 20 കാര്യം ശ്രദ്ധിക്കുന്നത് നന്നാകും': കഞ്ചാവ് കടത്തുകാരൻ ചങ്ങാതി പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ച് അധ്യാപകൻ

text_fields
bookmark_border
മക്കൾ വന്നാൽ ഈ 20 കാര്യം ശ്രദ്ധിക്കുന്നത് നന്നാകും: കഞ്ചാവ് കടത്തുകാരൻ ചങ്ങാതി പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ച് അധ്യാപകൻ
cancel

കട്ടപ്പന: പീരുമേട് സബ്ജയിൽ സന്ദർശനത്തിനിടെ പരിചയപ്പെട്ട കഞ്ചാവ് കേസ് പ്രതിയിൽനിന്ന് ലഭിച്ച 'വിലപ്പെട്ട' വിവരങ്ങൾ പങ്കുവെച്ച് അധ്യാപകൻ. ലഹരി മാഫിയ തഴച്ചുവളരുന്ന ഇക്കാലത്ത് മക്കളുടെ കാര്യത്തിൽ മുൻകരുതലെടുക്കാൻ ഇവ സഹായിക്കു​മെന്ന പ്രതീക്ഷയിലാണ് ഇടുക്കി ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ഫൈസൽ മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്.

20 കാര്യങ്ങൾ അക്കമിട്ട് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടിയുടെ സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് പരിശീലകൻ കൂടിയാണ് ഫൈസൽ.


ഡോ. ഫൈസൽ മുഹമ്മദ് എഴുതിയ കുറിപ്പ് വായിക്കാം:

പണ്ട് പീരുമേട് സബ്ജയിലിൽ വെച്ച് കഞ്ചാവ് കേസിലെ ഒരു പ്രതിയെ പരിചയപ്പെട്ടിരുന്നു... പേര് അനീഷ്. (ഒർജിനൽ പേരതല്ല. ഇവനുമായി ബന്ധപ്പെട്ട വേറെ കഥകൾ മുമ്പും എഴുതിയിട്ടുണ്ട്. പഴയ പോസ്റ്റുകൾ നോക്കിയാൽ കാണാം)

ഇന്നിപ്പോൾ ലഹരി വിമുക്തി അധ്യാപക പരിശീലനത്തിൽ സംസാരിച്ചപ്പോൾ ഉദാഹരണങ്ങൾ പറഞ്ഞു വന്ന കൂട്ടത്തിൽ നമ്മുടെ അനീഷിന്റെ കാര്യവും ഞാൻ സൂചിപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ ഇതെഴുതാൻ കാരണം.

അവന്റെ വീട് ഇടുക്കി ജില്ലയിലെ ഒരു ഉൾപ്രദേശമാണ്. 600കിലോ കഞ്ചാവുമായിട്ടാണ് അവനെ പിടിക്കുന്നത്.

അവന്റെ വാക്കുകളിൽ പറഞ്ഞാൽ അപ്പനുണ്ടാക്കിയ കടം വീട്ടി. വീട് വെച്ചു. കുറച്ചു പൈസയുമായി. ഇടയ്ക്കിങ്ങനെ പോലീസ് പിടിക്കും. കേസ് നടത്താൻ കാശും വേണം. വളരെ ചെറുപ്പത്തിൽ ഈ ഫീൽഡിൽ എത്തിയതാണ്. ഇതല്ലാതെ വേറെ പണിയൊന്നും അറിയില്ല. ഇറങ്ങിയാൽ വീണ്ടും ഇത് തന്നെ ചെയ്യും എന്നാണ്.

ആസ്സാം, ഒറീസ, ബീഹാർ പോലെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് അവർ കഞ്ചാവ് മേടിക്കുന്നത്.

ഒരു കിലോഗ്രാമിന് അവിടെ 500 രൂപ കൊടുക്കണം. നെക്സലുകൾ അവരുടെ അതിർത്തി വരെ കൊണ്ടുവന്ന് തരും.

