ടി.വി. തോമസിെൻറ 'കൈയ്യൊപ്പു'കൾ തോമസ് ഐസക്ക് തേൻറതാക്കുേമ്പാൾ
text_fieldsവിപ്ലവത്തിെൻറ ഈറ്റില്ലമാണ് ആലപ്പുഴ. പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ വീരഭൂമി. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം ധീര സഖാക്കൾക്ക് ജന്മം നൽകിയ മണ്ണ്. വിട്ടുവീഴ്ചയും സന്ധിചെയ്യലും നിഘണ്ഡുവിൽ ഇല്ലാത്ത നേതാക്കളും അണികളും ആലപ്പുഴയുടെ എടുത്ത് പറയാവുന്ന തനിമകളിൽ എന്നും മുന്നിലുണ്ടാവും. ഏത് മുതിർന്ന നേതാവിനേയും സഖാവ് എന്ന് വിളിക്കാനുള്ള ദൃഢചിത്തതയും ധൈര്യവുമാർന്ന നിലപാട് ഒന്ന് വേറെ. കൂടി വന്നാൽ പേരിനൊപ്പമുള്ള ഇനിഷ്യൽ ചേർത്ത് സംബോധന ചെയ്യും.
എന്നിരുന്നാലും അപവാദമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒന്ന് തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ച ആർ. സുഗതൻ മാത്രം. ശ്രീധരൻ എന്നായിരുന്നു പേരെങ്കിലും പിന്നീട് ബുദ്ധമതത്തിൽ ആകൃഷ്ടനായ അദ്ദേഹം ബുദ്ധെൻറ പേരുകളിലൊന്നായ സുഗതനെ സ്വീകരിക്കുകയായിരുന്നു. അണികളും സഹപ്രവർത്തകരും അദ്ദേഹത്തെ ബഹുമാനപൂർവ്വം സുഗതൻ സാർ എന്ന് മാത്രമെ വിളിച്ചിരുന്നുള്ളൂ. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നേതാക്കളായ കെ.ആർ. ഗൗരിയമ്മയും വി.എസ്. അച്യുതാനന്ദനും ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സുഗതൻ സാർ എന്ന് മാത്രമെ പറയൂ. സുഗതൻ സാറിന് ശേഷം ഈ സംബോധനക്ക് അർഹരായ രണ്ടേ രണ്ട് പേർ മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടികളിലുള്ളൂ. മന്ത്രിമാരായ ജി. സുധാകരനും ഡോ. തോമസ് ഐസക്കും. ഇരുവരേയും എല്ലാവരും സാർ ചേർത്ത് മാത്രമെ വിളിക്കാറുള്ളൂ. അധ്യാപകനായിരുന്ന തോമസ് ഐസക്കിനെ പഴയ വിദ്യാർഥികളും അഭിഭാഷകനായിരുന്ന ജി. സുധാകരനെ പഴയ കക്ഷികളുമൊക്കെ അങ്ങനെ വിളിക്കുന്നതിൽ അനൗചിത്യമൊന്നുമില്ല താനും.
ആലപ്പുഴയുടെ വികസന സങ്കൽപ്പങ്ങൾക്ക് വിത്ത് പാകുകയും അത് വളർന്ന് പന്തലിച്ച് നല്ലൊരളവിൽ പുഷ്പിക്കാൻ അവസരമൊരുക്കുകയും ചെയ്ത സഖാവ് ടി.വി. തോമസിനെ ഭാര്യ ഗൗരിയമ്മ വരെ വിളിച്ചിരുന്നത് ടി.വി എന്നാണ്. സംസ്ഥാനത്തെ പ്രഥമ വ്യവസായ മന്ത്രിയായ ടി.വി. തോമസിെൻറ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കേരളത്തിെൻറ പ്രത്യേകിച്ചും ആലപ്പുഴയുടെ വ്യാവസായിക പുരോഗതിയിൽ വരുത്തിയ മാറ്റങ്ങൾ അളവറ്റതാണ്. പൊതുമേഖലയിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ സൃഷ്ടിപരമായ സംഭാവന നൽകിയ, ആരോഗ്യ വകുപ്പിെൻറ അടുക്കളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കലവൂരിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസും എസ്.എൽ.പുരത്തെ ഓട്ടോ കാസ്റ്റും പുന്നപ്രയിലെ സ്കൂട്ടേഴ്സ് കേരളയും സ്വകാര്യ മേഖലയിൽ എക്സൽ ഗ്ലാസ് ഫാക്ടറിയും കേരള സ്പിന്നേഴ്സുമൊക്കെ ടി.വി. തോമസ് തുടക്കമിട്ട വ്യവസായ സംരഭങ്ങളിൽ ചിലതാണ്.
