ഈ ഉമ്മയുടെ ത്യാഗം മറന്നെന്ത് സ്വാതന്ത്ര്യം?
text_fieldsഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിന് ജീവൻപകർന്നത് നമ്മളിന്ന് കാണുന്ന പോസ്റ്റർ മുഖങ്ങൾ മാത്രമല്ല, വെട്ടിമാറ്റപ്പെട്ടവരും ചരിത്ര-പാഠപുസ്തകങ്ങളിൽ ഒരിക്കലും ഇടംകിട്ടാതെ പോയവരുമായ അനേക നായികാനായകന്മാരും ഈ സമരത്തിെൻറ ജീവനാഡികളായിരുന്നു. അവരിൽ എടുത്തുപറയപ്പെടേണ്ട മഹാജീവിതമായ അബാദി ബാനോ ബേഗം എന്ന ബീ അമന്റെ 97ാം ചരമവാർഷികം ഇക്കഴിഞ്ഞ 13ന് പതിവുപോലെ ആരുമറിയാതെ കടന്നുപോയി.
1850ൽ ജനിച്ച അവരുടെ കുടുംബത്തിന് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് വലിയ നഷ്ടങ്ങളും പീഡനങ്ങളും സഹിക്കേണ്ടിവന്നു. വിവാഹംചെയ്ത അബ്ദുൽ അലി ഖാൻ എന്ന റാംപൂരുകാരനായ ബ്രിട്ടീഷ് സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ കോളറ ബാധിച്ച് മരിക്കുമ്പോൾ ആ ഉമ്മക്ക് മുന്നിൽ പറക്കമുറ്റാത്ത ആറു കുഞ്ഞുങ്ങളും കടുത്ത അനിശ്ചിതത്വവും മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞുങ്ങൾക്കുള്ള ആഹാരവും വസ്ത്രങ്ങളും കണ്ടെത്താൻ അവർ അനുഭവിച്ച യാതനകളെപ്പറ്റി രാജ്മോഹൻ ഗാന്ധി 'Eight Lives: A Study of the Hindu- Muslim Encounter' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഭക്ഷണത്തിനുപോലും വകയില്ലാത്തപ്പോൾ മക്കളെ സ്കൂളിൽ അയക്കുന്നത് ആർഭാടവും അഹങ്കാരവുമാണെന്ന് കുടുംബാംഗങ്ങൾപോലും കുറ്റപ്പെടുത്തി. പട്ടിണികിടന്നാണെങ്കിലും മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാൻ ആ അമ്മ തീരുമാനിച്ചു. മക്കളെ ഇംഗ്ലീഷ് സ്കൂളിൽ അയക്കാൻ തീരുമാനിച്ച് സഹോദരനോട് സഹായം അഭ്യർഥിച്ചു. എന്നാൽ, ബ്രിട്ടീഷുകാരുടെ ഭാഷ പഠിപ്പിക്കുന്നത് അനിസ്ലാമികമാണ് എന്നായിരുന്നു സഹോദരെൻറ നിലപാട്. സ്വന്തം ആഭരണങ്ങൾ മുഴുവൻ വിറ്റ് അവർ മക്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകി. പഠിക്കാൻ ഏറ്റവും മിടുക്കരായിരുന്ന മുഹമ്മദ് ആലിയെ ഓക്സ്ഫഡിലും ഷൗക്കത്ത് ആലിയെ അലീഗഢിലും അയച്ച് പഠിപ്പിച്ചു.
പഠനം കഴിഞ്ഞെത്തിയ മക്കൾ രണ്ടാളും സമരമാർഗത്തിലേക്ക് ഇറങ്ങുകയും മുഹമ്മദ് ആലി ഓൾ ഇന്ത്യ മുസ്ലിം ലീഗിെൻറ സ്ഥാപകരിൽ ഒരാളായി മാറുകയും ചെയ്തു. മക്കളെ ബീ അമൻ പ്രത്യേകം ഓർമിപ്പിച്ചത് ഇന്ത്യക്കാരുടെ ശത്രുക്കൾ ബ്രിട്ടീഷുകാരല്ല, അവരുടെ രാഷ്ട്രീയാധിപത്യം മാത്രമാണ് എന്നായിരുന്നു. അതിനാൽതന്നെ വിദേശാധിപത്യത്തെ കായികമായല്ല ആശയപരമായി നേരിടാനാവണം ശ്രമിക്കേണ്ടത് എന്നും മക്കളെ ഓർമിപ്പിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിെൻറ അമരക്കാരായി മൗലാന മുഹമ്മദാലിയും മൗലാന ഷൗക്കത്താലിയും മഹാത്മജിയുടെ ഇടംവലം നിന്നു. ചുറുചുറുക്കും ദേശസ്നേഹവും കൈമുതലായ ആലിസഹോദരന്മാരെ വളർത്തിയ ഉമ്മയെ സമരരംഗത്തേക്ക് ഗാന്ധിജി നേരിട്ട് ക്ഷണിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ഇന്ത്യക്കാരെ ഒറ്റച്ചരടിൽ കോർക്കുക എന്ന സങ്കൽപം പൂർണമാവാൻ സ്ത്രീകൾ വൻതോതിൽ സമരമുഖത്ത് അണിനിരക്കേണ്ടതുണ്ടെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു.
