വലിയ ജീവിതങ്ങൾ ചെറിയ ജീവിതങ്ങളോട് ചെയ്യുന്നത്...
text_fieldsതൃശൂർ: സൗഭാഗ്യങ്ങളുടെ ഉത്തുംഗങ്ങളിൽനിന്ന് പിന്നെയും ഉയരെപ്പറക്കാൻ കൊതിക്കുന്നവരുടെ ജീവിതത്തെപ്പറ്റിയല്ല...മൂന്നു നേരവും അന്നം കിട്ടിയാൽ സന്തുഷ്ടിയുള്ളവരുടെ, അതിനുള്ള വക അധ്വാനിച്ച് നേടാൻ സന്നദ്ധതയുള്ളവരുടെ, സുരക്ഷിതമായി രാപ്പാർക്കാൻ അടച്ചുറപ്പുള്ളൊരു ഇടം ആഗ്രഹിക്കുന്നുവരുടെ, ഇതെല്ലാം നേരായ വഴിക്ക് നേടാൻ ആഗ്രഹിക്കുന്നവരുടെ ജീവിതമാണ് വിഷയം. കാലങ്ങളായി കീറി മുഷിഞ്ഞ ജീവിത പശ്ചാത്തലമുള്ളവർക്ക് തല ചായ്ക്കാൻ ഒരിടമെന്ന സ്വപ്നത്തിലേക്ക് ഒരു ദുഃസ്വപ്നമായ ഇറങ്ങിയെത്തുന്നവർ ആരായാലും അവരോടാണ്...
സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളവും വിദേശ രാജ്യത്തിെൻറ കോൺസുലേറ്റ് നയതന്ത്ര ബാഗേജും സ്വർണ കള്ളക്കടത്തും ഐ.എ.എസും സർക്കാരും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ വലിയ വലിയ കാര്യങ്ങൾ മധ്യകേരളത്തിലെ വടക്കാഞ്ചേരിയിൽ വീടെന്ന സ്വപ്നം നെയ്ത് കാത്തിരിക്കുന്ന 140 പേരുടെ ജീവിതത്തിലേക്ക് ഇടിത്തീയായി പെയ്തിറങ്ങുന്ന കാലമാണിത്. വടക്കാഞ്ചേരിയിൽ അങ്ങിങ്ങ് ചിതറി ജീവിക്കുന്ന ചേരി ജീവിതങ്ങളുടെ പുനഃരധിവാസത്തിന് സാധ്യമാവുന്ന പദ്ധതിയെന്ന നിലക്കാണ് ചരൽപ്പറമ്പിൽ 140 ഫ്ലാറ്റുകളുടെ സമുച്ചയങ്ങൾ ഉയരുന്നത്.
വെള്ളത്തിന് ക്ഷാമമുള്ള പ്രദേശത്ത്, റോഡിന്‍റെ അപര്യാപ്തയുള്ള ഇടത്ത് ഫ്ലാറ്റുകൾ നിർമിക്കുന്നുവെന്ന എതിർ രാഷ്ട്രീയ ആക്ഷേപങ്ങൾക്കൊന്നും ഇവിടത്തെ പാവങ്ങൾ ഇതുവരെ ചെവി കൊടുത്തിരുന്നില്ല. എത്രയും വേഗം പണി കഴിഞ്ഞ് താക്കോൽ കിട്ടിയാൽ സുരക്ഷിതമായി താമസിക്കാൻ ഇടമായല്ലോ എന്ന കാത്തിരിപ്പിലായിരുന്നു അവർ. ആ കാത്തിരിപ്പിലേക്ക് തീമഴ പെയ്യുന്നത്.
വൻ തോക്കുകൾ ഇടപെട്ടുവെന്ന് ന്യായമായും സംശയിക്കുന്ന സ്വർണം കള്ളക്കടത്തിെൻറ ചിലന്തിവലയുടെ ഇങ്ങേയറ്റത്ത് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയങ്ങൾ കുരുങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിയും തദ്ദേശ ഭരണ സ്ഥാപന വകുപ്പ് മന്ത്രിയും മറ്റെല്ലാവരും നിരനിരയായി എന്തെല്ലാം വിശദീകരിച്ചാലും സംശയം തീരാത്ത അനവധി നിരവധി കാര്യങ്ങൾ ബാക്കിയാവുകയാണ്. ലൈഫ് മിഷൻ എന്ന, ഭവനരഹിത-ഭൂരഹിത പുനഃരധിവാസത്തിനുള്ള കേരളത്തിെൻറ മാതൃകാ പദ്ധതിയെ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക മോഹ പൂർത്തീകരണത്തിന് ഇരയാക്കുന്നത് ആരെല്ലാമാണെന്ന് ഇനിയും വ്യക്തമല്ല. പക്ഷെ ഒന്ന് പറയാം, നിങ്ങളാരും പറയുന്നതൊന്നും ഇവിടെയാരും തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല.