കുട്ടിയുടുപ്പ് പോലും ഉണ്ടാക്കാനാകാതെ സ്വപ്നത്തിലെ അപ്പാരൽ പാർക്ക്
ബിർളയുടെ ഉടമസ്ഥതയിലായിരുന്ന കേരള സ്പിന്നേഴ്സ് പതിറ്റാണ്ട് മുമ്പ് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷെൻറ കീഴിൽ സർക്കാർ ഏറ്റെടുക്കുക വഴി കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽസായി മാറി. ഇടത് മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയ നടപടി പ്രാവർത്തികമായത് ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന കാലത്താണ്. ശമ്പളം കൃത്യമല്ലാത്തതിനാൽ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. മില്ലിലെ തൊഴിലാളികൾ പറയുന്നത് ഇങ്ങനെ-കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഐസക്ക് സാർ പറഞ്ഞത് എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നും 2016ലെ ഓണത്തിന് 500 പേർക്ക് തൊഴിലും റോഡിന് പടിഞ്ഞാറെ കാടുപിടിച്ച് കിടക്കുന്ന ഭൂമിയിൽ അപ്പാരൽ പാർക്കും വരുമെന്നാണ്. ഇവിടത്തെ റെഡിമെയ്ഡ് ഗാർമെൻറ് യൂണിറ്റിൽ വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ ഉൽപ്പാദിപ്പിക്കുമെന്ന് വീരവാദം പറഞ്ഞിട്ട് ഒരു കുഞ്ഞുടുപ്പ് പോലും ഉണ്ടാക്കാനായില്ല.'
2016-17 ബജറ്റിൽ കോമളപുരം മില്ലിന് 13 കോടി അനുവദിെച്ചങ്കിലും ഒരു രൂപ പോലും നൽകാതെ '18-'19 ലെ ബജറ്റിലും ഇതേ തട്ടിപ്പ് ആവർത്തിക്കുകയായിരുന്നു. അന്നും ഒരു ഗുണവുമില്ലാതെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവതരണത്തിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല. 2018 ഏപ്രിൽ നാലിലെ മന്ത്രിതല യോഗത്തിൽ ഓട്ടോ കോൺമിഷ്യൻ വാങ്ങാൻ 3 കോടി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിെച്ചങ്കിലും ഒന്നും സംഭവിച്ചില്ല. 5.8 കോടി വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു അനുവദിച്ചു എന്ന് പ്രഖാപിച്ചിട്ട് കമ്പനിക്ക് നാളിതുവരെ കിട്ടിയിട്ടില്ല. സർക്കാർ കാലാവധി പൂർത്തീകരിക്കാനൊരുങ്ങുമ്പോൾ, നാലു ബജറ്റ് അവതരിപ്പിച്ച് കഴിയുമ്പോൾ കോമളപുരം സ്പിന്നിങ് മില്ലിന് നൽകുമെന്ന് പറഞ്ഞ 26 കോടി ജലരേഖയായി മാറി. തെരെഞ്ഞെടുപ്പ് പടിവാതിക്കലെത്തിയപ്പോൾ ചില നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ജീവനക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന ബദലി നിയമന ഉത്തരവുകൾ ഇന്നോ നാളെയോ ഉണ്ടാകും. 26 കോടി മുതൽമുടക്കുള്ള നിർദിഷ്ട നോൺ വൂവൺ ഫേബ്രിക്ക് യൂണിറ്റിനായി 3.79 കോടി രൂപ കയറിയത് നേട്ടമായി തൊഴിലാളികൾ കരുതുന്നു. ബാക്കി തുകക്കുള്ള ഡീറ്റയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.