അവിടുന്ന് നേരെ ഇടുക്കിയിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇവന്റെ പണി. ഒരു ട്രിപ്പിന് 10000 മുതൽ 15000 വരെ കിട്ടും. ചെലവും വണ്ടിയും. പലപ്പോഴും മുന്തിയ കാറുകളിലായിരിക്കും യാത്ര. (ഒരു വീട്, കടം തീർക്കൽ, ബാങ്ക് ബാലൻസ് ഇതെല്ലാം ഉണ്ടാകണമെങ്കിൽ എത്രമാത്രം ട്രിപ്പുകൾ ഇവൻ കടത്തിയിട്ടുണ്ടാകും എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. ഇതുപോലെ എത്രയെത്ര ആളുകൾ)

അനീഷിന്റെ അഭിപ്രായത്തിൽ അവിടുന്ന് കേരള ചെക്ക്പോസ്റ്റ് വരെ കടത്തിക്കൊണ്ടു വരാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഇനത്തിൽ പരമാവധി 5000 രൂപ വരെയേ ചെലവുണ്ടാകൂ. എന്നാൽ കേരളത്തിൽ ഒരു ചെക്ക്പോസ്റ്റ് കടക്കണമെങ്കിൽ 10 ലക്ഷം ഉണ്ടെങ്കിൽ പോലും കാര്യം നടക്കില്ല എന്നാണ്.

അതുകൊണ്ട് തന്നെ അതിർത്തി ഗ്രാമങ്ങളിൽ കൊണ്ടുവന്ന് വൻതോതിൽ കഞ്ചാവ് സൂക്ഷിക്കുകയും ഒറ്റയും പെട്ടയുമൊക്കെയായി ചെറിയ അളവിലൊക്കെ കേരളത്തിലേക്ക് കടത്തുകയുമാണ് സാധാരണ ചെയ്യാറുള്ളത്.

ഒരിക്കൽ ലാൻസർ കാറിൽ 300 കിലോയുമായി വരുമ്പോൾ ഒറീസ്സയിലോ മറ്റോ വെച്ച് പോലീസ് കൈകാണിച്ചു. കാർ തുറന്നാൽ കാണാവുന്ന രീതിയിൽ ചുമ്മാ വാരിയിട്ടാണ് കൊണ്ടുവരുന്നത്. പിടിച്ചാൽ 1000 പോക്കാണ്. പോലീസ് സ്റ്റേഷനിലേക്ക് കയറ്റി നിർത്താം എന്നു പറഞ്ഞ് ചുറ്റുമതിൽ ഇല്ലാത്ത സ്റ്റേഷന്റെ മറ്റൊരു വശത്തുകൂടി വേഗത്തിൽ കാറോടിച്ച് അന്നവർ രക്ഷപെട്ടു.

ഞങ്ങൾ തമ്മിൽ കണ്ടുമുട്ടാൻ കാരണം ലോറിയിൽ 600 കിലോ കഞ്ചാവുമായി വന്നപ്പോൾ കുമളി ചെക്പോസ്റ്റിൽ വെച്ചു പിടിച്ചതുമായി ബന്ധപ്പെട്ടാണ്.


എന്താണ് ഇടുക്കിയിലേക്ക് ഈ സാധനം കൊണ്ടുവരുന്നത് എന്ന് എല്ലാവരും ആലോചിക്കും. മറ്റൊന്നുമല്ല ലോകത്തിലെ തന്നെ ഏറ്റവും വീര്യം കൂടിയ കഞ്ചാവായ നീലച്ചടയൻ അഥവാ ഇടുക്കി ഗോൾഡ്‌ തന്നെ കാര്യം.

ഇടുക്കി ഗോൾഡിന്റെ കനാബീസ് കണ്ടന്റ് (Tetrahydrocannabinol (THC) 9 ആകുമ്പോൾ വടക്കേ ഇന്ത്യയിലെ കഞ്ചാവിന്റെ കനാബീസ് കണ്ടന്റ് 4ൽ താഴെയാണ്. ഇനി കഞ്ചാവ് വളർത്താൻ അനുമതിയുള്ള ചില വിദേശ രാജ്യങ്ങളിലെ കഞ്ചാവിന്റെ കനാബീസ് കണ്ടന്റ് 0.02 ആണെന്നാണ് എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറയുന്നത്.

മാത്രമല്ല അവിടെ ഒരു കിലോ 500 രൂപയ്ക്ക് കിട്ടിയ കഞ്ചാവ് ഇടുക്കി ചെക്ക്പോസ്റ്റ് കടത്തി കൊടുത്താൽ 5000 മുതൽ 10000 വരെ വില കൂടും. ഇടുക്കിയിൽ നിന്ന് ഇടുക്കി ഗോൾഡെന്ന പേരിൽ കൊച്ചിയിലെത്തിയാൽ 2016ൽ മലയാള മനോരമയിൽ വന്ന വാർത്ത അനുസരിച്ച് 35000 രൂപ വരെ ലഭിക്കുമായിരുന്നു.

