Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവിവാഹം...

വിവാഹം കഴിക്കുന്നവർക്ക് തുമ്മാരുകുടിയു​ടെ ഉപദേശം: ‘എത്ര ആർഭാടമാക്കുന്നതിലും തെറ്റില്ല, പക്ഷേ...’

text_fields
bookmark_border
വിവാഹം കഴിക്കുന്നവർക്ക് തുമ്മാരുകുടിയു​ടെ ഉപദേശം: ‘എത്ര ആർഭാടമാക്കുന്നതിലും തെറ്റില്ല, പക്ഷേ...’
cancel

വിവാഹനിശ്ചയം, സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്, ബാച്ചിലർ പാർട്ടി (hen/stag), മെഹന്ദി, ഹൽദി, സംഗീത്, വിവാഹം, വിവാഹ റിസപ്ഷൻ, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് എന്നിങ്ങനെ പല‘നില’കളുള്ള വിവാഹമാണ് ഇപ്പോൾ നടക്കുന്നത്. പത്തുവർഷം മുൻപ് വരെ വിവാഹനിശ്ചയത്തിലും വിവാഹത്തിലും ഒരു സൽകാരത്തിലും ഒതുങ്ങിനിന്നിരുന്ന വിവാഹാഘോഷങ്ങളാണ് ഇപ്പോൾ പലതരം ചടങ്ങുകളായി വ്യാപിച്ചത്. ഇതിന് ഓരോന്നിനും ചിലവുകൾ ഏറെയാണ്. ഓരോന്നിനും പ്രത്യേകം ഡ്രസ്സുകൾ, ഓരോ ഡ്രസ്സിനും പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ, പലതിനും കുടുംബത്തിലെ എല്ലാവർക്കും/കൂട്ടുകാർക്കും കളർ കോർഡിനേറ്റഡ് വേഷങ്ങൾ, വിവാഹത്തിനും വിവാഹനിശ്ചയത്തിനും പുറമെ സംഗീതിനും ഹൽദിക്കും പ്രത്യേക ഹാളുകൾ, സ്റ്റേജ്, അലങ്കാരങ്ങൾ, പ്രൊഫഷണൽ ഇവന്റ് മാനേജർ, ആണിനും പെണ്ണിനും ബ്യുട്ടീഷൻ എന്നിങ്ങനെ പോകുന്നു ചെലവുകൾ. വിവാഹത്തിലെ ഈ പുതുപ്രവണതകൾ സാമ്പത്തികമായി എത്ര ആരോഗ്യകരമാണ് എന്ന് വിലയിരുത്തുകയാണ് യു.എൻ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം മുൻ തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി.

കൈയിൽ പണമുള്ളവർ ആറോ ഏഴോ ഘട്ടമായി വിവാഹാഘോഷങ്ങൾക്ക് വാരിക്കോരി ചിലവാക്കട്ടെയെന്നും അങ്ങനെയെങ്കിലും പണം സമ്പദ്‌വ്യവസ്ഥയിലേക്ക് ഇറങ്ങട്ടെയെന്നും അദ്ദേഹം പറയുന്നു. പണം കറങ്ങിനടക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. എന്നാൽ, വിവാഹത്തിന് പണം മുടക്കേണ്ടത് ആരാണെന്ന കാര്യത്തിൽ തീരുമാനമാകണമെന്നാണ് മുരളി തുമ്മാരുകൂടി ഓർമിപ്പിക്കുന്നത്. കല്യാണം കഴിക്കുന്നവര​​ല്ല, അവരുടെ മാതാപിതാക്കളാണ് പണം ചിലവഴിക്കേണ്ടതെന്ന പുതിയ തലമുറയുടെ വിശ്വാസം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘‘സ്വന്തം വിവാഹം എത്ര ആർഭാടമാക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാൽ അതിനുള്ള പണം സ്വയം കണ്ടെത്തുന്നതാണ് ശരി. ഒന്നുകിൽ കൈയിലുള്ള പണത്തിൽനിന്നുകൊണ്ടുള്ള വിവാഹ ആഘോഷം, അതല്ലെങ്കിൽ ആവശ്യമായ പണം കൈയിലെത്തിയിട്ട് വിവാഹം. അതാണ് ലോകം ചെയ്യുന്നത്. അതായിരിക്കണം ശരിയായ ന്യൂജെൻ’ -തുമ്മാരുകുടി പറയുന്നു.