ഗാന്ധിയോട് അനിതര സാധാരണമായ ആദരവ് കാത്തുസൂക്ഷിച്ച അവർ തികഞ്ഞ ഗാന്ധിയൻമാർഗം സ്വജീവിതത്തിലും പകർത്തി. രാജ്യസ്വാതന്ത്ര്യത്തിനും പുരോഗതിക്കുമുള്ള ഒറ്റമൂലിയായി ഗാന്ധി പ്രചരിപ്പിച്ച ഹിന്ദു-മുസ്ലിം മൈത്രി എന്ന സന്ദേശം പൂർണമായ അർഥത്തിൽ ഉൾക്കൊണ്ടു. 'അമ്മീജാൻ' എന്ന് ബീഅമനെ വിളിച്ചിരുന്ന ഗാന്ധിയാവട്ടെ സ്വന്തം അമ്മയുടെ സ്ഥാനത്താണ് അവരെ പ്രതിഷ്ഠിച്ചത്. ബീഅമൻ ബുർഖാധാരിണിയായിരുന്നു എന്നത് കോൺഗ്രസിലെ ചിലരിലും യാഥാസ്ഥിതിക ഇസ്ലാമിെൻറ വക്താക്കളിലും ഒരേപോലെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ബുർഖ അഴിച്ചുവെച്ച് സമരമുഖത്തിറങ്ങട്ടെ എന്ന ആശയം ഉയർന്നെങ്കിലും ഗാന്ധിജി അതിനെ ശക്തിയായി എതിർക്കുകയായിരുന്നു. ഇന്ത്യക്കാർ തങ്ങളുടേതായ വസ്ത്രധാരണ രീതിയിൽ തന്നെ സമരത്തിൽ പങ്കെടുക്കണം എന്ന ഗാന്ധിജിയുടെ നിർദേശത്തോടെ ബുർഖ ധരിച്ചുകൊണ്ട് ആനി ബസൻറ് നേതൃത്വം നൽകിയ ഹോം റൂൾ പ്രസ്ഥാനത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങി. വാർധക്യത്തിെൻറ വിറയാർന്നതെങ്കിലും ലക്ഷ്യബോധത്തിെൻറ ഉറപ്പുള്ള ശബ്ദത്തിൽ അവർ സ്ത്രീസമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. ഗ്രാമങ്ങൾ തോറും കയറിയിറങ്ങി വിദേശവസ്ത്രങ്ങൾക്കെതിരായ സമരങ്ങളെ മുന്നിൽനിന്ന് നയിച്ചു. ബാല ഗംഗാധര തിലകൻ സ്ഥാപിച്ച തിലക് സ്വരാജ് ഫണ്ടിലേക്ക് പണം സമാഹരിക്കാൻ അവർ നിരവധി വനിതയോഗങ്ങളിൽ സംസാരിച്ചു. ബീഗം ഹസ്രത് മൊഹാനി, സരളാദേവി ചോദ്രാണി, ബസന്തി ദേവി, സരോജിനി നായിഡു എന്നിവരായിരുന്നു സന്തതസഹചാരികൾ.
