ഇസ്രായേലിന്റെ പാളിപ്പോയ പാളിവുഡ് തിരക്കഥകൾ
text_fieldsഒക്ടോബർ ഏഴിന് ശേഷം സോഷ്യൽ മീഡിയയിൽ നിറയെ വ്യാജം പ്രചരിപ്പിക്കുന്നതിൽ മുന്നിലാണ് ഇസ്രായേൽ. അത്തരത്തിൽ വ്യാജം പ്രചരിപ്പിക്കാൻ ഇസ്രായേൽ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ് പാളിവുഡ്.
ഇസ്രായേലിന്റെ വ്യാജപ്രചാരണ തന്ത്രമായ ഹസ്ബറയിലൂടെയാണ് ഈ ഈ വാക്ക് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളിലൂടെ പൊതുഅഭിപ്രായം രൂപീകരിക്കാനും ഇസ്രായേൽ പിന്തുണയുണ്ടാക്കാനുമുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നു ഇത്. ഫലസ്തീനിൽ നിന്നും വരുന്ന വിഡിയോയും ഫോട്ടോസുമെല്ലാം വ്യാജമാണെന്നും എല്ലാം നാടകമാണെന്നുമുള്ള തരത്തിലുള്ള പ്രചാരണമാണ് ഇസ്രായേൽ നടത്തുന്നത്. ഇതിന് അവരിട്ട പേരാണ് പാളിവുഡ്. ഹോളിവുഡ് എന്ന വാക്കിൽ നിന്നും ഫലസ്തീനികളെ പരിഹസിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ വാക്ക് ബോധപൂർവം ഇസ്രായേൽ പ്രചരിപ്പിക്കുന്നത്.
ഒക്ടോബർ എഴിന് ശേഷം ഇസ്രായേൽ അനുകൂലികളും ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥരുമെല്ലാം സോഷ്യൽ മീഡിയയിൽ പാളിവുഡ് എന്ന ഹാഷ്ടാഗോടെയാണ് ഇസ്രായേൽ അനുകൂല വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഫലസ്തീനികൾ യഥാർഥമല്ലെന്നും അവരുടേതെല്ലാം കെട്ടുകഥകൾ മാത്രമാണെന്നുമുള്ള സയണിസ്റ്റ് കാഴ്ചപ്പാടാണ് ഈ പ്രചാരണത്തിന് പിന്നിലെന്നാണ് പ്രമുഖർ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം വെറും നാടകവും വ്യാജമാണെന്നും പ്രചരിപ്പിക്കുക എന്ന ഗൂഡലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അത്തരം പാളിവുഡ് തിരക്കഥകളിൽ പ്രധാനപ്പെട്ടതായിരുന്നു ആദ്യഘട്ടത്തിൽ ഇസ്രായേൽ പ്രചരിപ്പിച്ച ഹമാസ് ടണൽ കഥകൾ. ഈ പേരിൽ നിരവധി ആശുപത്രികളാണ് ഇസ്രായേൽ തകർത്തത്. നിരവധി കുട്ടികളേയും സ്ത്രീകളേയും ഉൾപ്പടെ കൊലപ്പടുത്തി. പാളിവുഡിനായുള്ള മറ്റൊരു തിരക്കഥ ഇസ്രായേൽ ക്രൂരത ലോകത്തോട് വിളിച്ചു പറയുന്ന കണ്ടന്റ് ക്രിയേറ്റർമാരേയും മാധ്യമപ്രവർത്തകരേയും ലക്ഷ്യം വെച്ചായിരുന്നു. അങ്ങിനെയാണ് സലേഹ് അൽ ജഫറാവിക്കെതിരെ പ്രചാരണം നടത്തിയത്. ഫലസ്തീൻ മാധ്യമപവ്രവർത്തകനായ ജഫറാവിയുടെ വിഡിയോകൾ വ്യാജമാണെന്നും കൈയിൽ വ്യാജരക്തം പുരട്ടിയുള്ള അഭിനയമാണെന്നുമായിരുന്നു പരിഹാസം. ഇസ്രായേൽ വ്യാജ മീഡിയ ഫാക്ടറി അദ്ദേഹത്തെ 'ക്രൈസിസ് ആക്ടർ' എന്ന് വിളിച്ചാണ് പരിഹസിച്ചത്. ഇസ്രായേലിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വരെ ജഫറാവിയെ അഭിനേതാവായും ഹമാസിന്റെ ടി.വി അവതാരകനെന്നുമായിരുന്നു വിശേഷണം. എന്നാൽ ഗസ്സയിലെ ഇസ്രായേൽ ക്രൂരത ലോകത്തോട് വിളിച്ചുപറയാൻ ഇന്നും അദ്ദേഹം മുൻപന്തിയിലുണ്ട്.
പാളിവുഡിന്റെ പാളിപ്പോയ മറ്റൊരു തിരക്കഥയായിരുന്നു ഫലസ്തീനിലെ വ്യാജ ശവസംസ്കാരചടങ്ങ് എന്ന പേരിൽ പ്രചരിപ്പിച്ചത്. എന്നാൽ സോഷ്യൽ മീഡിയ തന്നെ ഇത് പൊളിച്ചടുക്കി. 2020ൽ ജോർദാനിൽ നടന്ന വിഡിയോ ആയിരുന്നു ഫലസ്തീനിലേതെന്നും പറഞ്ഞ് പ്രചരിപ്പിച്ചത്. അത് പോലെ മരിച്ചതായി വേഷമിടുന്ന ഫല്സ്തീനികൾ എന്ന പേരിലും വ്യാജ പ്രചരണങ്ങൾ പുറത്തിറങ്ങി. എന്നാൽ ആ ചിത്രമാകട്ടെ തായ്ലാൻഡിലെ 2022 ഹാലോവിൻ പാർട്ടിയുടേതായിരുന്നു. പിന്നീട് അൽജസീറ റിപോർട്ട് ചെയ്ത വാർത്തയും വ്യാജമെന്ന തരത്തിൽ ഇസ്രായേലിലെ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന തരത്തിൽ കാണിച്ചത് യാഥാർഥ കുട്ടിയല്ലെന്നും അത് പാവയാണെന്നുമുള്ള നട്ടാൽ കുരുക്കാത്ത നുണയായിരുന്നു പ്രചരിപ്പിച്ചത്. എന്നാൽ യാഥാർഥ്യം പുറത്തുവന്നതോടെ ഇസ്രായേലി മാധ്യമമായ ജറുസലേം ആ വാർത്ത മുക്കി.
ഇങ്ങനൊയൊക്കെ ആണെങ്കിലും ഗസ്സയിലെ ഇസ്രായേൽ ക്രൂരത ലോകത്തോട് വിളിച്ചു പറയുന്നത് ഒരുപറ്റം മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സുമാണ്. തലക്ക് മീതെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറക്കുമ്പോഴും ഇസ്രായേൽ ക്രൂരതക്കെതിരെയും പാളിവുഡിന്റെ തിരക്കഥകളേയും പൊളിക്കുകയാണ് ഇവർ. അത് കൊണ്ട് പാളിവുഡ് തിരക്കഥകൾക്ക് മേൽ സത്യം വിജയിക്കുന്ന കാഴ്ചകളാണ് ദിവസവും ഗസ്സയിൽ നിന്നും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.