വിവരാവകാശ നിയമത്തെ വജ്രായുധമാക്കി ഒരാൾ
text_fieldsസ്ഥാപിത താൽപര്യത്തിനായി പ്രതികാര ബുദ്ധിയോടെ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന അനഭിലഷണീയ പ്രവർത്തനങ്ങൾ കൊണ്ടുപിടിച്ച് നടക്കുന്ന വർത്തമാന കാലത്ത് ക്രിയാത്മക പ്രവർത്തനത്തിലൂടെ അതിെൻറ അനന്ത സാധ്യതകളെ കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി പ്രോപ്പർ ചാനൽ' എന്ന പ്രസ്ഥാനം. പേര് അന്വർഥമാക്കും വിധം പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവിധങ്ങളായ വിഷയങ്ങളിൽ പ്രോപ്പർ ചാനലിെൻറ ഇടപെടൽ കഴിഞ്ഞ നാളുകളിൽ കേരള സമൂഹം വലിയ തോതിൽ അനുഭവിച്ചിട്ടുണ്ട്.
നിതാന്ത ജാഗ്രതയോടെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ജനങ്ങളുടെ കാവലാളായി നിലകൊള്ളുകയും ചെയ്യുന്ന ഈ വേറിട്ട സംരംഭത്തിെൻറ അമരക്കാരനാണ് ഗുരുവായൂരിനടുത്ത കോട്ടപ്പടി സ്വദേശി എം.കെ. ഹരിദാസ്. പത്രാധിപർക്കുള്ള കത്തുകൾ പോലെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പോന്നിരുന്ന പൂക്കോട് പഞ്ചായത്തിലെ മാമ്പുഴ ഹരിദാസ് എന്ന യുവാവ് അക്ഷരാർഥത്തിൽ ഇന്ന് അറുപതിെൻറ നിറവിലാണ്. ഒക്ടോബർ 11ന് ഷഷ്ടിപൂർത്തി ആഘോഷിക്കുേമ്പാൾ തന്നെ പിറ്റേന്ന് വിവരാവകാശ നിയമത്തിെൻറ ഒന്നരപ്പതിറ്റാണ്ടും ഒത്തുവരുന്നത് യാദൃച്ഛികമാണെന്നിരിക്കെ ഹരിദാസിനിത് ആഹ്ലാദത്തോടൊപ്പം അഭിമാനത്തിെൻറ വേളയാണ്.
സ്വകാര്യ കമ്പനി മാനേജറായും പിന്നീട് സ്വന്തം ബിസിനസുമായി കാൽനൂറ്റാണ്ടായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഹരിദാസിന് നാടോടുേമ്പാൾ നടുവെ ഓടാൻ താൽപര്യമില്ല. സമാന മനസ്കരായ സുഹൃത്തുക്കളുമായി ചേർന്ന് സാമൂഹിക നന്മക്ക് ഒരു കൂട്ടായ്മ എന്ന ലക്ഷ്യം മുൻനിർത്തി 'ഇൻറിമസി ഫോർ സോഷ്യൽ വെർച്യൂ' എന്ന അടിക്കുറിപ്പുമായി തുടങ്ങിയ പ്രോപ്പർ ചാനൽ നിരവധി നിയമനിർമാണങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും വഴിയൊരുക്കി.
പൊതുതാൽപര്യ ഹരജിയുമായി രംഗപ്രവേശം ചെയ്യുന്നവരിൽ അധികപേരും ഏതു വിധേനയും പേരെടുക്കാൻ മാത്രമായിട്ടുള്ളവരാണ്.മറ്റ് ചിലരാകട്ടെ നിക്ഷിപ്ത താൽപര്യങ്ങൾക്കും ബ്ലാക്ക്മെയിൽ തന്ത്രങ്ങൾക്കും വേണ്ടി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുന്നവരും. അവിടെയാണ് ഹരിദാസിെൻറ ഇടപെടലുകൾ വേറിട്ടതായി തീരുന്നത്. നിയമ വ്യവസ്ഥയിൽ പൗരന് കൽപിച്ചുനൽകിയ പൊതുതാൽപര്യ ഹരജിയെന്ന വരദാനത്തിെൻറ അന്തസ്സത്ത ഉൾക്കൊണ്ട് വിപ്ലവകരമായ വിവരാവകാശ നിയമത്തെ ക്രിയാത്മകമായി പ്രയോഗിച്ച് ഹരിദാസ് നടത്തിയ ഇടപെടലുകൾ ഭരണ സംവിധാനത്തിൽ കാതലായ മാറ്റങ്ങൾ സമ്മാനിക്കുന്നവയായി മാറി.
