കോവിഡാണ്, മഹാമാരിയാണ്, എന്നാലും ഇവിടെ ഇങ്ങനാണ് ഭായ്...
text_fieldsമലപ്പുറം: കോവിഡാണ്, മഹാമാരിയാണ്, അതിനെ പിടിച്ചു കെട്ടാൻ സർക്കാർ ആവുന്നെതല്ലാം ചെയ്യുന്നു, എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഓടുന്നു. ലോക നിലവാരത്തിലാണ് കേരളത്തിെൻറ പ്രതിരോധം എന്നാണ് സർക്കാറും അതത്ജി ല്ലാഭരണകൂടങ്ങളും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
മുഴുവനായും തള്ളാണെന്ന് പറയാനാവില്ല. എന്നാൽ രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ എല്ലാം പൊളിഞ്ഞു വീഴുന്നതാണ് കാണുന്നത്. ഏകോപനമൊക്കെ വണ്ടി പിടിച്ചുപോയി. ഇപ്പോൾ തോന്നിയ മട്ടാണ്. സർക്കാർ പ്രതിരോധം നടപ്പാക്കുന്നത് അതത് ജില്ലാ ഭരണകൂടങ്ങൾ വഴിയാണല്ലോ. അവർക്കിടയിലെ കുശുമ്പും കണ്ടുകൂടായ്മയും മൂപ്പിളമ തർക്കവും ഈഗോയും പലപ്പോഴും പ്രശ്നങ്ങളെ സങ്കീർണമാക്കുന്നതായാണ് അനുഭവം. കൃത്യമായ വിവരം നൽകുന്നതിൽ പോലും വീഴ്ചകളുണ്ടാകുന്നു എന്ന് പറയാതെ വയ്യ. ആരോഗ്യ വകുപ്പ് പറയുന്നത് ചിലപ്പോൾ ദുരന്ത നിവാരണ വകുപ്പ് കേൾക്കില്ല. ഇവർ രണ്ടു കൂട്ടരും പറയുന്നത് കലക്ടർക്ക് മനസിലാവില്ല.
ഒരു റോഡിെൻറ ഇപ്പുറം കണ്ടെയ്ൻമെൻറ് സോണാണെങ്കിൽ അപ്പുറത്തെ കടകൾ തുറക്കാമെന്ന് ഉത്തരവിറങ്ങും. അപ്പുറത്തുള്ള കോവിഡ് ഇങ്ങോട്ട് എത്തില്ലെന്നാണ് അധികൃതരുടെ കണ്ടുപിടിത്തം. കണ്ടെയ്ൻമെൻറ് സോൺ എന്ന് കേൾക്കുേമ്പാഴേക്ക് പൊലീസുകാർ ചാടി വീഴും. ഹൈവേകളിൽ പോലും വലിയ പാറക്കല്ലുകൾ കൊണ്ടിടും. പത്ര വിതരണം അടക്കം തടയും. പൊന്നാനി ചമ്രവട്ടം പാലത്തിലുടെ പോകുന്ന തീരദേശ ഹൈവേ വലിയ പാറക്കല്ലിട്ട് അടച്ചത് പ്രതിഷേധത്തിനൊടുവിലാണ് മാറ്റിയത്. കർണാടകയിൽ റോഡ് അടച്ചതിനെ ട്രോളി കൊന്നവരാണ് മലയാളികൾ. എന്നാൽ നമ്മുടെ സർക്കാർ ചെയ്താൽ ഇങ്ങക്കെന്താ കോൺഗ്രസേ എന്ന ലൈനിലാണ് ഇടത് ശിങ്കങ്ങൾ.
പബ്ലിക് റിലേഷൻ വിഭാഗം മാധ്യമങ്ങൾക്ക് നൽകുന്ന വിവരങ്ങളിൽ പോലും അവ്യക്തതയും പിശകുമുണ്ടാവുന്നു. സംശയ നിവാരണത്തിന് ഡി.എം.ഒയെ വിളിച്ചാൽ അത് ദുരന്ത നിവാരണ വകുപ്പിെൻറ വീഴ്ചയാണെന്ന് പറയും. ജില്ലയിലെ ദുരന്ത നിവാരണ വിഭാഗത്തിെൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണെങ്കിൽ ആള് പുലിയാണ്. കലക്ടറെക്കാളും എസ്.പിയേക്കാളും തിരക്കിലാണ് കക്ഷി. ഫോൺ വിളിച്ചാൽ എടുക്കുന്ന പ്രശ്നമില്ല. പി.ആർ.ഡിയിൽ നിന്നും സ്വന്തം വകുപ്പിൽ നിന്നുള്ള കോളുകളാണെങ്കിൽപോലും മൂപ്പരെ കിട്ടില്ല. പാവം കലക്ടറാണെങ്കിൽ ഇവർ നൽകുന്ന വിവരങ്ങൾ വെച്ച് അറിയിപ്പുകൾ നൽകുകയും ചെയ്യും. പിന്നീട് തെറ്റാണെന്ന് അറിയുേമ്പാൾ തിരുത്താൻ കഴിയാതെ വട്ടം കറങ്ങും.
