നറുക്കെടുപ്പിന് കാത്തിരിപ്പ്; സ്ഥാനാർഥി മോഹികൾക്ക് നെഞ്ചിടിപ്പ്
text_fieldsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ ആകാംക്ഷയോടെ കണ്ണുനട്ടിരിക്കുകയാണ് രാഷ്ട്രീയപ്പാർട്ടി നേതാക്കളും പ്രവർത്തകരും. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽ പകുതി സീറ്റും വനിതകൾക്ക് സംവരണം ചെയ്തതിൽപ്പിന്നെ പുരുഷ നേതാക്കളുടെ കാര്യം കുറച്ച് പരുങ്ങലിലാണ്. മുൻകൂട്ടി സ്ഥാനാർഥിക്കുപ്പായം തയ്ച്ചുവെക്കാൻ കഴിയാത്ത സ്ഥിതി. നറുക്കെടുപ്പ് കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ.
ഇരിക്കപ്പൊറുതിയില്ലാതെ സീറ്റ് മോഹികൾ
ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക നേതാക്കൾക്കാണ് നറുക്കെടുപ്പ് ഏറെ നിർണായകം. പതിറ്റാണ്ടുകളായി സീറ്റ് കുത്തകയാക്കി വെച്ചവർക്ക് 2010ൽ 50 ശതമാനം വനിത സംവരണം വന്നത് തിരിച്ചടിയായിരുന്നു. പലരും ബന്ധുക്കളായ വനിതകളെ ഈ സ്ഥാനത്ത് പരീക്ഷിച്ചു. അടുത്ത തവണ വാർഡ് ജനറലിലേക്ക് മാറുമെന്നും വീണ്ടും മത്സരിക്കാമെന്നും കാത്തിരിക്കവെയാവും നറുക്കെടുപ്പിൽ പട്ടിക ജാതി, വർഗ സംവരണമാവുക. 2010ൽ വനിതകൾക്കും 2015ൽ പട്ടിക ജാതിക്കോ വർഗത്തിനോ സംവരണം ചെയ്ത വാർഡുകളിൽ ഇക്കുറി വീണ്ടും സ്ത്രീകളാണ് മത്സരിക്കുക. ഇത് കൂടിയാവുന്നതോടെ സ്ഥാനാർഥി മോഹമുള്ളവർ അവസരം തേടി മറ്റു വാർഡുകളിലേക്ക് ഓട്ടമാണ്. തുടർന്ന്, സഖ്യകക്ഷികൾ മത്സരിക്കുന്ന ജയസാധ്യത ഉള്ളതോ ഇല്ലാത്തതോ ആയ സീറ്റുകൾ തരത്തിൽ കൈവശപ്പെടുത്തുന്നവർ കൂട്ടത്തിലുണ്ട്.
പെണ്ണുങ്ങൾ ഒരു പണത്തൂക്കം മുമ്പിൽ
ജനറൽ വാർഡുകൾ സാധാരണ ഗതിയിൽ അടുത്ത തവണ സംവരണമാവും. ജനറൽ വനിത, ജനറൽ പട്ടിക ജാതി, ജനറൽ പട്ടിക വർഗം, പട്ടിക ജാതി സ്ത്രീ, പട്ടിക വർഗ സ്ത്രീ എന്നിവക്ക് വേണ്ടിയാണ് നറുക്കെടുപ്പ്. ജനറൽ വാർഡുകൾ സ്വാഭാവികമായും വനിതയിലേക്ക് മാറും. തിരിച്ച് ജനറലാവുന്ന വാർഡുകളിൽ നിന്നാണ് ജനറൽ പട്ടിക ജാതി, ജനറൽ പട്ടിക വർഗം എന്നിവ നിശ്ചയിക്കുക. വനിതയിൽ നിന്ന് നറുക്കിട്ട് പട്ടിക ജാതി സ്ത്രീ, പട്ടിക വർഗ സ്ത്രീ എന്നിവയും കണ്ടെത്തും.
പട്ടികവർഗക്കാരുള്ള മേഖലകളിൽ മാത്രമേ ഈ വിഭാഗത്തിന് സംവരണമുള്ളൂ. ആകെ വാർഡുകളുടെ എണ്ണം ഒറ്റ സംഖ്യയിലാണെങ്കിൽ സ്ഥാനമൊഴിയുന്ന സ്ത്രീ സംവരണ വാർഡുകളിൽ ഒന്ന് നറുക്കിട്ട് വനിതക്ക് തന്നെ വീണ്ടും നൽകും. ഇത്തരം തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾ സ്വാഭാവികമായും എണ്ണത്തിൽ കൂടും. ഉദാഹരണത്തിന് 19 വാർഡുള്ള പഞ്ചായത്തിൽ 10 വനിത മെംബർമാർ ഉണ്ടാവും. ഏതെങ്കിലും ജനറൽ സീറ്റിൽ വനിത ജയിച്ചുവന്നാൽ വീണ്ടും വർധിക്കും. ജില്ലാ, സംസ്ഥാന തലത്തിൽ മൊത്തം എണ്ണം എടുക്കുമ്പോൾ വ്യക്തമായ സ്ത്രീ മേധാവിത്വമുണ്ട്.
എങ്കിൽപ്പിന്നെ മത്സരിക്കുന്നതെന്തിന് നാം വൃഥാ
വാർഡുകളുടെ നറുക്കെടുപ്പിന് ശേഷമാണ് അധ്യക്ഷ സ്ഥാനങ്ങൾ തീരുമാനിക്കുക. പ്രസിഡൻറ്/ ചെയർമാൻ കുപ്പായം തയ്പ്പിച്ച് വെച്ച് കാത്തിരിക്കുന്നവർക്ക് മോഹഭംഗം ഉണ്ടാക്കുന്നതായിരിക്കും ചിലപ്പോൾ ഈ പ്രഖ്യാപനം. സംവരണമാണെന്നറിഞ്ഞാൽ പലരും മത്സരത്തിൽനിന്ന് പിന്മാറും. പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കും അധ്യക്ഷ സ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുന്ന മുന്നണിയിലെ വിജയികളുടെ കൂട്ടത്തിൽ ചിലപ്പോൾ ഈ വിഭാഗത്തിൽപ്പെട്ടവരുണ്ടാവണമെന്നില്ല. പ്രതിപക്ഷ അംഗം തൽക്കാലത്തേക്ക് പ്രസിഡൻറോ ചെയർമാനോ ആയി സത്യപ്രതിജ്ഞ ചെയ്യുന്ന 'തമാശ'യും തെരഞ്ഞെടുപ്പിന് ശേഷം ഇവിടങ്ങളിൽ കാണാം. പിന്നീട് ജനറൽ സീറ്റിൽ നിന്നൊരാളെ രാജിവെപ്പിച്ച് സംവരണ വിഭാഗത്തിലുള്ളയാളെ ഉപതെരഞ്ഞെടുപ്പിൽ നിർത്തി ജയിപ്പിച്ച് അധ്യക്ഷ സ്ഥാനത്തെത്തിക്കുകയാണ് മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.