കോഴിമാലിന്യത്തിൽ തുടങ്ങിയ പോരാട്ടം
കോഴി മാലിന്യം കേരളക്കരയിലാകെ തലവേദന സൃഷ്ടിക്കുന്ന കാലം. പരാതിയുമായി 2002ൽ തദ്ദേശ ഭരണ സ്ഥാപനത്തിൽ പോയപ്പോഴാണ് പഞ്ചായത്ത് രാജ് ആക്ടിൽ ഇറച്ചി വിൽപനശാലകളുടെ പട്ടികയിൽ കോഴിയിറച്ചി വ്യാപാരം ഉൾപ്പെട്ടിട്ടില്ലെന്ന് ഹരിദാസ് അറിയുന്നത്. ഈയാവശ്യം ഉന്നയിച്ച് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയതോടെ സാമൂഹികരംഗത്തേക്ക് കാലെടുത്തുവെക്കുകയായിരുന്നു. മനുഷ്യ വിസർജ്യം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും അധികം പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നത് കോഴിമാലിന്യമാണെന്ന് പഠനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് അധികാരികൾ കണ്ണടക്കുന്നതെന്ന ചിന്തയിൽ നിന്നാണ് ഹരിദാസ് അന്വേഷണം തുടങ്ങുന്നത്.
പിന്നീടാണ് പാചകവാതക വിതരണത്തിലെ അഴിമതിയെ പുറത്തുകൊണ്ടുവരുന്ന ഇടപെടലുണ്ടാകുന്നത്. 2004െൻറ അവസാനം വരെ ബുക്ക് ചെയ്താൽ സിലിണ്ടർ കിട്ടാൻ 60-70 ദിവസമാകുന്ന സമയമായിരുന്നു. തങ്ങളുടെ യഥാർഥ അവകാശങ്ങളെക്കുറിച്ച് അറിയാത്ത ഉപഭോക്താക്കളെ ഗ്യാസ് ഏജൻസികൾ ചൂഷണം ചെയ്യുകയായിരുന്നു. വിവരാവകാശ നിയമം പ്രാബല്യത്തിലായ ഉടൻ ഹരിദാസ് ചെയ്തത് ഉപഭോക്താവിെൻറ അവകാശങ്ങൾ, ഗ്യാസ് ഏജൻസികൾ പാലിക്കേണ്ട നിയമങ്ങൾ തുടങ്ങിയവ എണ്ണക്കമ്പനികളിൽനിന്നും സമ്പാദിക്കുകയായിരുന്നു. അങ്ങനെയാണ് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പാചകവാതകം എത്തിക്കുന്നതിന് ഡെലിവറി ചാർജ് നൽകേണ്ടതില്ലെന്ന വിവരം പുറത്തുവന്നത്. പല ഏജൻസികളും കൃത്രിമമായി കണക്ഷൻ സൃഷ്ടിച്ച് നൂറുകണക്കിന് ഗ്യാസ് സിലിണ്ടറുകൾ മറിച്ചുവിൽക്കുന്ന ഇടപാടുകളും ഹരിദാസിലൂടെ പുറംലോകം അറിഞ്ഞു.
ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഉപഭോക്താവിെൻറ ബാങ്ക് അക്കൗണ്ടിൽ സബ്സിഡി എത്തിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
ഗ്യാസ് ഏജൻസികളുടെ തട്ടിപ്പിനും വെട്ടിപ്പിനും ഇരയാവുന്ന ഉപഭോക്താക്കളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യം പുസ്തകം എഴുതിയാണ് സാധ്യമാക്കിയത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്തൃ സംഘടനകളും ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിരുന്നു. 'ഗാർഹിക പാചകവാതകം നീതിയും നിയമ നിഷേധവും' എന്ന പുസ്തകം പിറവിയെടുത്തത് അങ്ങനെയാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ താനെഴുതിയ ആമുഖം കൈമാറിയപ്പോൾ ഇങ്ങനെ പറഞ്ഞു. 'ഹരിദാസ് ചെയ്തത് നിസ്സാര കാര്യമല്ല'.
കൃഷ്ണയ്യരുടെ ഈ വാക്കുകളാണ് പിന്നീടുള്ള പ്രവർത്തനത്തിന് ഊർജം പകർന്നത്. കാർട്ടൂണുകളടങ്ങുന്ന പുസ്തകം 2007 ഫെബ്രുവരിയിൽ പുറത്തുവന്നതോടെ ഗ്യാസ് ഏജൻസികൾ ശത്രുക്കളായി. ഫോണിലൂടെയുള്ള തെറിപറയലിൽ തുടങ്ങിയ ഭീഷണി അവസാനിച്ചത് പുസ്തക പ്രകാശനം നടന്ന അന്ന് രാത്രി വൈറ്റിലയിലെ താമസസ്ഥലത്തെ പോർച്ചിൽ കിടന്ന കാർ തല്ലിത്തകർത്തതിലാണ്. ഗ്യാസ് ഏജൻസി പ്രസ്ഥാനം ഒരു മാഫിയയാണെന്ന് നേരത്തേ അറിയാമായിരുന്നുവെങ്കിലും, ഓൾ കേരള എൽ.പി.ജി കൺസ്യൂമേഴ്സ് അസോസിയേഷൻ രക്ഷാധികാരിയായ ഹരിദാസ് അന്ന് ഉറപ്പിച്ചു.
അതിനിടെ, നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി കൃത്യമായി ഇടപെട്ടു. ഐ.വി.ആർ.എസ് സിസ്റ്റം ഏർപ്പെടുത്തണമെന്നും മൂന്നുമാസത്തിലൊരിക്കൽ ഉപഭോക്താക്കളുടെ അദാലത്ത് നടത്തണമെന്നും കലക്ടർമാർക്ക് നിർദേശം നൽകിയ കോടതി, രണ്ടുവർഷം കഴിഞ്ഞ് എൽ.പി.ജി വിതരണം സാധാരണ ഗതിയിൽ നടന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന അനുവാദവും തന്നു. ഇപ്പോൾ സബ്സിഡിയില്ലെങ്കിലും ഇടക്കാലത്ത് ബാങ്ക് വഴി നൽകാനുള്ള നടപടിയായത് എണ്ണക്കമ്പനികളുടെ മേൽ കോടതി നൽകിയ നിർദേശമാണ്. 30 രൂപ ചെലവുവന്ന പുസ്തകം അഞ്ചുരൂപ കുറച്ച് 25 രൂപക്ക് വിറ്റതിനെ ഹരിദാസ് വിശേഷിപ്പിക്കുന്നത് താൻ സബ്സിഡി നൽകിയെന്നാണ്.
ഒട്ടും മോശക്കാരല്ല സ്വകാര്യ ലാബുകൾ
സ്വകാര്യ ലാബുകളുടെ മേൽ സർക്കാറിന് ഒരു നിയന്ത്രണവുമില്ലെന്ന യാഥാർഥ്യം ബോധ്യപ്പെട്ടു. സ്വകാര്യ ലബോറട്ടറികളിലെ പരിശോധനാഫലങ്ങൾ വ്യത്യസ്തമാകുന്നുവെന്ന പരാതിയിലായിരുന്നു ഇടപെടൽ. ആരോഗ്യ വകുപ്പിനോ മറ്റു സർക്കാർ സംവിധാനങ്ങൾക്കോ സ്വകാര്യ ലബോറട്ടറികളുടെ മേൽ ഒരു പങ്കാളിത്തവുമില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ൈലസൻസ് നൽകുന്നതെന്നും അങ്ങനെ വ്യക്തമായി. സംസ്ഥാനത്ത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം നിലവിലില്ലെന്ന വിവരവും അങ്ങനെ അറിയാൻ കഴിഞ്ഞു.