അനീഷ് പതിവ് പോലെ അതിർത്തി ഗ്രാമം വരെ പലപ്പോഴായി എത്തിച്ച 600 കിലോ കഞ്ചാവ് ഒരു ലോറിയുടെ ക്യാബിനും പെട്ടിക്കും ഇടയിലായി ഒരു രഹസ്യ അറ തീർത്ത് കൊണ്ടുവരികയായിരുന്നു. ഒരുപാട് നട്ട് ബോൾട്ടുകൾ ആ ഭാഗത്ത് ഉണ്ടെങ്കിലും കൃത്യം 6 നട്ട് അഴിച്ചാൽ മാത്രം ആ ക്യാബിൻ തുറക്കാൻ പറ്റുന്ന രീതിയിലാണ് ക്രമീകരണം.

ഒരു തമിഴൻ ഡ്രൈവറും ഇവനുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. എക്‌സൈസ്‌ ചെക്പോസ്റ്റിൽ വണ്ടി നിർത്തി പരിശോധിച്ചു. കൃത്യമായി ആ ആറ് നട്ടുകൾ അഴിച്ചെടുക്കുകയും ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഒറ്റില്ലാതെ ഒരു കാരണവശാലും ആ നട്ടുകൾ ആർക്കും തിരിച്ചറിയാൻ കഴിയാത്ത തരത്തിലായിരുന്നു അത് തയ്യാറാക്കിയിരുന്നത്. കൂട്ടത്തിൽ തന്നെയുള്ളവരാണ് ഒറ്റിയത് എന്നാണ് അവൻ പറയുന്നത്. ഒറ്റ്‌ ഈ മേഖലയിലെ സ്ഥിരം ഏർപ്പാടാണ്.

അതായത്, എറണാകുളത്തു നിന്നും കോട്ടയത്ത് നിന്നും ഇടുക്കിയിൽ നിന്നുമൊക്കെ വിദ്യാർഥികളും ചെറുപ്പക്കാരും പെട്ടന്ന് കാശുണ്ടാക്കാൻ കഞ്ചാവ് കച്ചവടത്തിന് ഇറങ്ങി തിരിക്കും. അവർ നേരെ കമ്പത്ത് വരും സാധനങ്ങൾ മേടിക്കും. തിരിച്ചു പോകുമ്പോൾ കഞ്ചാവ് കൊടുത്തവൻ തന്നെ ഒറ്റും. ഈ പയ്യന്മാരെ പിടിക്കുന്ന സമയത്ത് ചില സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ അതിന്റെ പുറകെ പോകുമ്പോൾ കേരളത്തിലേക്ക് സാധനം കടത്താൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട് എന്നാണ് അനീഷ് പറയുന്നത്.

അനീഷിനെ പിടിച്ചപ്പോൾ ഇറക്കാൻ അവന്റെ ബോസ് 10 ലക്ഷം വരെ ഓഫർ ചെയ്തു എന്നാണ് അറിഞ്ഞത്. അങ്ങനെ കറങ്ങി തിരിഞ്ഞ് അനീഷ് ജയിലിലെത്തി. അവിടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്.

ഒറ്റ നോട്ടത്തിൽ കഞ്ചാവ് വലിക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള അനീഷിനെ പിന്നീട് ഞാൻ കാണുന്നത് കുഞ്ചിതണ്ണി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്താണ്. കണ്ടയുടൻ അളിയാ എന്നു വിളിച്ച് ഓടിവന്ന് കുറെ വർത്തമാനങ്ങൾ പറഞ്ഞു. മറ്റേ കേസിൽ പണികിട്ടാനുള്ള ചാന്സുമുണ്ട് എന്നാണ് അവൻ പറഞ്ഞത്. കേസ് നടത്തിപ്പിന് പണം കണ്ടെത്താൻ വീണ്ടും ആ പണി തന്നെ ചെയ്യാനായിരുന്നു അവന്റെ തീരുമാനം. കുറെ ഞാൻ പറഞ്ഞു നോക്കി. അവൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

ഇന്ന് ലഹരി വിമുക്തിയുടെ അധ്യാപക പരിവർത്തന ക്ലാസ്സിൽ ഈ കാര്യം പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് അവനെ ആ കേസിൽ കോടതി ശിക്ഷിച്ച കാര്യം പറയുന്നത്.