‘‘സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക നില ചിന്തിക്കാതെ കുട്ടികൾ അവരുടെ വിവാഹവും അഞ്ചോ ആറോ ഘട്ടങ്ങളായി പ്ലാൻ ചെയ്യുന്നു. അതിന് പണംകണ്ടെത്തേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കളുടേതുമാകുന്നു. വിവാഹച്ചടങ്ങുകൾ കൊഴുപ്പിക്കണമെന്നല്ലാതെ അതിന്റെ ചെലവിനെപ്പറ്റി, ആ ചെലവ് ആര് വഹിക്കും എന്നതിനെ കുറിച്ചൊന്നും അവർ ചിന്തിക്കുന്നില്ല. അത് അവരല്ല എന്നുമാത്രം അവർക്കറിയാം. കേരളത്തിൽ സർക്കാർ സർവീസും, എൻ.ആർ.ഐ.യും, ബിസിനസും, മറ്റു കുറച്ചു പ്രൊഫഷണൽ രംഗങ്ങളും ഒഴിച്ചാൽ ആളുകളുടെ ശമ്പളം വളരെ കുറവാണ്. 25 വർഷം ഒരു സ്വകാര്യസ്‌കൂളിലോ സ്ഥാപനത്തിലോ ശരാശരി ജോലി ചെയ്യുന്നവരുടെ മാസശമ്പളം മുപ്പതിനായിരം പോലുമില്ല. അവരാണ് പത്തും ഇരുപതും ലക്ഷം രൂപ മുടക്കി വിവാഹം നടത്തിത്തരണമെന്ന് പുതിയ തലമുറ പ്രതീക്ഷിക്കുന്നത്.

ഒരാളുടെ ജീവിതത്തിലെ ശരാശരി മെഡിക്കൽ ചിലവിന്റെ പകുതിയും അവസാനത്തെ വർഷങ്ങളിൽ ആണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു മെഡിക്കൽ ഇൻഷുറൻസ് സിസ്റ്റം ഇല്ല. അതുകൊണ്ട് എന്റെ തലമുറ പരമ്പരാഗതമായി കിട്ടിയതോ സ്വയം സമ്പാദിച്ചതോ ആയ പണം പരമാവധി സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ വയസുകാലത്ത് കഷ്ടപ്പെടും, വഴിയാധാരമാകും, സംശയം വേണ്ട. അന്ന് ആറുനില വിവാഹം നടത്തിവിട്ട മക്കളും മരുമക്കളും ഒന്നും സഹായത്തിനുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വയം പങ്കാളികളെ കണ്ടെത്താനും സ്വന്തം ചെലവിൽ വിവാഹം നടത്താനും മക്കളെ പഠിപ്പിക്കുന്നതാണ് ബുദ്ധി. വിവാഹം വാസ്തവത്തിൽ അത്ര ചിലവുള്ള കാര്യമല്ല. ആയിരം രൂപ കൈയിലുണ്ടെങ്കിലും വിവാഹം നടത്താം, അപ്പോൾ പണമില്ലാത്തത് കൊണ്ട് ആരും വിവാഹം കഴിക്കാതിരിക്കേണ്ടി വരില്ല. അഥവാ കുട്ടികൾ പണമുണ്ടാക്കി ആറോ ഏഴോ ഘട്ടമായി വിവാഹം നടത്തുന്നുണ്ടെങ്കിൽ അതും നല്ലത്. രണ്ടാണെങ്കിലും നമുക്ക് ആഘോഷമായി പങ്കെടുക്കാം. അതല്ലാതെ വയസ്സുകാലത്തേക്ക് കരുതിവെക്കേണ്ട പണമെടുത്ത് ആറു നില വിവാഹം നടത്തിയാൽ പണി പാളും’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ഓർമിപ്പിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂർണരൂപം:

ന്യൂജെൻ കല്യാണങ്ങൾ

പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങൾ മുന്നോട്ടാണ്. എന്റെ ചുറ്റും നടക്കുന്ന വിവാഹങ്ങളിൽ പകുതിയും ‘ലവ് മാര്യേജ്’ ആണ്. വളരെ നല്ലത്. പുതിയ തലമുറക്ക് അഭിനന്ദനങ്ങൾ!