വി.ഡി. സതീശെൻറ സബ്മിഷന് മറുപടിയായി അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഇത് കൊണ്ടുവ േരണ്ട ആവശ്യത്തെക്കുറിച്ച് നിയമസഭയിൽ പ്രതികരിച്ചു. 2009 ൽ തുടങ്ങിയ പോരാട്ടം പത്ത് വർഷമെടുത്തുവെങ്കിലും 2019 ജനുവരിയിൽ അത്തരമൊരു നിയമം കേരളത്തിൽ യാഥാർഥ്യമായി. അതിന് പിന്നിലെ ചാലകശക്തി ഹരിദാസ് അല്ലാതെ മറ്റാരുമല്ല.
ദേ വരുന്നു മൃതദേഹ മാഫിയ
സ്വകാര്യ മെഡിക്കൽ കോളജുകൾ പഠനാവശ്യത്തിന് മൃതദേഹം സംഘടിപ്പിക്കുന്നതിനെ സർക്കാറിന് ഒന്നും അറിയില്ലെന്ന അത്ഭുതപ്പെടുത്തുന്ന മറുപടി സമ്പാദിച്ചതും വിവരാവകാശ നിയമപ്രകാരമായിരുന്നു. അതിന് പിന്നിലും വലിയൊരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തുകൊണ്ടുവരാനായി. എറണാകുളം ജനറൽ ആശുപത്രിയിൽനിന്നുമാത്രം നാലുവർഷത്തിനുള്ളിൽ 172 മൃതദേഹങ്ങൾ പല സ്വകാര്യ മെഡിക്കൽ കോളജുകൾക്കും നൽകിയതായി മറുപടി കിട്ടി. പണം വാങ്ങാതെ അജ്ഞാത മൃതദേഹങ്ങൾ നൽകുന്നുവെന്ന മറുപടി തെറ്റാണെന്നും ആശുപത്രി ജീവനക്കാർക്ക് പണം കൊടുത്ത് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വൻവിലക്ക് മറിച്ചുകൊടുക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ഇതിലെ ദുരൂഹത നിയമസഭയിൽ ചർച്ചയായതിനെ തുടർന്നാണ് സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള മൃതദേഹങ്ങൾ 40,000 രൂപ വില നിശ്ചയിച്ച് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് നൽകാൻ സർക്കാർ വിജ്ഞാപനമിറക്കിയത്. അതിന്മേൽ ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിലെ വാദം ഇപ്പോഴും തുടരുകയാണ്. ഇതിനോടകം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 1.3 കോടിയുടെ വരുമാനം െപാതുഖജനാവിന് ഈയിനത്തിൽ ലഭിച്ചു എന്ന വിവരവും ഹരിദാസാണ് കണ്ടെത്തിയത്.
ലാബുകളുടെയും മൃതദേഹ കൈമാറ്റത്തിെൻറയും ഇടപാടിൽ സംസ്ഥാന സർക്കാറിന് പങ്കില്ലെന്ന വാർത്ത ദേശീയമാധ്യമങ്ങളിൽ വന്നതോടെ ഡൽഹി ആസ്ഥാനമായ ആർ.ടി.ഐ ഫെഡറേഷൻ ഇംഗ്ലീഷിൽ വിവരങ്ങൾ ആവശ്യപ്പെട്ടു. അന്നത്തെ ഫെഡറേഷൻ ചെയർമാനും ഇന്നത്തെ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അയച്ച അനുമോദന കത്ത് ഹരിദാസിന് പുരസ്കാര സമാനമാണ്.