അനീഷുമായി സംസാരിച്ചതിൽ നിന്നും മനസിലാക്കിയ കുറെ കാര്യങ്ങളാണ് പോയിന്റുകളാക്കി താഴെ കൊടുക്കുന്നത്. സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.​

1 കേരളത്തിലെ എക്‌സൈസിനെയും പോലീസിനെയും എന്നും പറ്റിക്കാനാവില്ല. വല്ലപ്പോഴും പറ്റിക്കാം. പക്ഷെ പിടിച്ചാൽ മുൻകാലങ്ങളിൽ പറ്റിച്ചതിന്റെ എല്ലാം ക്ഷീണം അവർ തീർക്കും. ഒരിക്കലും പുറത്തിറങ്ങാനാവാത്ത വിധം പൂട്ടും.

2 കുട്ടികൾക്ക് മിക്കവാറും വിതരണം ചെയ്യുന്നത് ലോട്ടറി ടിക്കറ്റിൽ പൊതിഞ്ഞ 5 ഗ്രാം പാക്കറ്റുകളാക്കിയാണ്. പണ്ടത്തെ പ്യാരി മിഠായി പോലെയാകും പൊതി. അതുകൊണ്ട് ലോട്ടറി ടിക്കറ്റ് കൊണ്ടുള്ള പൊതികൾ കുട്ടികളുടെ ബാഗിൽ കണ്ടാൽ സംശയിക്കണം.

3 പൊടി ഐറ്റംസ് ഉപയോഗിക്കുന്നവർ പഴയ എ ടി എം കാർഡ് പോലെയുള്ളവ എപ്പോഴും കൊണ്ടെ നടക്കും.

4 ചില കുട്ടികൾ ബാഗിൽ അടി കരിഞ്ഞ സ്പൂണ്, ലൈറ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട് എങ്കിൽ ഉറപ്പിക്കാം അവൻ കൂടിയ സാധനം ഉപയോഗിക്കുന്ന ആളാണെന്ന്.

5 ഇൻസുലിൻ ഇൻജക്ഷൻ സിറിഞ്ച്, മരുന്ന് കുപ്പികളൊക്കെ കുട്ടികളുടെ ബാഗിൽ കണ്ടെത്തിയാൽ അവന്റെ റേഞ്ച് വേറെയായിരിക്കും. നമുക്കൊന്നും എത്തിപ്പെടാൻ പറ്റാത്തതാണ് അവന്റെ റേഞ്ച്.

6 ബീഡി വലി കഞ്ചാവിൽ ചെന്നെ അവസാനിക്കൂ. അവിടുന്ന് കൂടിയ സിന്തറ്റിക് ഡ്രഗ്ഗുകളിലേക്കും കാര്യങ്ങൾ എത്തും.

7 കുട്ടികളുടെ മൊബൈൽ ഫോണിന്റെ ചില്ലിലോ വശങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള പൊടി പറ്റിയിരിക്കുന്നുണ്ടങ്കിൽ ആ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണം.

8 കുട്ടിയുടെ ബാഗിൽ മൊബൈൽ ഫോണിന്റെ ചില്ലിൽ ഒട്ടിക്കുന്ന ഗ്ലാസ് കണ്ടെത്തിയാൽ അതും സംശയാസ്പദമാണ്.

9 ചുരുട്ടിയ നോട്ടുകൾ, പഴയ ലോട്ടറികൾ എന്നിവ ബാഗിൽ കണ്ടാൽ അതും സൂക്ഷിക്കുക.

10 ഉപയോഗിച്ച ടിഷ്യു പേപ്പർ, കുറെയേറെ തൂവാലകൾ എന്നിവ ബാഗിൽ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാലും ശ്രദ്ധിക്കുക.

11 ഫെവികോൾ, സൈക്കിൾ ടുബിന്റെ പഞ്ചറൊട്ടിക്കുന്ന പശ, തിന്നർ, പെയിന്റ്, മാർക്കർ എന്നിവ പോലെയുള്ള പ്രത്യേക മണമുള്ള വസ്തുക്കൾ കുട്ടികളുടെ കയ്യിൽ കണ്ടാൽ ശ്രദ്ധിക്കുക.

12 അലക്ഷ്യമായ വസ്ത്രധാരണ ശൈലി. പെട്ടെന്നുണ്ടാകുന്ന വസ്ത്രധാരണത്തിലെ മാറ്റം എന്നിവയും ശ്രദ്ധിക്കണം.

13 കുട്ടി ഉപയോഗിക്കുന്ന മുറിയിൽ അസാധാരണമായ മണങ്ങൾ ശ്രദ്ധിക്കുക.