ഖിലാഫത്ത് സമരം കോൺഗ്രസ് ഏറ്റെടുത്തതോടെ ഗാന്ധിജിയും ആലി സഹോദരന്മാരും ജയിലിലായി. അതോടെ ബീയമ്മ ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ മുൻനിര പോരാളിയായി മാറി. തെൻറ രാജ്യത്തെ പട്ടിയും പൂച്ചയും പോലും ബ്രിട്ടീഷുകാരുടെ അധീനതയിൽ കഴിയേണ്ടവരല്ല എന്ന അവരുടെ പ്രസംഗം കേട്ട് വെറി പൂണ്ട ബ്രിട്ടീഷ് അധികാരികൾ 'അപകടകാരികളുടെ' ലിസ്റ്റിൽ പെടുത്തി ആ വൃദ്ധയെ വേട്ടയാടി. ജയിലിൽ അടക്കപ്പെട്ട ബീഅമന് മുന്നിൽ പൊലീസ് ഒരുപാധി വെച്ചു. മക്കളോട് ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടണം എന്നതായിരുന്നു അത്. അതിനോടുള്ള ആ എഴുപതുകാരിയുടെ പ്രതികരണം ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടതാണ്. ''ഇന്ത്യൻജനതയെ അടിമയാക്കിവെച്ചിരിക്കുന്ന സർക്കാറിെൻറ ആവശ്യം അനുസരിക്കാൻ എെൻറ മക്കൾ തയാറായാൽ അവരുടെ കഴുത്ത് ഞെരിച്ചുകൊല്ലാൻ ദൈവം വൃദ്ധയായ ഈ അമ്മയുടെ കൈകൾക്ക് ശക്തി നൽകട്ടെ'' എന്നായിരുന്നു മറുപടി.
വധശിക്ഷയാണ് ബ്രിട്ടീഷ് സർക്കാർ തെൻറ മക്കൾക്ക് വിധിക്കുന്നത് എങ്കിൽ തൂക്കുമരത്തിലേറുമ്പോൾ മനസ്സിൽ അല്ലാഹുവിെൻറയും നാവിൽ ഹിന്ദുസ്ഥാെൻറയും നാമങ്ങൾ കരുതാനും അവർ നിർദേശിച്ചു. ഇന്ന് പ്രസക്തിയും പരിശുദ്ധിയും നഷ്ടപ്പെട്ട് പ്രകടനപരതയുടെയും പ്രഹസനത്തിെൻറയും പര്യായമായി മാറിക്കഴിഞ്ഞ ഗാന്ധിത്തൊപ്പി ബീഅമന്റെ കണ്ടെത്തലായിരുന്നു എന്ന് എത്രപേർക്കറിയാം? സ്വന്തം കൈകൾകൊണ്ട് ഖദറിൽ പ്രത്യേകരീതിയിൽ തുന്നിയെടുത്ത തൊപ്പി വാത്സല്യപൂർവം മഹാത്മാഗാന്ധിയുടെ ശിരസ്സിൽ ആദ്യമായി അണിയിച്ചത് ഈ ഉമ്മയായിരുന്നു.
വാർധക്യത്തിലും വിശ്രമമില്ലാതെ ക്ലേശകരമായ ജയിൽവാസങ്ങളും ഗാന്ധിയൻ സമരമുറയുടെ ഭാഗമായ നിരാഹാര സമരങ്ങളും ഉമ്മയുടെ ആരോഗ്യത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്വാതന്ത്ര്യസമരമുഖത്തെ ഉജ്ജ്വല നക്ഷത്രമായി തിളങ്ങിയ അവർ 1924 നവംബർ 13ന് 75ാം വയസ്സിൽ അന്തരിച്ചു. സ്വതന്ത്രഭാരതത്തിലെ പാഠ്യപദ്ധതിയിൽപോലും ആ പോരാളിയുടെ സ്മരണകൾ ഇടംകാണാതെപോയതിലുള്ള ദുഃഖവും അമർഷവും കുൽദീപ് നയാർ രേഖപ്പെടുത്തുകയുണ്ടായി. ബീഅമനും ആലിസഹോദരന്മാരും മഹാത്മാഗാന്ധിയുമായുള്ള ബന്ധത്തിെൻറ ഉൾപ്പിരിവുകളെയും വൈകാരികതയെയും കുറിച്ച് പ്രതിപാദിക്കുന്ന രഖഹാരി ചാറ്റർജിയുടെ Gandhi and the Ali Brothers: Biography of a Friendship എന്ന പുസ്തകം മതത്തിെൻറ പേരിൽ പരസ്പരം ശത്രുക്കളായി കാണുന്ന ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ടതാണ്.
സ്വാതന്ത്ര്യസമര േപാരാളികളെ വെട്ടിമാറ്റാനും ചിത്രവധം ചെയ്യാനും ഔത്സുക്യം കാണിക്കുന്നവർ ഒന്നോർക്കുന്നത് നന്ന്: നിങ്ങളിന്നാഘോഷിക്കുന്ന സ്വാതന്ത്ര്യം ആയിരക്കണക്കിന് ത്യാഗികൾ ജീവൻനൽകി നേടിയെടുത്തതാണ്. അവർ നൽകിയ ദാനമാണ് നിങ്ങളീ ധൂർത്തടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.