കണ്ടെത്തലുകൾ ഗവേഷണ വിഷയമാകുേമ്പാൾ
വിവരാവകാശ നിയമപ്രകാരം താൻ സമ്പാദിച്ച വസ്തുതകളും തെളിവുകളും ഭാവിയിൽ സമൂഹത്തിന് പ്രയോജനപ്പെടുത്താൻ എന്ത് ചെയ്യാനാകുമെന്ന് ഹരിദാസ് ആലോചിക്കുന്നതിനിടയിലാണ് വിവിധ സർവകലാശാലകളുടെ കീഴിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിദ്യാർഥികളുടെ ഗവേഷണത്തിന് വിവരാവകാശ ശേഖരം സഹായകമാകുന്നത്. മൃതദേഹ മാഫിയയുടെ കുത്സിത നീക്കങ്ങളും ക്ലിനിക്കൽ ലബോറട്ടറികളുടെ തന്നിഷ്ടങ്ങളുമെല്ലാം അക്കാദമികമായി വിലയിരുത്തപ്പെടുന്നുവെന്നത് ചെറിയ കാര്യമല്ല. ആദ്യം കേരളത്തിലെ വിദ്യാർഥികളാണ് ഇത് തേടിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുറത്തുനിന്നുള്ളവരുമുണ്ട്.
750 ഓളം അപേക്ഷകളിൽ ലഭിച്ച മറുപടികളിൽ ജനങ്ങൾക്ക് നേരിട്ട് ബന്ധമില്ലാത്ത വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം മാധ്യമങ്ങളിലൂടെ ഹരിദാസ് പുറത്ത് അറിയിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ കേരളത്തിൽ നിന്ന് പോകും മുേമ്പ നടത്തിയ വിധിന്യായത്തിൽ ഹർത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കാണെന്ന് ഉത്തരവിട്ടത് ഹരിദാസ് നൽകിയ കണക്കിെൻറ അടിസ്ഥാനത്തിൽ കൂടിയാണ്. നൽകിയ ആറു പൊതുതാൽപര്യ ഹരജികളിൽ മൂന്നെണ്ണവും ഹർത്താലുമായി ബന്ധപ്പെട്ടതാണ്.
ബഹുനില കെട്ടിടങ്ങളിലും ആശുപത്രികളിലും മാലിന്യനിർമാർജനത്തിന് ഇൻസിനേറ്റർ സ്ഥാപിക്കണമെന്ന് നിർബന്ധമാക്കിയത് വിവരാവകാശ നിയമം വഴി നിലവിൽ ഈ സംവിധാനമില്ലെന്നറിഞ്ഞ് നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്നാണ്. മൂന്നു നിലക്ക് മുകളിലുള്ള െകട്ടിടങ്ങളിൽ തീ അണക്കാനുള്ള സംവിധാനങ്ങൾ തേടിയുള്ള വിവരാവകാശ അപേക്ഷയിൽ ലഭിച്ച വിവരങ്ങൾ 2008ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി.
മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം നികുതിദായകർപോലും ഇത്രയും നല്ല ഒരു നിയമം സാമൂഹിക ആവശ്യത്തിന് ഉപയോഗിക്കുന്നില്ല എന്നത് ഖേദകരമാണെന്ന് ഹരിദാസ് പറയുന്നു. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്നു പറയുന്ന പ്രബുദ്ധകേരളത്തിൽ ആർ.ടി.ഐ ആക്ടിവിസ്റ്റുകൾ തുലോം കുറവാണ്. പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർ നിയമത്തോട് പൂർണമായും സഹകരിക്കുന്നില്ല. പഴുതുകൾ മറയാക്കി മിക്കവാറും എല്ലാവരും തന്നെ വിവരങ്ങൾ തരാതിരിക്കാനും നിരസിക്കുവാനുമാണ് ശ്രമിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആദ്യ മുഖ്യവിവരാവകാശ കമീഷണർ പാലാട്ട് മോഹൻദാസിനോടൊപ്പം ജില്ല ജഡ്ജിയായിരുന്ന വിജയകുമാർ, വി. ഗിരി തുടങ്ങിയ പ്രമുഖരുണ്ടായിരുന്നു. പിന്നീട് വന്നവരിലും പ്രശസ്തരും കഴിവു തെളിയിച്ചവരുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ ചായ്വ് നോക്കി സ്ഥാനം നിശ്ചയിക്കുന്ന പ്രവണത വന്നതോടെയാണ് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത് കുറഞ്ഞുവന്നതെന്ന അഭിപ്രായക്കാരനാണ് ഹരിദാസ്.