എക്സൽ ഗ്ലാസ് പൊട്ടിത്തകർന്ന ചില്ല് ഭരണി
ചേർത്തല താലൂക്കിൽ സമൃദ്ധമായി ഉണ്ടായിരുന്ന സിലിക്കാ മണൽ ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന വ്യവസായ മന്ത്രി ടി.വി. തോമസിെൻറ വാക്കിെൻറ പുറത്താണ് പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോ പാതിരപ്പള്ളിയിൽ എക്സൽ ഗ്ലാസ് ഫാക്ടറി തുടങ്ങിയത്. പൊതുജനങ്ങളിൽ നിന്നും ഷെയർ വാങ്ങിയെങ്കിലും ബോക്സ് ഓഫിസ് ഹിറ്റായ 'ആരോമലുണ്ണി'യുടെ (1972) ലാഭത്തിൽ നിന്നാണ് ഗ്ലാസ് ഫാക്ടറി ആരംഭിച്ചതെന്നായിരുന്നു കരക്കമ്പി. കുഞ്ചാക്കോയുടെ പ്രശസ്തമായ ഉദയാ സ്റ്റുഡിയോയോട് ചേർന്നാണ് കമ്പനി. തനിക്കും ടി.വി. തോമസിനും എക്സൽ ഗ്ലാസ് കമ്പനിയിൽ ഷെയറുകൾ ഉണ്ടെന്ന് ഗൗരിയമ്മ തന്നെ പരസ്യമായി പറയാറുണ്ടായിരുന്നു. മികവ് എന്നാണ് മലയാളത്തിലെ അർഥമെങ്കിലും കമ്പനിയുടെ പ്രവർത്തനം ഒടുവിൽ പൊട്ടിയ ഗ്ലാസ് കണക്കെയായി. മൂന്ന് പതിറ്റാണ്ടിനിടയിൽ മൂന്നുതവണ സ്ഥാപനം അടച്ചുപൂട്ടി. ഓരോ തവണയും സര്‍ക്കാർ, അര്‍ധസര്‍ക്കാർ സാമ്പത്തിക സഹായത്തോടെ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും.
പലരിൽനിന്ന് ഷെയർ സ്വീകരിച്ച് ഒരുകോടിയോളം രൂപ ചെലവഴിച്ച് തുടങ്ങിയ സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ഫാക്ടറി ആദ്യഘട്ടത്തിൽ നല്ല ലാഭത്തിലായിരുന്നു. 2000ന് ശേഷം വൻ നഷ്ടത്തിലേക്ക് നീങ്ങി. 2008ൽ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി. സർക്കാർ മുൻകൈ എടുത്ത് കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത 14.5 കോടിയുടെ വായ്പത്തുക കൊണ്ട് പുനരുദ്ധരിച്ച് 2011ൽ പ്രവർത്തനം ആരംഭിച്ചു. സർക്കാർ സോമാലിയ ഗ്രൂപ്പിന് മാനേജ്മെൻറിെൻറ ചുമതല നൽകി. 73 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരുടൺ മണലിന് വില 1700 രൂപ ആയതോടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ മാനേജ്മെൻറ് തീരുമാനിച്ചു. മണ്ണിെൻറ വില കുറക്കുന്നതിന് സർക്കാരുമായി ചർച്ച നടത്താനായി തൊഴിലാളി സംഘടനകളുടെ അനുമതിയോടെ 30 ദിവസത്തേക്ക് ലേഓഫ് പ്രഖ്യാപിച്ചു. തുടർന്ന് തൊഴിലാളി സംഘടനകൾ അറിയാതെ ഏകപക്ഷീയമായി 2012 ഡിസംബറിൽ മാനേജ്മെൻറ് ലോക്ക്ഔട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഫാക്ടറിക്ക് ദേശീയ പാതയോരത്ത് 18 ഏക്കർ സ്ഥലവും നിരവധി കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ഉണ്ട്. ആലപ്പുഴയിൽ ഗസ്റ്റ് ഹൗസും പള്ളിപ്പുറത്ത് മുന്നേക്കറോളം സ്ഥലവും ആസ്തിയായിട്ടുണ്ട്. പള്ളിപ്പുറത്തെ മണലിൽ പഴയ ചില്ല് പൊടിയും രാസപദാർഥവും ചേർത്ത് ഗുണനിലവാരം ഉള്ള 40 ലോഡ് കുപ്പികളാണ് ഒരു ദിവസം ഇവിടെ നിർമ്മിച്ചിരുന്നത്. കേരളത്തിൽ പുനരുപയോഗത്തിനായി പഴയ കുപ്പികൾ വിലയ്ക്കു വാങ്ങിയിരുന്ന ഏക ഫാക്ടറിയാണിത്. രാജ്യത്തെ പല പ്രമുഖ കമ്പനികളും ഇവിടെ നിന്നാണ് കുപ്പികൾ വാങ്ങിയിരുന്നത്.
'എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും' എന്ന പരസ്യ വാചകത്തിെൻറ ചുവടുപിടിച്ച് 'പൂട്ടിക്കിടക്കുന്ന എക്സൽ ഗ്ലാസ് ഫാക്ടറി തുറക്കും' എന്ന് 2016 മേയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക് സാമൂഹിക മാധ്യമത്തിലെ തെൻറ പേജിൽ ഷെയർ ചെയ്ത വിഡിയോയിൽ നൽകിയ വാഗ്ദാനം ആരും തന്നെ മറന്നിട്ടില്ല-തോമസ് ഐസക് ഒഴിച്ച്... കാടുകയറിയ ഫാക്ടറിയിൽ കെട്ടിക്കിടക്കുന്ന എട്ടുകോടിയുടെ കുപ്പികൾ ഇതിനോടകം ഉപയോഗശൂന്യമായിട്ടുണ്ട്.
മിനിറ്റിൽ 150 കുപ്പി വീതം നിർമിക്കാൻ ശേഷിയുള്ള അഞ്ചു യന്ത്രങ്ങൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ച അവസ്ഥയിലാണ്. പഴയ യന്ത്രങ്ങൾ മാറ്റി അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത സെക്കൻഡ് ഹാൻഡ് യന്ത്രങ്ങൾ ആവശ്യമായ ഭേദഗതികൾ വരുത്തിയായിരുന്നു തൊണ്ണൂറുകകളുടെ മധ്യത്തിൽ ഉത്തരേന്ത്യൻ മുതലാളിമാർ കമ്പനി നടത്തിക്കൊണ്ടു പോയത്. നൂറുകണക്കിനു തൊഴിലാളികള്‍ക്കു നേരിട്ടും പതിനായിരക്കണക്കിന് പേർക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന സ്ഥാപനമായിരുന്നു ഗ്ലാസ്ഫാക്ടറി. കേരളം മുഴുവൻ പഴയ കുപ്പികൾ വാങ്ങാൻ നിരവധി പേരുണ്ടായിരുന്നു. ഇന്ന് വീടുകളിലും ഹോട്ടലുകളിലുമെക്കൊയായി പഴയ കുപ്പികൾ പരിസ്ഥിതിക്ക് ദോഷമായി കിടന്ന് പാഴാകുന്നു. ബുദ്ധിയുള്ള മറ്റ് കമ്പനികൾ സിലിക്ക മണ്ണ് തമിഴ്നാട്ടിലേക്ക് കടത്തുന്നു. കോടിക്കണക്കിനു രൂപ വില മതിക്കുന്ന ആധുനിക യന്ത്രങ്ങളും തുരുമ്പ് കയറിത്തുടങ്ങി.
