സീനിയർ അഡ്വക്കറ്റ് പദവി അപരിഷ്കൃതം; മാറ്റം വേണമെന്ന് അഭിഭാഷകർ
text_fieldsഅഡ്വക്കറ്റ്സ് ആക്ട് വകുപ്പ് 16(2) പ്രകാരം അഭിഭാഷകരെ സീനിയർ അഭിഭാഷകർ എന്നും സാധാരണ അഭിഭാഷകരെന്നും തരംതിരിക്കുന്നതിനെതിരെ അഭിഭാഷകർക്കിടയിൽ ഭിന്നത. ഒരേ ജോലി ചെയ്യുന്നവരിൽ കുറച്ചു പേർക്ക് മാത്രം പ്രത്യേക പദവിയും ആനുകൂല്യങ്ങളും നൽകുന്നത് ഒരേ തൊഴിലിൽ ഒരു കൂട്ടം പ്രഭുകുലജാതരും മറ്റൊരുകൂട്ടർ സാധാരണക്കാരും എന്നനിലയിൽ വേർതിരിവുണ്ടാക്കുന്നുവെന്നാണ് ഈ രീതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
അഡ്വക്കറ്റ്സ് ആക്ട് വകുപ്പ് 16(2) ബ്രിട്ടീഷ് അടിമത്വ ഭരണത്തിന്‍റെ ബാക്കി പത്രമാണെന്നു ചൂണ്ടിക്കാട്ടി ഹൈകോടതി അഭിഭാഷകൻ ജോൺസൺ മനയാനി അഭിഭാഷകർക്ക് കത്തയച്ചതോടെയാണ് വിഷയം ചൂടുപിടിച്ചത്. നേരത്തെ ഇക്കാര്യം ഉന്നയിച്ച് കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാർ ജനറലിനും അദ്ദേഹം കത്തയച്ചിരുന്നു. നിയമത്തിൽ അസാധാരണ വൈദഗ്‌ധ്യം പ്രകടിപ്പിക്കുന്നവർക്കും ഏതെങ്കിലും പ്രത്യേക വിഷയത്തിൽ അസാധാരണ പ്രകടനം നടത്തുന്നവർക്കും സീനിയർ കൗൺസിൽ സ്ഥാനം അവകാശപ്പെടാമെന്നാണ് വകുപ്പ് 16(2) പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ 2000 ജനുവരി 18ന് ഹൈകോടതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു. ചട്ടം മൂന്നു പ്രകാരം കുറഞ്ഞ പ്രായ യോഗ്യത 45 വയസ്സാണ്. 15 വർഷത്തെ അഭിഭാഷക പരിചയമുണ്ടാകണം. 10 വർഷത്തെ വരുമാന നികുതി റിട്ടേൺ സമർപ്പിച്ചിരിക്കണം. സീനിയറാകാനുള്ള അപേക്ഷ നൽകുന്നതിന് മുമ്പുള്ള മൂന്നു വർഷത്തെ വാർഷിക വരുമാനം രണ്ടുലക്ഷത്തിൽ കുറയരുത്. ചട്ടം അഞ്ചു പ്രകാരമുള്ള അപേക്ഷ ഫോറത്തിൽ ചോദ്യാവലി 14ൽ അപേക്ഷകൻ കേന്ദ്ര-സംസ്ഥാന സർക്കാർ പാനലുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ്. ചട്ടം ആറുപ്രകാരം അപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിമാരിൽ മൂന്നിൽ രണ്ടുപേരുടെ ഭൂരിപക്ഷം നിർബന്ധമാണ്. 2018 ജനുവരി 10 നു ഈ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. ഇന്ദിര ജയ്‌സിങ് കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നിട്ടും വരുമാന നികുതി സംബന്ധിച്ച ചോദ്യവും കേന്ദ്ര-സംസ്ഥാന പാനലുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യവും നീക്കം ചെയ്യാത്തതിനെതിരെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനും, രജിസ്ട്രാർ ജനറലിനും പരാതി നൽകി.
2024 ജൂലൈ 18 നു കേരള ഹൈകോടതി മുതിർന്ന അഭിഭാഷകർക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രായം, അഭിഭാഷകവൃത്തി യോഗ്യത, തെരഞ്ഞെടുപ്പിലെ വോട്ട് എന്നിവയിൽ മാറ്റമില്ല. പക്ഷേ, വരുമാന നികുതി, കേന്ദ്ര സംസ്ഥാന സർക്കാർ പാനലുകളിലെ സാന്നിധ്യം സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി. അപേക്ഷകന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന പരിശോധന കർശനമാക്കി. എങ്കിലും, അഡ്വക്കറ്റ്സ് ആക്ടിൽ നിന്നും നീക്കം ചെയ്യേണ്ട വകുപ്പാണ് 16(2) എന്ന് സഹപ്രവർത്തകർക്കായി തയാറാക്കിയ കത്തിൽ അഡ്വ. ജോൺസൺ മനയാനി പറയുന്നു.
കോടതികളിൽ മുതിർന്ന അഭിഭാഷകർക്ക് ജഡ്‌ജിമാർ നൽകുന്ന അനാവശ്യ ബഹുമാനം തെറ്റായ പ്രവണതകൾക്ക് വഴിവെക്കും. കോടതി നടത്തിപ്പ് കക്ഷികൾ വിഡിയോയിൽ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മുതിർന്ന അഭിഭാഷകർക്ക് മാത്രമേ ഉത്തരവ് ലഭിക്കൂ എന്ന ധാരണയുണ്ടാകും. നെഹ്റുവിൻ്റെ കാലഘട്ടത്തിൽ ആർക്കോവേണ്ടി സൃഷ്ടിച്ച അപരിഷ്കൃത നിയമം പിഴുതെറിയേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിരാ ജയ്‌സിങ് കേസിൽ വകുപ്പ് 16(2)ന്റെ ഭരണഘടനാ അധിഷ്ഠിതമായ സാധുതയെ പറ്റി പരാമർശിക്കുകയോ വാദം കേൾക്കുകയോ ഉണ്ടായിട്ടില്ല. എന്നാൽ മുതിർന്ന അഭിഭാഷകർ സമൂഹത്തോടു കാണിക്കേണ്ട ബാധ്യതകളെപറ്റി ഇന്ദിര ജയ്സിങ. കേസിൽ പരാമർശമുണ്ട്. അവർ അത് പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഈ നിയമ വകുപ്പ് മാറ്റുന്നതിനു വേണ്ടി പൊരുതേണ്ടത് ഈ നാട്ടിലെ യുവ അഭിഭാഷകരാണ്. പ്രായമായവരല്ല. കേരളത്തിലെ മുതിർന്ന അഭിഭാഷകർ മറ്റു സംസ്ഥാനങ്ങളിൽ പോയി കേസ് നടത്തുമ്പോൾ, കേരള ബാറിന്‍റെ മാനം പോകാതെ നോക്കേണ്ടത് അവരുടെ ചുമതലയാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.