ലൈഫ് മിഷൻ പദ്ധതിയിലേക്ക് കോൺസുലേറ്റ് വഴി യു.എ.ഇയുടെ സഹായം എത്തിയതുവരെ മനസിലാവും. ഫ്ലാറ്റ് സമുച്ചയമുണ്ടാക്കാൻ കേരളത്തിൽ അറിയപ്പെടുന്ന 'ഹാബിറ്റാറ്റ്' എന്ന ആർക്കിടെക്ട് സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. അവർ പിന്നീട് പിന്മാറിയത് എന്ത് കാരണത്താലാണ്?. 'ഹാബിറ്റാറ്റ്' ശീലിച്ചിട്ടില്ലാത്ത ഒരു നിർമാണ സാങ്കേതിക വിദ്യയാണ് വടക്കാഞ്ചേരിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞതുകൊണ്ടാണത്രെ അവർ പിന്മാറിയത്. എന്നാൽ, പിന്നീട് 'യൂണിടാക്'എന്ന സ്ഥാപനം രംഗത്തെത്തുകയും നാട്ടുനടപ്പ് രീതിയിൽതന്നെ നിർമാണം നടത്തുകയും ചെയ്യുകയാണ്.
ഇവിടെയാണ് ആദ്യ ചോദ്യം; ഹാബിറ്റാറ്റ് പിന്മാറാൻ വേണ്ടി ആ കുരുട്ടുബുദ്ധി പ്രയോഗിച്ചത് ആരാണ്?. പിന്നെ സംശയങ്ങളുടെ നിരതന്നെയാണ്. യൂണിടാക് ഈ മേഖലയിൽ പരിചയ സമ്പന്നരാണോ?. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസൻറ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് യൂണിടാക്ക് എത്തിയ വഴി ഇപ്പോഴും ദുരൂഹമാണ്. ഓരോ ദിനവും ഓരോരോ രേഖകൾ പുറത്ത് വരുേമ്പാൾ സംശയം കൂടുന്നതേയുള്ളൂ. കരാർ കിട്ടാൻ കമീഷൻ കൊടുത്തുവെന്ന് യൂണിടാക് പറഞ്ഞത്രെ, കിട്ടിയെന്ന് സ്വർണ കടത്തുകാരി പറഞ്ഞതായും അന്വേഷണ ഏജൻസികൾ നൽകുന്ന വിവരമായി മാധ്യമങ്ങൾ പുറത്തുവിടുന്നു.
കമീഷൻ കൊടുത്തെന്ന് കൊടുത്തയാളും കിട്ടിയെന്ന് കിട്ടിയയാളും പറഞ്ഞെങ്കിൽ ഇടപാട് വ്യക്തമാണ്. എങ്കിൽ ഇതിെൻറ ഗുണഫലം എത്തിയത് ആരിലേക്കെല്ലാമാണ്?. അവരായിരിക്കുമല്ലോ കാര്യങ്ങൾ ഇത്തരത്തിൽ എത്തിക്കാൻ വല നെയ്തത്. സ്വർണക്കടത്തിൽനിന്ന് ലൈഫ് മിഷൻ ഫ്ലാറ്റിലേക്ക് ആരോപണ-വിവാദ വല നീളുേമ്പാൾ മുഖ്യമന്ത്രി ആവർത്തിക്കുന്നതാണ് പറയാനുള്ളത്; അന്വേഷണം എെൻറ ഓഫീസിലെത്തിയാലും സ്വാഗതം. അതെ, സൂത്രധാരന്മാർ ആരായാലും അവരിലേക്കെല്ലാം അന്വേഷണം എത്തണം. അതിനിടക്ക് സ്വന്ത-ബന്ധുക്കളെ വല പൊട്ടിച്ച് രക്ഷിക്കരുതെന്ന് മാത്രം.
അന്വേഷണം അതിെൻറ വഴിക്ക് നീങ്ങട്ടെ. ആരോപണവും വിമർശനവും അതിനുള്ള മറുപടികളും ക്ഷോഭവും സമരവും പ്രതിഷേധവുമെല്ലാം നടക്കട്ടെ. പക്ഷെ; ഒരു കാര്യം ഓർത്താൽ നല്ലതാണ്, എല്ലാവരും. നിങ്ങളുടെ മോഹവലകൾ വരിഞ്ഞു മുറുക്കുന്നത് ചരൽക്കുന്നിൽ സുരക്ഷിതമായി ചേക്കേറാൻ കാത്തിരിക്കുന്ന 140 കുടുംബങ്ങളുടെ സ്വപ്നങ്ങളെയാണ്. അവരെ വെറുതെ വിട്ടേക്കുക. എല്ലാം കലങ്ങിത്തെളിയുേമ്പാൾ ചരൽപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയം പണിതീരാത്ത അസ്ഥികൂടങ്ങളായി അവശേഷിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചാൽ നല്ലത്, അത്ര മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.