അവസാനിക്കുന്നില്ല സമരത്തിെൻറ നാളുകൾ
സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ഏറ്റെടുത്ത സ്ഥാപനം ഏറെക്കാലം ലാഭത്തിലായിരുന്നു. വൻതോതിൽ ഉൽപാദനം നടക്കുകയും ചെയ്തിരുന്നു. പഴയ കുപ്പികൾക്കു നല്ല വില നൽകി ഫാക്ടറി വാങ്ങിക്കൂട്ടുകയും ചെയ്തു. പുനരുപയോഗത്തിനായി കുപ്പികൾ വാങ്ങിയിരുന്ന ഫാക്ടറി ഇത്തരത്തിൽ നിരവധി തൊഴിലവസരങ്ങള്‍ക്കും കാരണമായി. 1976 ൽ കുഞ്ചാക്കോയുടെ മരണത്തെ തുടർന്ന് മകനും സിനിമാ നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോയുടെ ചുമതലയിലായി അനന്തരാവകാശിയെന്ന നിലയിൽ എക്സൽ കമ്പനിയുടെ ഉടമസ്ഥാവകാശം. 2004ൽ ബോബനും മരിച്ചു.അദ്ദേഹത്തിെൻറ മകനും യുവനടനുമായ കുഞ്ചക്കോ ബോബൻ കമ്പനി ഏറ്റെടുത്ത് നടത്തുമെന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു. ഉദയാ സ്റ്റുഡിയോയും അദ്ദേഹത്തിെൻറ പ്രത്യേക താൽപര്യത്താൽ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും നടപ്പിലായില്ല.
പിന്നീട് ഗ്ലാസ് ഫാക്ടറി മുംബൈ ആസ്ഥാനമായ സൊമാനി ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും ഗുണപ്രദമായില്ല. ലോക്കൗട്ട് കാലത്ത് ഫർണസ്, റീ ജനറേറ്റർ എന്നിവയ്‌ക്കു കേടുവന്നതിനെ തുടർന്ന് 2008 മുതൽ ഫാക്ടറി പ്രവർത്തിക്കാതായി. മൂന്നര വർഷത്തിനുശേഷം പാതിരപ്പള്ളിയിലെ 16 ഏക്കര്‍ സ്ഥലവും ഫാക്ടറിയും ഈട് വെച്ച് കെ.എസ്.ഐ.ഡി.സിയുടെയും കെ.എഫ്.സിയുടെയും സഹായത്തിൽ 14.5 കോടി രൂപ വായ്‌പ ലഭിച്ചതോടെ ഇവ പുനർനിർമിച്ചു. ഈ കാലയളവിൽ കെ.എസ്.ഇ.ബിക്കു കമ്പനി നൽകേണ്ടിയിരുന്ന 1.93 കോടി രൂപ സർക്കാർ എഴുതിത്തള്ളി. 2011ൽ കമ്പനി പ്രവർത്തനം പുനരാരംഭിെച്ചങ്കിലും 2012 ഡിസംബർ ഒമ്പതിനു വീണ്ടും പൂട്ടുവീണു.
അന്ന് 550 ജീവനക്കാരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. അസംസ്കൃത വസ്തുവായ സിലിക്ക മണല്‍ ലഭ്യമല്ലെന്ന അധികൃതരുടെ വാദം പൊളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ കമ്പനിയെ സോളാര്‍ പാനല്‍ നിര്‍മാണ ഫാക്ടറിയാക്കി മാറ്റാനുള്ള സാധ്യതാപഠനത്തിനു ബജറ്റില്‍ 25 ലക്ഷം നീക്കിവച്ചെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. കമ്പനി അനന്തമായി അടച്ചിടാനുള്ള സൊമാനിയുടെ തന്ത്രം അനുവദിക്കില്ലെന്ന തോമസ് ഐസക്കിെൻറ പ്രഖ്യാപനത്തിനും ആയുസ്സുണ്ടായില്ല. എക്‌സല്‍ ഗ്ലാസ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എക്സൽ ജനകീയ കൂട്ടായ്മയെന്ന പേരിൽ സി.പി.എമ്മുൾപ്പടെയുള്ളവർ സമരരംഗത്തുണ്ട്.