14 കൂടുതൽ നേരം വാതിലടച്ചിരിക്കൽ ഉറക്കത്തിന്റെയും മറ്റു ജീവിത ചര്യകളിലും വരുന്ന മാറ്റങ്ങൾ എന്നിവയും ശ്രദ്ധിക്കണം.

15 അപരിചിതമായ പുതിയ കൂട്ടുകാർ ഉണ്ടാകുമ്പോൾ ആ കാര്യത്തിലും ശ്രദ്ധ വേണം.

16 ഒരു കാരണവുമില്ലാതെ പഠനകാര്യത്തിൽ പിന്നാക്കം പോകൽ ലഹരി ഉപയോഗത്തിന്റെ ലക്ഷണമായിട്ട് വിദഗ്ദ്ധർ കണക്കാക്കുന്നു.

17 രഹസ്യങ്ങൾ ഒളിപ്പിക്കുന്ന സ്വഭാവം കൂടി വരുന്നു.

18 കൂടുതല്‍ പൈസ ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധാനങ്ങള്‍ കാണാതെ പോകുക എന്നിവ സംഭവിച്ചാൽ ശ്രദ്ധ വേണം.

19 കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കണ്ടാൽ അതും ശ്രദ്ധിക്കുക.

20. ചുരുക്കത്തിൽ ഒരു കുട്ടിയുടെ പഠനത്തിന് ആവശ്യമുള്ള സാധനങ്ങൾ ഒഴിച്ച് മറ്റെന്തങ്കിലും സാധനങ്ങൾ അവന്റെ ബാഗിലോ മുറിയിലോ കണ്ടാൽ അത് നിരീക്ഷിക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്യുക.

സിന്തറ്റിക് ലഹരികളുടെ ഉപയോഗം പലപ്പോഴും മരണത്തിലോ ആത്മഹത്യയിലോ എത്തുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓർമ്മവേണം.

ഇനി കുട്ടി മയക്കുമരുന്നുകളിലേക്ക് കടക്കുന്നു എന്ന് സംശയം തോന്നിയാൽ സ്‌കൂളിലെ അധ്യാപകരുമായി കുട്ടി അറിയാതെ ആശയവിനിമയം നടത്തി വേണ്ട കൗണ്സിലിംഗും മറ്റും നൽകുക.

ഓർക്കുക കുട്ടിയെ കേൾക്കാൻ അധ്യാപകർക്കോ മാതാപിതാക്കൾക്കോ സമയമില്ലതെ വരുന്നതാണ് ഇത്തരം കേസുകളിൽ അകപ്പെടുന്ന 90%കുട്ടികളുടെയും ചരിത്രം.

കുട്ടി നശിച്ചാൽ അധ്യാപകൻ മാത്രമാണ് ഉത്തരവാദി എന്നു ചിന്തിക്കുന്ന അധ്യാപകരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് മയക്കുമരുന്ന് വ്യാപാരമോ കൈമാറ്റമോ ശ്രദ്ധയിൽ പെട്ടാൽ ഒരു പ്രശ്നവുമുണ്ടാകാതെ ആ വിവരം എക്സൈസിനെയോ പൊലീസിനെയോ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുകാരണവശാലും വിളിക്കുന്നയാളിന്റെ ഐ ഡി ഒരിടത്തും വെളിപ്പെടില്ല. അതിന്റെ നമ്പറുകൾ എക്സൈസും പോലീസും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചിരി കേരള പോലീസ്

9497900200

വിമുക്തി എക്സൈസ്

14405, 9061178000

നേർവഴി എക്സൈസ്

9656178000

കുട്ടികളുടെ ലഹരി ഉപയോഗം അല്ലങ്കിൽ സ്വഭാവത്തിലെ പെട്ടന്നുള്ള മാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. വാട്സാപ്പിലും സന്ദേശങ്ങൾ അയക്കാം.

ദിശ ആരോഗ്യവകുപ്പ്

1056, 104, 0471255056

ചൈൽഡ് ലൈൻ

1098

അധ്യാപകരും മാതാപിതാക്കളും ഒന്ന് ഓർക്കുക നമ്മുടെ അശ്രദ്ധ ഒരു സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യും. ലഹരിവിരുദ്ധ വികാരം സമൂഹത്തിൽ കത്തിപ്പടരട്ടെ...

ഡോ. ഫൈസൽ മുഹമ്മദ്‌

പരിശീലകൻ, സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ്,

ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugganjacannabis
News Summary - ‘It's better to pay attention to these 20 things’ -Teacher shares what ganja smuggler said
Next Story