നിലമ്പൂർ താലൂക്കിൽ ചില വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി കലക്ടറുടെ അറിയിപ്പ് വന്നിരുന്നു കുറച്ചു ദിവസം മുമ്പ്. പത്രങ്ങളെല്ലാം സ്റ്റോറി ഫയൽ ചെയ്തു. എന്നാൽ രാത്രി 10 ഓടെ നഗരസഭ അധികൃതർ തിരുത്തുമായി വന്നു. ഈ വാർഡുകളിലൊന്നും പ്രശ്നമില്ലെന്നും ഒരു കോവിഡ് രോഗി പോലുമില്ലെന്നും അവർ അറിയിച്ചു. ആകെ പുലിവാലായി. കലക്ടറെ വിളിച്ച മാധ്യമ പ്രവർത്തകരോട് കാത്തിരിക്കാൻ പറഞ്ഞു. ഡി.എം.ഒയെ വിളിച്ചപ്പോൾ പന്ത് ഡിസാസ്റ്റർ മാനേജ്മെൻറിലേക്ക് തട്ടി. അവിടെ വാർത്ത ടൈപ് ചെയ്തപ്പോൾ പറ്റിയ പിശകാണെന്ന് അറിയിച്ചു. പി.ആർ.ഡിക്കാരും കുടുങ്ങി. അവർക്കും വിളിച്ചിട്ട് ഡെപ്യൂട്ടി കലക്ടറെ കിട്ടുന്നില്ല. ഒടുവിൽ സഹികെട്ട് നിലമ്പൂർ നഗരസഭ ചെയർമാൻ വോയിസ് ക്ലിപ്പിട്ടു. നിലമ്പൂർ നഗരസഭ മൊത്തം കണ്ടെയ്ൻമെൻറ് സോണാക്കി അവരങ്ങ് പ്രഖ്യാപിച്ചു. അതോടെ എല്ലാം ശുഭം.
മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ അതിനെക്കാൾ രസകരമാണ് കാര്യങ്ങൾ. മത്സ്യമാർക്കറ്റിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് അടച്ചിട്ടു. എന്നാൽ തൊട്ടടുത്ത കടകൾ എല്ലാം ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നു. മത്സ്യമാർക്കറ്റിൽ മാത്രമേ കോവിഡ് വരൂ എന്നൊന്നും ചോദിക്കരുത്. മൊത്തം നട്ടം തിരിഞ്ഞ് നിൽക്കുന്നതിനാൽ കഥയിൽ ചോദ്യമില്ല. മഴ കനത്തതോടെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, ചീക്കോട് പഞ്ചായത്തുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ അറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ കണ്ടെയ്ൻമെൻറ് സോൺ ആക്കിയ താലൂക്കിലെ റോഡുകളെല്ലാം പൊലീസുകാർക്ക് ഈച്ചക്ക് പോലും പോകാൻ പറ്റാതെ അടച്ചിട്ടുണ്ട്. അടച്ച റോഡിൽ കൂടി കുഞ്ഞു കുട്ടി പരാധീനങ്ങളുമായി എങ്ങോട്ട് പോകുമെന്നൊന്നും അധികാരികളോട് ചോദിക്കരുത്. അവർ ഏതായാലും ഹെലികോപ്റ്ററൊന്നും അയച്ചു തരില്ല. അതിന് മിനിമം പിണറായിയോ മോദിയോ ആവണം. അതുകൊണ്ട് വെള്ളം കയറിയാൽ നാട്ടുകാരെ നിങ്ങൾ വീടിെൻറ ടെറസിൽ കയറി ഇരിക്കുക. കാരണം, ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.