ജീവനക്കാർക്ക് 9 മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസെൻറീവും കുടിശ്ശികയായിരുന്നു. പിന്നീട് 320 ജീവനക്കാരുടെ വിരമിക്കൽ പ്രായം കഴിഞ്ഞു. ശേഷിക്കുന്ന 230 ജീവനക്കാരാണ് നിലവിലുള്ളത്. പിരിഞ്ഞവർക്കും നിലവിലുള്ളവർക്കും യാതൊരു ആനുകുല്യങ്ങളും നൽകിയിട്ടില്ല. കമ്പനി പൂട്ടുന്ന സമയത്തുണ്ടായിരുന്ന 14.5 കോടിയുടെ വായ്പ ഇപ്പോൾ 35 കോടിയായി ഉയർന്നു. നഷ്ടത്തിെൻറ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടത്താനുള്ള നടപടി നിർത്തിവെയ്ക്കാനുള്ള ഹൈകോടതി ഉത്തരവ് മാനേജ്മെൻറിന് തിരിച്ചടിയായി. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പൻസേഷൻ, നിർബന്ധിത പിരിച്ചുവിടൽ അനുകുല്യം, ശമ്പള കുടിശ്ശിക, ബോണസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കണമെന്നാവശ്യപ്പെട്ടു ഫാക്ടറിയിലെ 28 തൊഴിലാളികൾ ചേർന്നു നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
എട്ടു മുതൽ 10 ലക്ഷം വരെ രൂപ പ്രതിദിനം നികുതിയിനത്തിൽ സർക്കാറിന് ലഭിച്ചിരുന്നു. പഴയ കുപ്പികൾ ഉപയോഗിക്കുമ്പോൾ 70 ശതമാനം പുതിയ കുപ്പി ഉത്പാദിപ്പിക്കാൻ കഴിയും. ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിക്കും. 10 ടൺ കുപ്പിച്ചില്ല് ഒരുദിവസം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കാനാകും. ഉത്പാദിപ്പിക്കുന്ന കുപ്പികൾ സർക്കാർ മദ്യശാലകൾക്കായി എടുത്താലും വലിയ ലാഭത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് തൊഴിലാളികൾ പറയുന്നു. സെപ്തംബർ നാലിന് കമ്പനിക്ക് മുന്നിൽ എക്സൽ ഗ്ലാസസ് എപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ തുടങ്ങിയ സമരത്തിന് യൂനിയൻ പ്രസിഡൻറ് എ. ശിവരാജനും ജനറൽ സെക്രട്ടറി ടി.ജെ. ആഞ്ചലോസും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി. മോഹൻദാസും നേതൃത്വം നൽകുന്നുണ്ട്.
തോമസ് മുതൽ തോമസ് വരെ
ചുരുക്കത്തിൽ ടി.വി. തോമസ് വിശാലമായ ലക്ഷ്യത്തോടെ കൊണ്ടുവന്ന വ്യവസായശാലകളുടെ കടക്കൽ കത്തി വെക്കുകയാണ് തോമസ് ഐസക് ചെയ്യുന്നതെന്ന നിലപാടിലാണ് ഇടത് മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സി.പി.ഐയും തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും. സ്കൂട്ടേഴ്സ് കേരള പിന്നീട് ആശുപത്രി കട്ടിലും സ്ട്രക്ച്ചറും ഇരുമ്പ് അലമാരയും മറ്റും നിർമിക്കുന്ന ഫാക്ടറിയാക്കി ശേഷം 2007ൽ സഹകരണ എൻജിനീയറിങ്ങ് കോളജായി മാറി. മലയാളികൾക്ക് ഗൃഹാതുരത സമ്മാനിക്കുന്ന വിജയ് സൂപ്പർ സ്കൂട്ടറുകളാണ് സ്കൂട്ടേഴ്സ് കേരളയിൽ നിന്നും ഒരുകാലത്ത് പുറത്ത് വന്നു കൊണ്ടിരുന്നത്. അതിനെ ഇരുമ്പ് ഫർണിച്ചർ ഫാക്ടറിയാക്കിയപ്പോളും പിന്നീട്് കേപ്പിെൻറ കീഴിലെ എൻജിനീയറിങ്ങ് കോളജാക്കിയപ്പോളും ടി.വി. തോമസിനോടുള്ള അവഹേളനമാണെന്ന് പ്രതികരിച്ച് സി.പി.ഐയും എ.ഐ.ടി.യു.സി രംഗത്ത് വന്നിരുന്നു. ഫലത്തിൽ നിലവിലെ സ്ഥിതിഗതികൾ പലപ്പോഴും സി.പി.എം-സി.പി.ഐ പോരിലേക്ക് വഴി തെളിച്ചിട്ടുണ്ട്.