എന്നാൽ അഭിനന്ദിക്കാൻ പറ്റാത്ത ഒരു പ്രവണത കൂടി ഇപ്പോൾ കാണുന്നുണ്ട്. അത് സമൂഹത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ എണ്ണത്തിൽ കാണുന്ന വർദ്ധനയാണ്. പത്തുവർഷം മുൻപ് വരെ ഒരു വിവാഹനിശ്ചയത്തിലും വിവാഹത്തിലും പരമാവധി വിവാഹം കഴിഞ്ഞാൽ ഒരു പാർട്ടിയിലും ഒതുങ്ങിനിന്നിരുന്ന വിവാഹാഘോഷങ്ങൾ ഇപ്പോൾ പലതായി.

വിവാഹനിശ്ചയം, സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്, ബാച്ചിലർ പാർട്ടി (hen/stag) മെഹന്ദി, ഹൽദി, സംഗീത്, വിവാഹം, വിവാഹ റിസപ്ഷൻ (ചിലപ്പോൾ ഒന്നിൽ കൂടുതൽ), പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് എന്നിങ്ങനെ.

ഇതിന് ഓരോന്നിനും ചിലവുകൾ ഏറെയാണ്. ഓരോന്നിനും പ്രത്യേകം ഡ്രസ്സുകൾ, ഓരോ ഡ്രസ്സിനും പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ (അവയിൽ പലതും പിന്നീട് ഉപയോഗിക്കാൻ ഇടയില്ലാത്തവ), പലതിനും കുടുംബത്തിലെ എല്ലാവർക്കും/കൂട്ടുകാർക്കും കളർ കോർഡിനേറ്റഡ് വേഷങ്ങൾ, വിവാഹത്തിനും വിവാഹനിശ്ചയത്തിനും പുറമെ സംഗീതിനും ഹൽദിക്കും പ്രത്യേക ഹാളുകൾ, സ്റ്റേജ്, അലങ്കാരങ്ങൾ, പ്രൊഫഷണൽ ഇവന്റ് മാനേജർ, ആണിനും പെണ്ണിനും ബ്യുട്ടീഷൻ എന്നിങ്ങനെ പോകുന്നു ചെലവുകൾ.

കൈയിൽ പണമുള്ളവർ ആറോ ഏഴോ ഘട്ടമായി വിവാഹാഘോഷങ്ങൾക്ക് വാരിക്കോരി ചിലവാക്കട്ടെ. അങ്ങനെയെങ്കിലും പണം സമ്പദ്‌വ്യവസ്ഥയിലേക്ക് ഇറങ്ങട്ടെ. പണം കറങ്ങിനടക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്.

എന്റെ പ്രശ്നം അതല്ല. വിവാഹം ലവ് ആണെങ്കിലും അറേൻജ്‌ഡ്‌ ആണെങ്കിലും പണം മുടക്കേണ്ടത് കല്യാണം കഴിക്കുന്നവരല്ല, അവരുടെ മാതാപിതാക്കളാണെന്ന് പുതിയ തലമുറ കുട്ടികൾ വിശ്വസിക്കുന്നു എന്നതാണ്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക നില ചിന്തിക്കാതെ കുട്ടികൾ അവരുടെ വിവാഹവും അഞ്ചോ ആറോ ഘട്ടങ്ങളായി പ്ലാൻ ചെയ്യുന്നു. അതിന് പണംകണ്ടെത്തേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കളുടേതുമാകുന്നു. വിവാഹച്ചടങ്ങുകൾ കൊഴുപ്പിക്കണമെന്നല്ലാതെ അതിന്റെ ചെലവിനെപ്പറ്റി, ആ ചെലവ് ആര് വഹിക്കും എന്നതിനെ കുറിച്ചൊന്നും അവർ ചിന്തിക്കുന്നില്ല. അത് അവരല്ല എന്നുമാത്രം അവർക്കറിയാം.

കേരളത്തിൽ സർക്കാർ സർവീസും, എൻ.ആർ.ഐ.യും, ബിസിനസും, മറ്റു കുറച്ചു പ്രൊഫഷണൽ രംഗങ്ങളും ഒഴിച്ചാൽ ആളുകളുടെ ശമ്പളം വളരെ കുറവാണ്. 25 വർഷം ഒരു സ്വകാര്യസ്‌കൂളിലോ സ്ഥാപനത്തിലോ ശരാശരി ജോലി ചെയ്യുന്നവരുടെ മാസശമ്പളം മുപ്പതിനായിരം പോലുമില്ല. അവരാണ് പത്തും ഇരുപതും ലക്ഷം രൂപ മുടക്കി വിവാഹം നടത്തിത്തരണമെന്ന് പുതിയ തലമുറ പ്രതീക്ഷിക്കുന്നത്.