തോക്ക് ലൈസൻസ്. ഇ.പി.എഫ് കുടിശ്ശിക, എ.ജി, ഡി.ജി.പി, അഭിഭാഷക വൃന്ദത്തെ പോറ്റുന്ന സർക്കാർ കേസുകൾ, വരാപ്പുഴ, കോട്ടപ്പുറം ടോൾ കലക്ഷൻ, സ്വകാര്യ ബസ് യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ, മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ തിരിച്ചുപിടിച്ചത് 77 ഏക്കർ, കുമരകം ബോട്ട് ദുരന്തത്തിെൻറ റിപ്പോർട്ട് അട്ടത്ത്, മലയാളിയുടെ മദ്യപാനം, ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ക്ലബുകളുടെ മദ്യവിൽപന തുടങ്ങിയ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങളാണ് ഹരിദാസ് കണ്ടെത്തിയത്.
അറിയാനുള്ള അവകാശം എന്ന മഹത്തായ ആശയം നിലവിലുണ്ടെന്നുപോലും അറിയാത്തവർ വളരെ കുറവാണെന്ന് പലജില്ലകളിലും നടത്തിയ വിവരാവകാശ ബോധവത്കരണ ക്ലാസുകളിലൂടെ ബോധ്യപ്പെട്ട ഹരിദാസിന് ഇതിനുള്ള പ്രതിവിധി നിർദേശിക്കാനുണ്ട്. വിവരാവകാശ നിയമത്തെ കുറിച്ചുള്ള വിവരങ്ങൾ ഹൈസ്കൂൾ മുതൽ സാമൂഹികപാഠത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം.
ഉദ്വേഗജനകമായ ഒരു സിനിമക്ക് പറ്റിയ കഥയല്ലേ ജീവിതമെന്ന ചോദ്യത്തിന് ഹരിദാസ് നൽകിയ മറുപടി അവിെടയും ഇവിടെയും തൊടാതെയുള്ള ഒന്നായിരുന്നു. നിർബന്ധിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്ന് അണിയറയിൽ സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. 'ഒന്നും പറയരുതെന്ന് വ്യവസ്ഥയുണ്ട്. ദയവുചെയ്ത് കൂടുതലൊന്നും ചോദിക്കരുതേ' -അദ്ദേഹം അഭ്യർഥിച്ചു.
ഇതിനെല്ലാം ചെലവാകുന്ന പണത്തെ കുറിച്ച് സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ചോദ്യത്തിന് ഹരിദാസ് കൃത്യമായ മറുപടി നൽകി.പൊതുതാൽപര്യ ഹരജിയിൽ ഹാജരായ പ്രശസ്തരായ അഭിഭാഷകർ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ട് തീരെ കുറഞ്ഞ ഫീസേ വാങ്ങിയുള്ളൂ.വിവരാവകാശ നിയമ പ്രകാരം നൽകുന്ന അപേക്ഷയിലെ ഫീസും മറ്റും സ്വന്തം സമ്പാദ്യത്തിൽനിന്നെടുക്കും.
ഭാര്യ തൃശൂർ ഒളരി ഉമ്മാപ്പിള്ളി ഉഷയുടെ പിന്തുണ ഹരിദാസിെൻറ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു. മക്കളായ അശ്വിനും അർജുനും മരുമകൾ ഇരിങ്ങാലക്കുട പുളിയത്ത് അഖിലസുരേഷും കൊച്ചിയിലെ ഇൻഫോ പാർക്കിൽ ഐ.ടി. പ്രഫഷനലുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.