കാണാതായ തെരുവുനായയുടെ തിരിച്ചുവരവ് ആഘോഷമാക്കി മുംബൈ -വൈറലായി ദൃശ്യങ്ങൾ
text_fieldsമുംബൈ: കാണാതെ പോയ തെരുവുനായയെ തിരികെ കിട്ടിയത് ആഘോഷമാക്കുന്ന മനുഷ്യരുണ്ടോ? ഉണ്ട് എന്നാണ് മുംബൈ ദാദറിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി എട്ടിനാണ് നയീഗാവിലെ ജനങ്ങളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന തെരുവ് നായയായ വിസ്കിയെ കാണാതായത്. പലയിടത്തും നാട്ടുകാർ തെരഞ്ഞെങ്കിലും വിസ്കിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ സമൂഹ മാധ്യമങ്ങൾ വഴി വിസ്കിയെ തേടിയുള്ള കാമ്പയിനും പ്രദേശവാസികൾ ആരംഭിച്ചു.
നിരവധി പേരാണ് വിസ്കിയെ കണ്ടെത്താൻ കാമ്പയിനിൽ പങ്കാളികളായത്. ദക്ഷിണ മുംബൈയിലെ വിൽസൺ കോളജിന് സമീപത്തു നിന്നാണ് വിസ്കിയെ കണ്ടെത്തിയത്. ഏഴ് കിലോമീറ്റർ അകലെ നിന്ന് ലഭിച്ച വിസ്കിയെ ടാക്സിയിൽ നയീഗാവിലെത്തിച്ചപ്പോൾ ഹർഷാരവത്തോടെയാണ് പ്രദേശവാസികൾ സ്വാഗതം ചെയ്തത്.
തിരികെയെത്തിയ വിസ്കിയെ സ്വീകരിക്കാൻ നയീഗാവ് വാസികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രദേശത്ത് ഒത്തുകൂടിയത്. വെറുംകൈയോടെയല്ല, പലഹാരങ്ങളും, പൂക്കളും, മധുരവും ഒക്കെയായി ഗംഭീര വിരുന്നാണ് വിസ്ക്കിക്കായി ഒരുക്കിയത്.
സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ഗംഭീര വരവേൽപ്പിന്‍റെ വിഡിയോ പങ്കുവെച്ചത്. സഹജീവി സ്നേഹത്തിന്‍റെ ഉത്തമോദാഹരണമായ വിഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.