ഈ വിഷയത്തിൽ പുതിയ തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളു. സ്വന്തം വിവാഹം എത്ര ആർഭാടമാക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാൽ അതിനുള്ള പണം സ്വയം കണ്ടെത്തുന്നതാണ് ശരി. ഒന്നുകിൽ കൈയിലുള്ള പണത്തിൽനിന്നുകൊണ്ടുള്ള വിവാഹ ആഘോഷം, അതല്ലെങ്കിൽ ആവശ്യമായ പണം കൈയിലെത്തിയിട്ട് വിവാഹം. അതാണ് ലോകം ചെയ്യുന്നത്. അതായിരിക്കണം ശരിയായ ന്യൂജെൻ.

എന്റെ തലമുറയോട് കുറച്ചുകൂടി പറയാം.

മക്കൾക്ക് അവരുടെ ബൗദ്ധിക കഴിവിന്റെയും നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളുടെയും പരമാവധിയിൽ വിദ്യാഭ്യാസം നൽകുക എന്നതാണ് നിങ്ങൾ അവർക്കുവേണ്ടി ചെയ്യേണ്ടുന്ന അവസാനത്തെ ഉത്തരവാദിത്തം. അതിനപ്പുറത്തേക്ക് എന്തും ചെയ്യാം. പക്ഷെ, അതിനെ നിങ്ങളുടെ ഉത്തരവാദിത്തമായി കാണേണ്ടതില്ല.

മാതാപിതാക്കൾ വിവാഹം ആർഭാടത്തിൽ നടത്തിത്തരുന്നത് തങ്ങളുടെ അവകാശമാണെന്ന് കുട്ടികൾ കരുതുന്നുണ്ടെങ്കിലും മാതാപിതാക്കൾക്ക് വയസ്സാകുമ്പോൾ അവരെ പരിപാലിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പുതിയ തലമുറ കരുതുന്നില്ല. കൂടുതൽ കുട്ടികൾ നാടുവിടുന്ന കാലത്ത് അത് പ്രായോഗികവും ആവില്ല.

കേരളത്തിലെ ആയുർദൈർഘ്യവും മെഡിക്കൽ ചെലവുകളും കൂടുകയാണ്. ഒരാളുടെ ജീവിതത്തിലെ ശരാശരി മെഡിക്കൽ ചിലവിന്റെ പകുതിയും അവസാനത്തെ വർഷങ്ങളിൽ ആണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു മെഡിക്കൽ ഇൻഷുറൻസ് സിസ്റ്റം ഇല്ല. അതുകൊണ്ട് എന്റെ തലമുറ പരമ്പരാഗതമായി കിട്ടിയതോ സ്വയം സമ്പാദിച്ചതോ ആയ പണം പരമാവധി സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ വയസുകാലത്ത് കഷ്ടപ്പെടും, വഴിയാധാരമാകും, സംശയം വേണ്ട. അന്ന് ആറുനില വിവാഹം നടത്തിവിട്ട മക്കളും മരുമക്കളും ഒന്നും സഹായത്തിനുണ്ടാകില്ല.

അതുകൊണ്ടുതന്നെ സ്വയം പങ്കാളികളെ കണ്ടെത്താനും സ്വന്തം ചെലവിൽ വിവാഹം നടത്താനും മക്കളെ പഠിപ്പിക്കുന്നതാണ് ബുദ്ധി. വിവാഹം വാസ്തവത്തിൽ അത്ര ചിലവുള്ള കാര്യമല്ല. ആയിരം രൂപ കൈയിലുണ്ടെങ്കിലും വിവാഹം നടത്താം, അപ്പോൾ പണമില്ലാത്തത് കൊണ്ട് ആരും വിവാഹം കഴിക്കാതിരിക്കേണ്ടി വരില്ല. അഥവാ കുട്ടികൾ പണമുണ്ടാക്കി ആറോ ഏഴോ ഘട്ടമായി വിവാഹം നടത്തുന്നുണ്ടെങ്കിൽ അതും നല്ലത്. രണ്ടാണെങ്കിലും നമുക്ക് ആഘോഷമായി പങ്കെടുക്കാം. അതല്ലാതെ വയസ്സുകാലത്തേക്ക് കരുതിവെക്കേണ്ട പണമെടുത്ത് ആറു നില വിവാഹം നടത്തിയാൽ പണി പാളും.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. പറഞ്ഞില്ലെന്നു വേണ്ട…

മുരളി തുമ്മാരുകുടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muralee thummarukudymarriage
News Summary - Muralee Thummarukudy about newgen marriage
Next Story