'മണ്ഡലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും തെൻറ കൈയ്യൊപ്പ് പതിയണമെന്ന് നിർബന്ധമുള്ള പോലെയാണ് ഡോ. തോമസ് ഐസക്കിെൻറ പ്രവർത്തനങ്ങൾ. അങ്ങനെ കാര്യങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ യാതൊരു തെറ്റുമില്ല. ആ ലക്ഷ്യത്തോടെ സർഗാത്മകമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് പകരം കാൽപ്പനികമായ കാര്യങ്ങൾ പ്രസംഗിച്ച് കോടികളുടെ കണക്കുകൾ പറഞ്ഞ് പേരിന് പോലും വികസനം നടത്താതെ മുന്നണിക്ക് ചീത്തപ്പേര് വരുത്തിവെക്കുകയാണ് അദ്ദേഹമെന്ന് പറയാതെ വയ്യ'- എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി. മോഹൻദാസ് പറയുന്നു.
സ്വന്തം മണ്ഡലത്തിൽപ്പെടുന്ന പ്രമുഖമായ രണ്ട് വ്യവസായശാലകളുടെ കാര്യത്തിൽ അത്തരമൊരു ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുവാൻ ധനമന്ത്രി കൂടിയായ തോമസ് ഐസക്കിന് കഴിയേണ്ടതായിരുന്നു. വാസ്തവത്തിൽ ചെറുവിരൽ അനക്കാൻപോലും അദ്ദേഹം തയ്യാറായില്ലെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അവിടം കൊണ്ട് പ്രശ്നം തീരുന്നില്ല. ടി.വി. തോമസിെൻറ കൈയ്യൊപ്പ് പതിഞ്ഞ വ്യവസായ പദ്ധതികളെ മാറ്റി മറിക്കുകയോ അല്ലെങ്കിൽ അട്ടിമറിക്കുകയോ ചെയ്യുകയാണ് മന്ത്രി. പകരം അവ തനിക്കാക്കി വെടക്കാക്കുക വഴി തെൻറ കൈയ്യൊപ്പ് ഏതെങ്കിലും വിധത്തിൽ ചാർത്താനാകുമോയെന്നതിൽ മാത്രമാണ് മന്ത്രി നിലവിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. സ്വന്തം കൈയ്യൊപ്പ് ചേർക്കാനുള്ള ഈ അനാവശ്യ വ്യഗ്രതയിൽ ടി.വിയുടെ കൈയ്യൊപ്പുകൾ മാഞ്ഞ് പോകുന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. കാലം ഒരിക്കലും അതിന് മാപ്പ് തരുകയില്ല. ആലപ്പുഴയുടെ പിൽക്കാല ചരിത്രം അത് രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിൽ നിന്ന് രക്ഷപ്പെടാൻ തോമസ് ഐസക്കിന് മുന്നിലുള്ള ഏക മാർഗം ചുരുങ്ങിയത് എക്സൽ ഗ്ലാസ്-കോമളപുരം സ്പിന്നിങ് മിൽ വിഷയത്തിൽ പറഞ്ഞ വാക്ക് പാലിക്കുക മാത്രമാണെന്നും വി. മോഹൻദാസ് കൂട്ടിച്ചേർത്തു.
ഓൺലൈൻ കാമ്പയിൻ ഉദ്ഘാടനം ചെയ്ത എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി രാജേന്ദ്രൻ സ്വകാര്യ മുതലാളിമാർ വഞ്ചനാപരമായ നീക്കം നടത്തിയ ഘട്ടങ്ങളിലെല്ലാം ഇതിന് മുമ്പും സർക്കാർ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. സർക്കാറിനേയും തൊഴിലാളികളേയും ധനകാര്യ സ്ഥാപങ്ങളേയും കബളിപ്പിച്ച് വീണ്ടും ലാഭം നേടുവാനുള്ള മാനേജ്മെൻറ് നീക്കം അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.